Sub Lead

പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിനെക്കുറിച്ച് അറിയില്ല; ബഫര്‍ സോണില്‍ രണ്ടാംനില പണിയാന്‍ അനുമതി വേണ്ടെന്ന് കെ റെയില്‍

പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിനെക്കുറിച്ച് അറിയില്ല; ബഫര്‍ സോണില്‍ രണ്ടാംനില പണിയാന്‍ അനുമതി വേണ്ടെന്ന് കെ റെയില്‍
X

കോട്ടയം: പനച്ചിക്കാട് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ബഫര്‍ സോണില്‍ ഉള്‍പ്പെട്ട നിലവിലുള്ള വീടിന്റെ രണ്ടാംനില പണിയാന്‍ അനുമതി വേണ്ടെന്ന് കെ റെയില്‍ വൃത്തങ്ങള്‍ അറിയിച്ചു. വീടിന്റെ രണ്ടാം നില പണിയുന്നതിന് കെ റെയിലിന്റെ അനുമതി വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് നല്‍കിയ വിഷയം മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് കെ റെയില്‍ എംഡിയുടെ അനുമതി ആവശ്യമില്ലെന്ന് കമ്പനി അറിയിച്ചത്. പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിനെക്കുറിച്ച് അറിയില്ല. സാമൂഹികാഘാത പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂമി കെ റെയില്‍ ഏറ്റെടുത്തിട്ടില്ല. ഈ ഘട്ടത്തില്‍ വസ്തു കൈമാറ്റം ചെയ്യാനോ, കെട്ടിടനിര്‍മാണത്തിനോ, വസ്തു പണയംവയ്ക്കുന്നതിനോ തടസ്സമില്ലെന്നും കെ റെയില്‍ വൃത്തങ്ങള്‍ അറിയിച്ചു.

കോട്ടയം പനച്ചിക്കാട് സ്വദേശികളായ ജിമ്മിയും സോനുവും ഡിസംബറിലാണ് വീടിന്റെ മുകളിലത്തെ നില പണിയാന്‍ പഞ്ചായത്തിനോട് അനുമതി തേടിയത്. എന്നാല്‍, വീട് ബഫര്‍ സോണ്‍ പരിധിയിലായതിനാല്‍ എന്‍ഒസി കെ റെയില്‍ നല്‍കണമെന്ന് സെക്രട്ടറി പറഞ്ഞതാണ് വിവാദമായത്. കെ റെയില്‍ സ്‌പെഷ്യല്‍ ഓഫിസറുടെ അനുമതി വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പട്ടത്. കെ റെയിലിനായി തഹസില്‍ദാര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ കത്തിന്റെ പകര്‍പ്പും പുറത്തുവന്നിരുന്നു. ഇത് വാര്‍ത്തയായതോടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ കൈമാറ്റത്തിനോ കെട്ടിട നിര്‍മാണത്തിനോ അനുമതി ആവശ്യമില്ലെന്ന് കെ റെയില്‍ വ്യക്തമാക്കി.

കെ റെയിലിന്റെ വിശദീകരണം വന്നതോടെ അനുമതി നല്‍കിയതായി പഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചു. ആശയക്കുഴപ്പം സൃഷ്ടിച്ചത് സര്‍ക്കാര്‍ ഉത്തരവെന്ന് പഞ്ചായത്ത് സെക്രട്ടറി എന്‍ അരുണ്‍കുമാര്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ സര്‍വേ സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിരുന്നു. പദ്ധതി പ്രഖ്യാപനം വന്നതിന് ശേഷം വന്ന ആദ്യ അപേക്ഷ ആയതിനാലാണ് എന്‍ഒസി ആവശ്യപ്പെട്ടത്. ഇപ്പോള്‍ ആശയ കുഴപ്പം മാറിയെന്നും സെക്രട്ടറി പറഞ്ഞു. ഇക്കാര്യത്തില്‍ തഹസില്‍ദാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. അനുമതി നല്‍കാന്‍ താമസിച്ചത് ഇക്കാരണത്താലാണെന്നും പഞ്ചായത്ത് സെക്രട്ടറി പ്രതികരിച്ചു. തുടര്‍ന്ന് ജിമ്മി പഞ്ചായത്ത് ഓഫിസിലെത്തി എന്‍ഒസി കൈപ്പറ്റി.

Next Story

RELATED STORIES

Share it