Sub Lead

ഒക്ടോബര്‍ 9 സഹകരണ മേഖല സംരക്ഷണ ദിനമായി ആചരിക്കും: എസ് ഡിപിഐ

ഒക്ടോബര്‍ 9 സഹകരണ മേഖല സംരക്ഷണ ദിനമായി ആചരിക്കും: എസ് ഡിപിഐ
X

തിരുവനന്തപുരം: ഒക്ടോബര്‍ 09 തിങ്കളാഴ്ച സഹകരണ മേഖലാ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍. സഹകരണ മേഖല മാഫിയ മുക്തമാക്കുക, നിക്ഷേപ സുരക്ഷ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പാര്‍ട്ടി സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സഹകരണ മേഖലയുടെ പങ്ക് വലുതാണ്. സാധാരണക്കാരുടെ ആശ്രയമായിരുന്ന സഹകരണ മേഖല ഇന്ന് അഴിമതിയുടെയും കൊള്ളയുടെയും ഒളിത്താവളമായി മാറിയിരിക്കുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ 2022ലെ കണക്കുകള്‍ പ്രകാരം ആകെയുള്ള 1581 സഹകരണ ബാങ്കുകളില്‍ 787 ബാങ്കുകളുടെ നഷ്ടം 3682 കോടി രൂപയാണ്.

സ്വത്ത് ഈടുവച്ച് വായ്പയെടുത്ത അതേ സ്വത്ത് പല പേരുകളില്‍ പണയംവച്ചു പുതിയ പുതിയ വായ്പകള്‍ സ്ഥലമുടമയറിയാതെ എടുക്കുന്നു. വായ്പത്തട്ടിപ്പ്, സോഫ്റ്റ്‌വെയര്‍ തട്ടിപ്പ്, ബിനാമി പേരില്‍ തട്ടിപ്പ്, കള്ളപ്പണ തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, നിക്ഷേപത്തട്ടിപ്പ്, സൂപര്‍മാര്‍ക്കറ്റ് പേരില്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെയാണ് കോടികളുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. കരുവന്നൂര്‍ ബാങ്കില്‍ മാത്രം സഹകരണ വകുപ്പ് കണ്ടെത്തിയത് 300 കോടിയുടെ തട്ടിപ്പായിരുന്നു. ക്രൈംബ്രാഞ്ച് 117 കോടി കണക്കാക്കിയപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച സഹകരണ ഉന്നതസമിതി കണ്ടെത്തിയത് 125 കോടിയും ഇഡി കണക്കാക്കിയത് 500 കോടിയുമാണ്. മലപ്പുറം, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളിലെ സഹകരണ ബാങ്കുകളില്‍ കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. സഹകരണ മേഖലയില്‍ കടന്നു കയറാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബിജെപിക്ക് അവസരമൊരുക്കിക്കൊടുക്കുകയാണ് ഇടതുവലതു മുന്നണികള്‍. സഹകരണ മേഖലയിലെ തട്ടിപ്പുകളില്‍ ഇടതും വലതും മുന്നണികള്‍ ഒരേ തൂവല്‍ പക്ഷികളാണ്. ജനലക്ഷങ്ങളുടെ ആശ്രയ കേന്ദ്രമായ സഹകരണ മേഖലയെ തകര്‍ക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയം പര്യാപ്തതയെ തകര്‍ക്കുമെന്നും അജ്മല്‍ ഇസ്മാഈല്‍ വ്യക്തമാക്കി.


Next Story

RELATED STORIES

Share it