Sub Lead

ഒളിമ്പ്യന്‍ അബ്ദുല്ല അബൂബക്കര്‍ കേരളത്തിലെ മികച്ച കായികതാരം

ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഒളിമ്പ്യന്‍ അബ്ദുല്ല അബൂബക്കര്‍ കേരളത്തിലെ മികച്ച കായികതാരം
X

കണ്ണൂര്‍: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 36ാമത് ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ട്രിപ്പിള്‍ ജമ്പ് താരം ഒളിമ്പ്യന്‍ അബ്ദുല്ല അബൂബക്കര്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ചെയര്‍മാനും അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത്.

ഇന്ത്യയുടെ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി 1989ല്‍ ആണ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2024 പാരിസ് ഒളിംപിക്‌സില്‍ പങ്കെടുത്ത അബ്ദുല്ല 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയതോടെ ആണ് അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധയാകര്‍ഷിച്ചത്. 2023ലെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലും നേടി. 2022-2023ല്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും 2023ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ നടന്ന അന്താരാഷ്ട്ര മീറ്റില്‍ സ്വര്‍ണവും ഫ്രാന്‍സില്‍ നടന്ന മീറ്റില്‍ വെങ്കലവും കരസ്ഥമാക്കി. ഈ വര്‍ഷം നടന്ന ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഓപ്പണ്‍ ജമ്പ്‌സ് മത്സരത്തിലും സ്വര്‍ണം നേടി.

കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത പുലിയാവ് സ്വദേശിയായ അബ്ദുല്ല അബൂബക്കര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. നവംബര്‍ 30ന് പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ അനുസ്മരണ യോഗം നടക്കും.

Next Story

RELATED STORIES

Share it