Sub Lead

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഒരാഴ്ച്ച ബാക്കി; കാനത്തിനെതിരേ പടയൊരുക്കം ശക്തം

കഴിഞ്ഞ മൂന്ന് മാസക്കാലമായി നടന്നുവന്ന 14 ജില്ലാ സമ്മേളനങ്ങളിലും ഭൂരിപക്ഷം ജില്ലകളിലും കാനം വിരുദ്ധ ചേരിക്ക് ശക്തമായ പ്രാതിനിധ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഒരാഴ്ച്ച ബാക്കി; കാനത്തിനെതിരേ പടയൊരുക്കം ശക്തം
X

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് ഒരാഴ്ച്ച ബാക്കി നില്‍ക്കെ കാനത്തെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തുകയെന്ന ലക്ഷ്യവുമായി കാനം വിരുദ്ധചേരി സജീവം. സിപിഐയുടെ വലിയൊരു വിഭാഗം നേതാക്കളാണ് ഇസ്മായില്‍ പക്ഷം എന്നതിനപ്പുറത്തേക്ക് നേതാക്കളുടെ കൂട്ടായ്മയായി വളര്‍ന്നിരിക്കുന്നത്. ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചതോടെ കാനം പക്ഷം പരസ്യമായ ഗ്രൂപ്പ് പിടുത്തത്തിന് ഇറങ്ങിയതോടെയാണ് കാനം വിരുദ്ധ ചേരി സജീവമായിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസക്കാലമായി നടന്നുവന്ന 14 ജില്ലാ സമ്മേളനങ്ങളിലും ഭൂരിപക്ഷം ജില്ലകളിലും കാനം വിരുദ്ധ ചേരിക്ക് ശക്തമായ പ്രാതിനിധ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഔദ്യോഗിക പക്ഷത്തിനെതിരേ മല്‍സരം എന്ന ട്രെന്‍ഡിന് തുടക്കം കുറിച്ചത് പാലക്കാട് ജില്ലയിലെ പട്ടാമ്പി മണ്ഡലത്തില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. പിന്നാലെ നടന്ന പല മണ്ഡലം, ജില്ലാ സമ്മേളനങ്ങളിലും സെക്രട്ടറി സ്ഥാനത്തേക്കും ജില്ലാ കൗണ്‍സില്‍ സ്ഥാനത്തേക്കും മല്‍സരങ്ങള്‍ നടന്നു.

ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട്, വയനാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഭൂരിപക്ഷം സംസഥാന സമ്മേളന പ്രതിനിധികളും നിലവിലുള്ള സംസ്ഥാന നേതൃത്വത്തിന്റെ നടപടികളോട് പൂര്‍ണ്ണ അസംതൃപ്തിയുള്ളവരാണ്. ഔദ്യോഗിക പക്ഷത്തിന്റെ കൂടെ ഉണ്ടായിരുന്ന കോട്ടയം ജില്ല ഇപ്പോള്‍ പൂര്‍ണമായി ഔദ്യോഗിക പക്ഷത്തിനെതിരാവുകയും ചെയ്തിട്ടുണ്ട്.

പതിനാല് ജില്ലകളില്‍ നിന്നായി 480 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കൊല്ലം, തൃശൂര്‍, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നാണ് കൂടുതല്‍ ജനപ്രതിനിധികള്‍. കൊല്ലം 84, തിരുവനന്തപുരം 58, തൃശൂര്‍ 52, ആലപ്പുഴ 46, എറണാകുളം 37, ഇടുക്കി 30, പത്തനംതിട്ട 27 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്ന ജില്ലകള്‍. സംസ്ഥാന സമ്മേളനത്തില്‍ മല്‍സരമുണ്ടായാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കാനത്തിന് ഉറപ്പിക്കാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മൂന്നാം തവണ സെക്രട്ടറിയാകണമെങ്കില്‍ മല്‍സരം നടന്നാല്‍ മൂന്നില്‍ രണ്ട് പ്രതിനിധികളുടെ വോട്ട് നേടണമെന്നാണ് സിപിഐ ഭരണഘടന പറയുന്നത്.

പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടപ്പെടുന്നതിനെതിരേ നേതാക്കളുടെ കൂട്ടായ്മ എന്ന നിലയില്‍ സിപിഐയുടെ ശാക്തിക ചേരിയില്‍ മാറ്റം വന്നത് തെളിയിക്കുന്ന പ്രതികരണമാണ് ഇന്ന് നിലവിലെ സെക്രട്ടറി കാനം രാജേന്ദ്രനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. സംസ്ഥാന സമ്മേളനത്തില്‍ മല്‍സര സാധ്യത തള്ളാനാകില്ലെന്ന് കാനം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം കെ ഇ ഇസ്മായിലിന്റെ വീഡിയോ പങ്കുവച്ച് സിപിഐയുടെ ശക്തി കേന്ദ്രമായ കൊല്ലത്തെ ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ രംഗത്തുവന്നത് കാനം വിരുദ്ധചേരിയുടെ കൃത്യമയ നീക്കമെന്നാണ് സിപിഐ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപോര്‍ട്ടുകള്‍.

വിവിധ വിഷയങ്ങളില്‍ ദേശീയ നേതൃത്വം സ്വീകരിച്ച ഇടതുപക്ഷ നിലപാട് തള്ളി കാനം നിരന്തരം രംഗത്തുവന്നത് നേതൃത്വത്തിന് മുന്നില്‍ കാനത്തെ അസ്വീകാര്യനാക്കിയിട്ടുണ്ട്. യുഎപിഎ, പോലിസിലെ ആര്‍എസ്എസ് സ്വാധീനം, എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍, ലോകായുക്ത എന്നിവയില്‍ കാനം സിപിഎമ്മിനൊപ്പം ചേര്‍ന്നത് അതില്‍ ചിലതാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിനെ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്ന വിവരമാണ് സിപിഐ ദേശീയ നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്നത്.

Next Story

RELATED STORIES

Share it