Big stories

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ആദ്യ വധശിക്ഷ നടപ്പാക്കി ഇറാന്‍

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ആദ്യ വധശിക്ഷ നടപ്പാക്കി ഇറാന്‍
X

തെഹ്‌റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ആദ്യത്തെ വധശിക്ഷ നടപ്പിലാക്കി ഇറാന്‍. ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത യുവാവിനെ തൂക്കിലേറ്റി. സുരക്ഷാ ഉദ്യോഗസ്ഥനെ വടിവാള്‍ കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്ന കുറ്റം ചുമത്തി മുഹ്‌സിന്‍ ശികാരി (23) യെയാണ് തൂക്കിലേറ്റിയതെന്ന് ജുഡീഷ്യറിയുടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തു. സപ്തംബര്‍ 25ന് സത്താര്‍ ഖാന്‍ തെരുവില്‍ സമരത്തിനിടെ ശികാരി സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നാണ് കേസ്. സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താനും ക്രമസമാധാനം തകര്‍ക്കാനുമാണ് പ്രതി തുനിഞ്ഞതെന്ന് കോടതി പറഞ്ഞു.

എന്നാല്‍, വിചാരണ പ്രഹസനത്തിലൂടെ മുഹ്‌സിന്‍ ശികാരിയെ വധശിക്ഷയ്ക്ക് വിധിച്ചത് അന്താരാഷ്ട്രത ലത്തില്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചു. കലാപങ്ങള്‍ക്കിടെ ടെഹ്‌റാനിലെ ഒരു പ്രധാനപാത ഉപരോധിച്ചതിനും പാരാമിലിട്ടറി ഫോഴ്‌സിലെ സൈനികനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനുമാണ് സപ്തംബറില്‍ മുഹ്‌സിനെ പോലിസ് അറസ്റ്റ് ചെയ്തത്. കൊലപ്പെടുത്തുക, ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, സമൂഹികക്രമവും സുരക്ഷിതത്വവും തകര്‍ക്കുക തുടങ്ങിയ ലക്ഷ്യത്തോടെ യുദ്ധം ചെയ്യുകയും ആയുധം കൈവശം വയ്ക്കുകയും ചെയ്തുവെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

അതേസമയം, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിധിയെ അപലപിച്ചു. മൊഹ്‌സിന്‍ ഷെകാരിയുടെ വധശിക്ഷ നടപ്പാക്കിയതിനെ ശക്തമായ പ്രതികരണങ്ങളോടെ നേരിടണം, അല്ലാത്തപക്ഷം പ്രതിഷേധക്കാരെ ദിവസേന വധിക്കേണ്ടിവരുമെന്ന് ഓസ്‌ലോ ആസ്ഥാനമായുള്ള ഗ്രൂപ്പ് ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ (ഐഎച്ച്ആര്‍) ഡയറക്ടര്‍ മഹ്മൂദ് അമിരി മൊഗദ്ദാം പറഞ്ഞു. മതകാര്യ പോലിസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം രണ്ടുമാസത്തോളം നീണ്ടുനിന്നിരുന്നു. ഇതിന് പിന്നാലെ മതകാര്യ പോലിസ് സംവിധാനം ഇറാന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു.

തെഹ്‌റാനില്‍ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊണ്ടാസരി ആയിരുന്നു ഈ വിവരം പുറത്തുവിട്ടത്. ഇസ്‌ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കഴിഞ്ഞ ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കുകയും ചെയ്തു. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരില്‍ ഇറാനിലെ മത പോലിസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനിക്ക് കസ്റ്റഡിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. സപ്തംബര്‍ 13 നായിരുന്നു മഹ്‌സ അമിനിയെ കസ്റ്റഡിയിലെടുത്തത്.

അന്ന് മുതല്‍ ഇറാനില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഈ പ്രക്ഷോഭങ്ങളില്‍ ഇരുനൂറിലധികം പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനാധിപത്യസമരത്തെ അടിച്ചമര്‍ത്തുന്നതിനെതിരേ ബ്രിട്ടനും അമേരിക്കയും ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. റഷ്യയ്ക്ക് ആയുധം വിറ്റതിന് പിന്നാലെ യൂറോപ്യന്‍ യൂനിയനും ഇറാനുമേല്‍ കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അവര്‍ പൊതുസ്ഥലങ്ങളില്‍ തങ്ങളുടെ ശിരോവസ്ത്രം കത്തിച്ചും മുടി മുറിച്ചുകളഞ്ഞുമാണ് പ്രതിഷേധിച്ചത്. സ്വേച്ഛാധിപതിക്ക് മരണമെന്ന മുദ്രാവാക്യത്തോടെ വിദ്യാര്‍ഥിനികളും തെരുവിലിറങ്ങിയിരുന്നു.

Next Story

RELATED STORIES

Share it