Big stories

കൊവിഡ് വ്യാപനകേന്ദ്രമായി ഡല്‍ഹി; 300 ലധികം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ

പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെ എല്ലാ യൂനിറ്റുകളിലും എല്ലാ പോലിസ് സ്‌റ്റേഷനുകളിലും ജോലി ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥര്‍ രോഗബാധിതരില്‍പ്പെടുന്നു.

കൊവിഡ് വ്യാപനകേന്ദ്രമായി ഡല്‍ഹി; 300 ലധികം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആശങ്ക ഇരട്ടിപ്പിച്ച് കൊവിഡ് വ്യാപനം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലിസ് ഉദ്യോഗസ്ഥരിലേക്ക് വൈറസ് പടരുന്നുവെന്നാണ് പുതിയ റിപോര്‍ട്ടുകള്‍. ഡല്‍ഹി പോലിസിലെ 300 ലധികം ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി പോലിസ് പിആര്‍ഒയും അഡീഷനല്‍ കമ്മീഷണറുമായ ചിന്‍മോയ് ബിസ്വാള്‍ ഉള്‍പ്പെടെ 300ലധികം പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് വൈറസ് പോസിറ്റീവായത്. പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെ എല്ലാ യൂനിറ്റുകളിലും എല്ലാ പോലിസ് സ്‌റ്റേഷനുകളിലും ജോലി ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥര്‍ രോഗബാധിതരില്‍പ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതിയിലെ നാല് ജഡ്ജിമാര്‍ക്കും 402 പാര്‍ലമെന്റ് ജീവനക്കാര്‍ക്കും കൊവിഡ് പിടിപെട്ടത്. ഡല്‍ഹിയില്‍ മൂന്നാം തരംഗവും സമൂഹവ്യാപനവും സ്ഥിരീകരിച്ചതിനുശേഷമാണ് എല്ലാ മേഖലയിലേക്കും കൊവിഡ് പടര്‍ന്നുപിടിക്കുന്നത്. രാജ്യത്തെ ഒമിക്രോണ്‍ സാന്നിധ്യമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. രോഗപ്രതിരോധത്തിനായി ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 22,751 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു, കഴിഞ്ഞ വര്‍ഷം മെയ് 1 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസാണിത്- സംസ്ഥാന ആരോഗ്യ വകുപ്പ് ഞായറാഴ്ച അറിയിച്ചു. മെയ് 1 ന് ദേശീയ തലസ്ഥാനത്ത് 25,219 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഈ ദിവസത്തെ പോസിറ്റീവിറ്റി നിരക്ക് 23.53 ശതമാനമാണ്. ഇതോടെ 60,733 സജീവ കേസുകള്‍ ഉള്‍പ്പെടെ നഗരത്തിലെ മൊത്തം കൊവിഡ് കേസുകള്‍ 15,49,730 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,179 പേര്‍ വൈറസില്‍നിന്ന് സുഖം പ്രാപിച്ചത്. ദേശീയ തലസ്ഥാനത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 14,63,837 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17 കൊവിഡ് മരണങ്ങളും നഗരത്തില്‍ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഇതുവരെ 25,160 പേര്‍ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. ആകെ 1,800 രോഗികളെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇതില്‍ 182 സംശയാസ്പദമായ രോഗികളും 1,618 കൊവിഡ് സ്ഥിരീകരിച്ച രോഗികളും ഉള്‍പ്പെടുന്നു.

Next Story

RELATED STORIES

Share it