Sub Lead

മുന്നണിയില്‍ എടുത്തില്ല; യുഡിഎഫ് ജിഹാദികളുടെ പാര്‍ട്ടിയെന്ന് പി സി ജോര്‍ജ്ജ്

'മുസ്‌ലിം ജിഹാദികളുടെ കടന്നുകയറ്റം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. ഇത് മറ്റ് മതസ്ഥര്‍ വേദനയോടെ നോക്കിക്കാണുകയാണ്. അവരെല്ലാം പ്രതികരിക്കും,' പിസി ജോര്‍ജ് പറഞ്ഞു.

മുന്നണിയില്‍ എടുത്തില്ല; യുഡിഎഫ് ജിഹാദികളുടെ പാര്‍ട്ടിയെന്ന് പി സി ജോര്‍ജ്ജ്
X

തിരുവനന്തപുരം: മുന്നണി പ്രവേശം എന്ന സ്വപ്‌നം പൊലിഞ്ഞതോടെ യുഡിഎഫിനെതിരേ രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജ്ജ്. യുഡിഎഫിനെതിരെയും മുസ്‌ലിം ലീഗിനെതിരെയും രൂക്ഷമായ ഭാഷയിലാണ് പിസി ജോര്‍ജ് വിമര്‍ശിച്ചത്. യുഡിഎഫ് ജിഹാദികളുടെ പാര്‍ട്ടിയായി മാറിയെന്ന് പിസി ജോര്‍ജ് ആരോപിച്ചു.

പി സി ജോര്‍ജിനെ യുഡിഎഫിലേക്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് യുഡിഎഫ് നേതൃത്വം ജോര്‍ജിനെ അറിയിച്ചത്. സ്വതന്ത്രനായാല്‍ പിന്തുണയ്ക്കാമെന്ന യുഡിഎഫ് നിലപാട് ജോര്‍ജ് തള്ളിയിരുന്നു. രണ്ട് സീറ്റുകളും മുന്നണി പ്രവേശനവുമായിരുന്നു പി സി ജോര്‍ജ് യുഡിഎഫിന് മുന്നില്‍ വെച്ച ഡിമാന്റ്. എന്നാല്‍ രണ്ടും മുന്നണി നേതൃത്വം തള്ളി.

യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം വന്നതിന് പിന്നാലെ എന്‍ഡിഎ നേതാക്കളുമായി നാളെയും മറ്റന്നാളും സംസാരിക്കുമെന്ന് ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

'യുഡിഎഫിന്റെ ചരിത്രമൊക്കെ ഞാന്‍ പത്രസമ്മേളനം നടത്തി പറയാന്‍ പോവുകയാണ്. ഞാന്‍ പൂഞ്ഞാറില്‍ ജനപക്ഷം സെക്യുലര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അതിലൊരു സംശയവും വേണ്ട. എനിക്ക് ജനങ്ങളാണ് പിന്തുണ തരുന്നത്. യുഡിഎഫ് എന്നു പറഞ്ഞാല്‍ മുസ്‌ലിം ജിഹാദികളുടെ പാര്‍ട്ടിയല്ലേ. അവരല്ലേ ഇപ്പോള്‍ പാര്‍ട്ടി നിയന്ത്രിക്കുന്നത്. നേരത്തെ ഒരു നല്ല പാര്‍ട്ടിയായിരുന്നു മുസ്‌ലിം ലീഗ്. പക്ഷെ ആ മുസ്‌ലിം ലീഗ് ഇപ്പോള്‍ ജിഹാദികളാണ് നിയന്ത്രിക്കുന്നത്. അപ്പോള്‍ ആ പാര്‍ട്ടിയെ മതേതരര്‍ക്കോ, ഹൈന്ദവര്‍ക്കോ, ക്രൈസ്തവര്‍ക്കോ അംഗീകരിക്കാന്‍ പറ്റുമോ?. ,' പിസി ജോര്‍ജ് പറഞ്ഞു.

'മുസ്‌ലിം ജിഹാദികളുടെ കടന്നുകയറ്റം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. ഇത് മറ്റ് മതസ്ഥര്‍ വേദനയോടെ നോക്കിക്കാണുകയാണ്. അവരെല്ലാം പ്രതികരിക്കും,' പിസി ജോര്‍ജ് പറഞ്ഞു.

യുഡിഎഫ് പ്രവേശം തടഞ്ഞത് ഉമ്മന്‍ചാണ്ടിയാണെന്നും മിക്ക നേതാക്കളും തന്നെ സ്വീകരിക്കണമെന്നും പറഞ്ഞിട്ടും ഉമ്മന്‍ചാണ്ടി ഇത് തടഞ്ഞെന്നും പിസി ജോര്‍ജ് ആരോപിച്ചു. ഉമ്മന്‍ചാണ്ടി ആരാണെന്നൊക്കെ താന്‍ പിന്നീട് പറയാം എന്നു പിസി ജോര്‍ജ് പറഞ്ഞു. അടുത്ത ദിവസം യുഡിഎഫിനെതിരെയായി പത്രസമ്മേളനം നടത്തുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്.

Next Story

RELATED STORIES

Share it