Sub Lead

കൃഷി വകുപ്പ് നിഷ്ക്രിയം; നെല്ല് ഏറ്റെടുക്കാതെ മില്ലുടമകൾ; കർഷകർ ദുരിതത്തിൽ

നെല്ല് സംസ്കരിച്ച വകയില്‍ മില്ലുകള്‍ക്ക് സര്‍ക്കാര് 15 കോടി രൂപ കുടിശിക വരുത്തിയിട്ടുണ്ട്. പ്രളയത്തിന് മുമ്പുള്ള തുകയും ഇതിലുള്‍പ്പെടും.

കൃഷി വകുപ്പ് നിഷ്ക്രിയം; നെല്ല് ഏറ്റെടുക്കാതെ മില്ലുടമകൾ; കർഷകർ ദുരിതത്തിൽ
X

ആലപ്പുഴ: കൃഷി വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം കുട്ടനാട്ടിലെ നെൽകർഷകർ ദുരിതത്തിൽ. നെല്ല് സംഭരിച്ച വകയില്‍ കുടിശ്ശികയായുള്ള 15 കോടി രൂപ തരാതെ നെല്ല് ഏറ്റെടുക്കില്ലെന്നാണ് മില്ലുടമകളുടെ നിലപാട്. എന്നാൽ കൃഷിവകുപ്പ് ആകട്ടെ എന്ന് കുടിശ്ശിക തീർത്തുകൊടുക്കുമെന്ന ഉറപ്പും നൽകുന്നില്ല. അതേസമയം അനുകൂല തീരുമാനം ആകാതെ ഇനി പാടത്തേക്കില്ലെന്ന് പ്രഖ്യാപിച്ച് സമരത്തിലാണ് മില്ലുടമകൾ.

കുട്ടനാട്ടിലെ നെല്‍ സംഭരണം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. ഭൂരിഭാഗം അരിമില്ലുകളും ഇപ്പോൾ സമരത്തിലാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരമെന്ന് മില്ലുടമകള്‍ പ്രഖ്യാപിക്കുന്നു. 15 കോടി രൂപയുടെ കുടിശിക തീര്‍ത്തു നല്‍കാതെ നെല്ല് സംഭരിക്കില്ലെന്നാണ് അവര്‍ പറയുന്നത്. നെല്ല് സംസ്കരണത്തിനുള്ള കൈകാര്യ ചെലവ് കിലോക്ക് 2.86 രൂപയാക്കണം എന്ന ആവശ്യവും അവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നെല്ല് കെട്ടിക്കിടന്ന് കര്‍ഷകർ ദുരിതം അനുഭവിക്കുമ്പോൾ പിടിവാശിയിലാണ് മില്ലുടമകള്‍. കേരളത്തില്‍ നെല്ല് സംഭരിക്കുന്നത് 56 മില്ലുകളാണ്. ഇവയില്‍ 54 ഉം സമരത്തിലാണ്. നെല്ല് ശേഖരണം തടസപ്പെട്ടതിന് അവര്‍ കുറ്റപ്പെടത്തുന്നത് സംസ്ഥാന സർക്കാരിനെയാണ്.

നെല്ല് സംസ്കരിച്ച വകയില്‍ മില്ലുകള്‍ക്ക് സര്‍ക്കാര് 15 കോടി രൂപ കുടിശിക വരുത്തിയിട്ടുണ്ട്. പ്രളയത്തിന് മുമ്പുള്ള തുകയും ഇതിലുള്‍പ്പെടും. ഇത് തരാതെ ഇനി കര്‍ഷകരില്‍ നിന്ന് ഒരു തരി നെല്ല് പോലും സംഭരിക്കില്ലെന്നാണ് മില്ലുടമകള്‍ പറയുന്നത്. നെല്ല് സംസ്കരിക്കുന്നതിന് കൈകാര്യ ചെലവായി മില്ലുകള്‍ക്ക് നല്‍കുന്നത് കിലോക്ക് 2 രൂപ 14 പൈസയാണ്. ഇത് 2 രൂപ 86 പൈസ ആക്കി ഉയർത്തണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇത് ഉടന്‍ നടപ്പാക്കണം എന്നാണ് മില്ലുടമകളുടെ മറ്റൊരാവശ്യം.

ഒരു ക്വിന്‍റല്‍ നെല്ല് സംസ്കരിക്കുമ്പോള്‍ 64 കിലോ അരി സ്പ്ലൈകോക്ക് മില്ലുകള്‍ നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് അടുത്തിടെ ഹൈക്കോടതി 68 കിലോ ആക്കി ഉയര്‍ത്തി. ഇത് പ്രായോഗികമല്ലെന്നും മില്ലുടമകള്‍ പറയുന്നു. ഈ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാതെ ഇനി നെല്ല് സംഭരിക്കില്ലെന്നാണ് മില്ലുടമകൾ പറയുന്നത്.

സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും കാര്യമൊന്നും ഉണ്ടായിട്ടില്ല എന്നുമാത്രമല്ല കുടിശിക തുക ഇതുവരെ നൽകുവാൻ സപ്ലൈകോ തയാറായിട്ടുമില്ല. തിങ്കളാഴ്ചയോടെ തീരുമാനമാകുമെന്നാണ് കൃഷിവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നതെങ്കിലും അതിനും ഉറപ്പില്ല. വരുംദിവസങ്ങളിൽ തുലാവർഷം എത്തുമെന്ന കാലാവസ്ഥാ വകുപ്പ് പ്രവചനം കൂടി കണക്കിലെടുത്താൽ കർഷകരെ ദുരിതക്കയത്തിലേക്ക് സർക്കാർ തള്ളിവിടുകയാണ്.

Next Story

RELATED STORIES

Share it