Sub Lead

ഹൈന്ദവ ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവം; പാകിസ്താനില്‍ 20 പേര്‍ അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് 150 ലധികം പേര്‍ക്കെതിരേ പോലിസ് കേസെടുത്തതായും പിടിഐ റിപോര്‍ട്ട് ചെയ്തു.

ഹൈന്ദവ ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവം; പാകിസ്താനില്‍ 20 പേര്‍ അറസ്റ്റില്‍
X

ഇസ്‌ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ റഹിം യാര്‍ ഖാന്‍ ജില്ലയില്‍ ഹൈന്ദവ ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തില്‍ 20 ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഡോണ്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 150 ലധികം പേര്‍ക്കെതിരേ പോലിസ് കേസെടുത്തതായും പിടിഐ റിപോര്‍ട്ട് ചെയ്തു.

ഈ മാസം നാലിന് ഹിന്ദു ബാലന്‍ മുസ്‌ലിം മതപാഠശാലയെ അപമാനിച്ചെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ക്ഷേത്രം തകര്‍ത്തത്. മതപാഠശാലയില്‍ മൂത്രം മൊഴിച്ചതിന് മതനിന്ദാ നിയമപ്രകാരം അറസ്റ്റിലായ ഒമ്പതു വയസ്സുള്ള ബാലന് പ്രാദേശിക കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് പ്രകോപിതരായ ജനക്കൂട്ടം അമ്പലത്തിനു നേരെ ആക്രമണം നടത്തിയത്.ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭോംഗ് പട്ടണത്തില്‍ അര്‍ദ്ധസൈനികരെ പാകിസ്താന്‍ സര്‍ക്കാര്‍ വിന്യസിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണ പഞ്ചാബിലെ അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍, സഫര്‍ ഇക്ബാല്‍ അവാന്‍ വെള്ളിയാഴ്ച ഈ പ്രദേശം സന്ദര്‍ശിച്ചു, പ്രാദേശിക ഹിന്ദു സമൂഹത്തിന് പൂര്‍ണ്ണ സുരക്ഷ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച, പാക് സുപ്രിം കോടതി കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതായി ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. പോലിസും ജില്ലാ ഭരണകൂടവും യഥാസമയം നടപടിയെടുക്കാത്തതിനെയും കോടതി വിമര്‍ശിച്ചു, ഈ സംഭവം 'ലോകമെമ്പാടുമുള്ള രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യാഴാഴ്ച ആക്രമണത്തെ അപലപിക്കുകയും സര്‍ക്കാര്‍ ക്ഷേത്രം പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

Next Story

RELATED STORIES

Share it