Sub Lead

ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം; പാകിസ്താനില്‍ വന്‍ പ്രതിഷേധം, ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡറുമായി സര്‍ക്കാര്‍

2022ല്‍ അധികാരത്തില്‍ നിന്ന് പുറത്തായ ഇമ്രാന്‍ ഖാന്‍ 2023 ആഗസ്റ്റ് മുതല്‍ ജയിലിലാണ്.

ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം; പാകിസ്താനില്‍ വന്‍ പ്രതിഷേധം, ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡറുമായി സര്‍ക്കാര്‍
X

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധം. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തഹ്‌രീകെ ഇന്‍സാഫിന്റെ (പിടിഐ) ആഹ്വാനപ്രകാരം എത്തിയവരാണ് രാജ്യ തലസ്ഥാനമായ ഇസ്‌ലാമാബാദ് അടക്കമുള്ള വന്‍ നഗരങ്ങള്‍ ഉപരോധിക്കുന്നത്. ഇവരെ തടയാന്‍ ശ്രമിച്ച നാലു അര്‍ധസൈനികരും രണ്ടു പോലിസുകാരും കൊല്ലപ്പെട്ടു. ഇതോടെ ഇസ്‌ലാമാബാദില്‍ സൈന്യത്തിന് സര്‍ക്കാര്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് നല്‍കി. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന റെഡ് സോണിലും ഡി ചൗക്കിലും എത്തുന്നവരെ വെടിവയ്ക്കാനാണ് നിര്‍ദേശം.

ബാഹ്യശക്തികള്‍ രാജ്യത്തെ ആക്രമിക്കുകയോ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയരുകയോ ചെയ്യുന്ന സമയത്ത് പ്രഖ്യാപിക്കേണ്ട ഉത്തരവാണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. ഇതോടെ സംഘര്‍ഷത്തില്‍ ചെയ്യുന്ന കാര്യങ്ങളുടെ നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് സൈന്യം ഒഴിവായി.

2022ല്‍ അധികാരത്തില്‍ നിന്ന് പുറത്തായ ഇമ്രാന്‍ ഖാന്‍ 2023 ആഗസ്റ്റ് മുതല്‍ ജയിലിലാണ്. 150ല്‍ അധികം ക്രിമിനല്‍ കേസുകളാണ് ഇമ്രാന് എതിരേയുള്ളത്. ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നാണ് തഹ്‌രീകെ ഇന്‍സാഫ് വാദിക്കുന്നത്. സൈന്യത്തെ പരസ്യമായി വിമര്‍ശിച്ചതിനാല്‍ സര്‍ക്കാര്‍ പകപോക്കുകയാണെന്നും അവര്‍ വാദിക്കുന്നു.


ഇമ്രാന്റെ ഭാര്യ ബുഷ്‌റാ ബീബിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. പെഷവാറിലും ഖൈബര്‍ പ്രവിശ്യയിലും നടന്ന പ്രതിഷേധങ്ങളില്‍ ഇവര്‍ നേരിട്ട് പങ്കെടുത്തു. ഇമ്രാനെ ജയിലില്‍ നിന്ന് മോചിപ്പിക്കും വരെ ആരും ഇസ്‌ലാമാബാദ് വിടരുതെന്ന് ബുഷ്‌റാ ബീബി അഭ്യര്‍ഥിച്ചു.


ജയിലില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ നല്‍കിയ ആഹ്വാനം അനുസരിച്ച് ഇസ്‌ലാമാബാദിലും മറ്റു വിവിധ പ്രദേശങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ഇവരെ പിരിച്ചുവിടാന്‍ പോലിസ് റബര്‍ ബുള്ളറ്റുകളും പുക ബോംബുകളും തെറ്റാലികളും ഉപയോഗിക്കുന്നുണ്ട്. 'വിപ്ലവം വിപ്ലവം' എന്നു പാട്ട് പാടി പ്രതിഷേധക്കാര്‍ പ്രചാരണം നടത്തുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. 804ാം നമ്പര്‍ തടവുകാരനെ മോചിപ്പിക്കണം എന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ജയിലിലെ ഇമ്രാന്‍ ഖാന്റെ നമ്പറാണ് 804.

എന്നാല്‍, ഇമ്രാന് എതിരായ ആരോപണങ്ങളെല്ലാം സത്യമാണെന്നും നിയമവാഴ്ചയില്‍ വിശ്വസിക്കാത്തയാളാണ് അയാളെന്നും സര്‍ക്കാരും പറയുന്നു. സുരക്ഷാ സൈനികരെ പ്രതിഷേധക്കാര്‍ കരുതിക്കൂട്ടി ആക്രമിക്കുകയാണെന്ന് പാകിസ്താന്‍ മുസ്‌ലിം ലീഗ് (എന്‍) നേതാവും പ്രധാനമന്ത്രിയുമായ ഷഹ്ബാസ് ശരീഫ് ആരോപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന റെഡ് സോണിലേക്ക് പ്രതിഷേധക്കാര്‍ കടക്കരുതെന്ന് വാര്‍ത്താവിതരണ മന്ത്രി അത്താത്തുല്ല തരാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നിട്ടും ഈ പ്രദേശങ്ങളിലും പ്രതിഷേധം തുടരുകയാണ്.



Next Story

RELATED STORIES

Share it