Sub Lead

പാലക്കാട്ട് കൊവിഡ് പോസിറ്റീവായ ദമ്പതികള്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍; വിവാദം

സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റിക്കു കീഴിലുള്ള കിണാശ്ശേരി തണ്ണീര്‍പന്തല്‍ ബ്രാഞ്ച് സമ്മേളനമാണു വിവാദത്തിനു വഴിയൊരുക്കിയത്.

പാലക്കാട്ട് കൊവിഡ് പോസിറ്റീവായ ദമ്പതികള്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍; വിവാദം
X

പാലക്കാട്: സിപിഎം ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍, കൊവിഡ് പോസിറ്റീവായ അംഗത്തെയും ഭാര്യയെയും സമ്മേളനത്തില്‍ പങ്കെടുപ്പിച്ചെന്ന് ആരോപണം. സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റിക്കു കീഴിലുള്ള കിണാശ്ശേരി തണ്ണീര്‍പന്തല്‍ ബ്രാഞ്ച് സമ്മേളനമാണു വിവാദത്തിനു വഴിയൊരുക്കിയത്. സമ്മേളനം പൂര്‍ത്തിയായ ശേഷമാണു കൊവിഡ് പോസിറ്റീവായവര്‍ പങ്കെടുത്ത വിവരം മറ്റ് അംഗങ്ങളുടെ ശ്രദ്ധയിലെത്തിയത്. ഇതോടെ സമ്മേളനത്തില്‍ ഏരിയ കമ്മിറ്റി പ്രതിനിധിയായി പങ്കെടുത്ത ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ ബിനുമോളും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ രാഗേഷും ബ്രാഞ്ചിലെ 14 അംഗങ്ങളും സ്വയം നിരീക്ഷണത്തിലേക്കു മാറാന്‍ നിര്‍ബന്ധിതരായി. നിലവിലെ സെക്രട്ടറി എസ് കൃഷ്ണദാസാണ് ഇവരെ പങ്കെടുപ്പിച്ചതെന്നാണ് മറ്റ് അംഗങ്ങളുടെ ആരോപണം.

ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ദമ്പതികള്‍ക്ക് അഞ്ചു ദിവസം മുന്‍പാണ് കൊവിഡ് പോസിറ്റീവായത്. പോസിറ്റീവായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ തന്നെ അറിയിച്ചിരുന്നെങ്കിലും സമ്മേളനത്തില്‍ ഇവരെത്തിയതു മറ്റുള്ളവര്‍ ശ്രദ്ധിച്ചില്ല. ഇരുവരും സമ്മേളനത്തില്‍ നിന്നു വിട്ടുനിന്നാല്‍ കമ്മിറ്റി പിടിവിട്ടു പോകുമെന്നു കണ്ടതോടെ നിലവിലെ ബ്രാഞ്ച് സെക്രട്ടറിയും അനുയായികളും ചേര്‍ന്ന് ഇവരെ നിര്‍ബന്ധിച്ചു സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതാണെന്നു പറയുന്നു. മത്സരത്തിലേക്കു കടന്നെങ്കിലും രണ്ടു പേരുടെ പിന്തുണയില്‍ എസ് കൃഷ്ണദാസ് തന്നെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

വിവരം അറിഞ്ഞ ഉടന്‍ കെ ബിനുമോളുടെ നേതൃത്വത്തില്‍ അന്വേഷിച്ചെങ്കിലും കൊവിഡ് നെഗറ്റീവായെന്ന് ഇവര്‍ വാദിച്ചു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ അറിഞ്ഞതോടെയാണ് അംഗങ്ങളും പ്രതിനിധികളും നിരീക്ഷണത്തിലേക്കു മാറാന്‍ തീരുമാനിച്ചത്. 14 അംഗ ബ്രാഞ്ച് കമ്മിറ്റിയാണ് ഇവിടെയുള്ളത്. കണ്ണാടി പഞ്ചായത്തിലെ 54 ബ്രാഞ്ച് സമ്മേളനങ്ങളില്‍ 42 എണ്ണവും പൂര്‍ത്തിയായി. ഈ മാസം അവസാനത്തോടെ ലോക്കല്‍ സമ്മേളനങ്ങള്‍ക്കു തുടക്കം കുറിക്കും.

Next Story

RELATED STORIES

Share it