Sub Lead

അറബ് ലീഗ് അധ്യക്ഷ പദവി രാജിവെച്ച് ഫലസ്തീന്‍

യുഎഇയും ബഹ്‌റെയ്‌നുമുള്‍പ്പെടെയുള്ള അറബ് ലീഗ് അംഗങ്ങള്‍ ഇസ്രായേലുമായി ഔപചാരിക ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ചാണ് ഫലസ്തീന്റെ ഈ കടുത്ത നീക്കം. ചൊവ്വാഴ്ച ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.

അറബ് ലീഗ് അധ്യക്ഷ പദവി രാജിവെച്ച് ഫലസ്തീന്‍
X

റാമല്ല: അറബ് ലീഗ് അധ്യക്ഷ പദവി രാജിവെച്ച് ഫലസ്തീന്‍. യുഎഇയും ബഹ്‌റെയ്‌നുമുള്‍പ്പെടെയുള്ള അറബ് ലീഗ് അംഗങ്ങള്‍ ഇസ്രായേലുമായി ഔപചാരിക ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ചാണ് ഫലസ്തീന്റെ ഈ കടുത്ത നീക്കം. ചൊവ്വാഴ്ച ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചുകൊണ്ടുള്ള കരാറിനെ അപമാനകരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ശക്തമായി അപലപിക്കുന്നതായും വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച വാഷിങ്ടണില്‍വച്ച് യുഎഇയും ബഹ്‌റെയ്‌നും ഇസ്രയേലുമായി ഒപ്പുവച്ച കരാര്‍ ഫലസ്തീന്‍ വിഷയത്തെ ഒറ്റിക്കൊടുക്കുന്നതും ഇസ്രയേല്‍ അധിനിവിഷ്ട മേഖലയില്‍ സ്വതന്ത്ര്യ രാഷ്ട്രത്തിനായുള്ള തങ്ങളുടെ ആവശ്യത്തെ തകര്‍ക്കുന്നതുമാണെന്നാണ് ഫലസ്തീനികള്‍ ആരോപിക്കുന്നത്.

ഈ മാസമാദ്യത്തില്‍ ഇസ്രായേല്‍ കരാറിനെ അപലപിക്കുന്ന പ്രമേയം പാസാക്കുന്നതില്‍ ഫലസ്തീന്‍ പരാജയപ്പെട്ടിരുന്നു. അറബ് ലീഗിന്റെ അടുത്ത അഞ്ച് മാസത്തേക്കുള്ള അധ്യക്ഷസ്ഥാനം ഫലസ്തീനായിരുന്നു. വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയില്‍ വെച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മാലികി ഫലസ്തീന് ഇനി ഈ പദവി ആവശ്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗെയ്തിനെ ഫലസ്തീന്റെ തീരുമാനം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ സംഘടനാ നേതാക്കളുമായി സൗദിയടക്കമുള്ള രാജ്യങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ച വാഷിങ്ടണില്‍ വെച്ചാണ് യുഎഇ, ബഹ്‌റെയ്ന്‍ രാഷ്ട്ര നേതാക്കള്‍ ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു കരാര്‍. യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ബഹ്‌റെയ്ന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരാണ് കരാറുകളില്‍ ഒപ്പുവെച്ചത്. ആദ്യമായിട്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത്. നേരത്തെ ഈജിപ്ത്, ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ മാത്രമാണ് ഇസ്രയേലുമായി നയതന്ത്രം ബന്ധം സ്ഥാപിച്ചിരുന്നത്.

യുഎഇയുടേയും ബഹ്‌റെയ്‌ന്റേയും പാത പിന്തുടര്‍ന്ന് കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

Next Story

RELATED STORIES

Share it