Sub Lead

ടൂത്ത് പൗഡറില്‍ നോണ്‍ വെജ് ചേരുവകള്‍; 'പതഞ്ജലി'ക്ക് ഹൈക്കോടതി നോട്ടിസ്

ടൂത്ത് പൗഡറില്‍ നോണ്‍ വെജ് ചേരുവകള്‍; പതഞ്ജലിക്ക് ഹൈക്കോടതി നോട്ടിസ്
X

ന്യൂഡല്‍ഹി: ആയുര്‍വേദ ടൂത്ത് പൗഡറില്‍ നോണ്‍ വെജ് ചേരുവകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന ഹരജിയില്‍ പതഞ്ജലി ആയുര്‍വേദയ്ക്കും യോഗ ഗുരു ബാബാ രാംദേവിനും ഡല്‍ഹി ഹൈക്കോടതി നോട്ടിസ് അയച്ചു. പതഞ്ജലിയുടെ ഹെര്‍ബല്‍ ടൂത്ത് പൗഡറായ ദിവ്യ ദന്ത് മഞ്ജനില്‍ സസ്യേതര ചേരുവയുണ്ടെന്നും എന്നാല്‍, വെജിറ്റേറിയന്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയെന്നും ആരോപിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ജസ്റ്റിസ് സഞ്ജീവ് നരുലയാണ് കേന്ദ്ര സര്‍ക്കാരിനും പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ദിവ്യ ഫാര്‍മസിക്കും വെള്ളിയാഴ്ച നോട്ടീസ് അയച്ചത്. നവംബര്‍ 28ന് കേസ് വീണ്ടും പരിഗണിക്കും.

പതഞ്ജലിയുടെ ദിവ്യ ദന്ത് മഞ്ജന്റെ പാക്കേജിങില്‍ വെജിറ്റേറിയന്‍ ഉല്‍പന്നങ്ങളുടെ പ്രതീകമായ പച്ച ഡോട്ട് ഉണ്ടെന്ന് അഭിഭാഷകന്‍ യതിന്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു. എന്നാല്‍ പാക്കേജിങിലെ ചേരുവകളുടെ പട്ടികയില്‍ പല്ലുപൊടിയില്‍ സെപിയ ഒഫിസിനാലിസ് അഥവാ കണവ മല്‍സ്യം അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായി കാണിച്ചിട്ടുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇത് തെറ്റായ ബ്രാന്‍ഡിങിന് തുല്യമാണ്. രാംദേവും കൂട്ടരും ഉല്‍പ്പന്നത്തെ സസ്യാഹാരമായി പ്രചരിപ്പിക്കുകയാണെന്നും ഹരജിക്കാരന്‍ വാദിച്ചു. ഇത് ഡ്രഗ്‌സ് ആന്റ് കോസ്‌മെസ്റ്റിക് നിയമത്തിന്റെ ലംഘനമാണെന്നും ശര്‍മ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it