Sub Lead

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സുപ്രിംകോടതിയില്‍

സുപ്രിംകോടതിയിലെ സിറ്റിങ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാമും ശശികുമാറും എന്നിവര്‍ സുപ്രിംകോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തു. സുപ്രിംകോടതിയിലെ സിറ്റിങ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.

ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് സ്‌പൈവെയറിനായി ലൈസന്‍സ് നേടിയിട്ടുണ്ടോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണം നടത്താന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇത് നേരിട്ടോ അല്ലാതെയോ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സൈനിക തലത്തില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കള്‍, രണ്ട് കേന്ദ്രമന്ത്രിമാര്‍, 40 മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 300 ഓളം പേര്‍ക്കെതിരേ ചാരപ്പണി നടത്താന്‍ ഇസ്രായേലി ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചതായാണ് റിപോര്‍ട്ടുകള്‍ പുറത്തുവന്നത്.

ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ സെക്യൂരിറ്റി ലാബ് നടത്തിയ നിരവധി മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ സുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയതായി ഹരജിക്കാര്‍ പറയുന്നു. പെഗാസസ് ചോര്‍ത്തലിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയിലെത്തുന്ന മൂന്നാമത്തെ ഹരജിയാണിത്. അഭിഭാഷകന്‍ എം എല്‍ ശര്‍മ, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നേരത്തെ ഹരജി നല്‍കിയിരുന്നത്.



Next Story

RELATED STORIES

Share it