Sub Lead

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്ന് തുടക്കം; മലബാര്‍ മേഖലയില്‍ സീറ്റ് ക്ഷാമം രൂക്ഷം

മലബാറില്‍ ഇത്തവണ എസ്എസ്എല്‍സി പാസായ 25 ശതമാനത്തോളം കുട്ടികള്‍ പ്ലസ് വണ്‍ പഠന പരിധിക്കു പുറത്താവുമെന്നാണ് റിപോര്‍ട്ടുകള്‍.

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്ന് തുടക്കം; മലബാര്‍ മേഖലയില്‍ സീറ്റ് ക്ഷാമം രൂക്ഷം
X

പ്രതീകാത്മക ചിത്രം


സ്വന്തം പ്രതിനിധി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികള്‍ക്ക് ഇന്നു തുടക്കമാവും.പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. ഹയര്‍ സെക്കന്‍ഡറി പ്രവേശനം വ്യാഴാഴ്ച രാവിലെ 9നും വിഎച്ച്എസ്ഇ പ്രവേശനം 10നും തുടങ്ങും. ആകെ 2,71,136 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതിലേക്ക് 4,65,219 പേര്‍ അപേക്ഷിച്ചിരുന്നു. ഇതില്‍ 2,18,413 പേര്‍ക്കാണ് അലോട്ട്‌മെന്റ് ലഭിച്ചിരിക്കുന്നത്. 52,718 സീറ്റാണ് ശേഷിക്കുന്നത്.


എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ട സീറ്റ് ചേര്‍ത്താല്‍ പോലും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സീറ്റുണ്ടാകില്ല എന്ന അവസ്ഥയാണ്. തെക്കന്‍ കേരളത്തെ അപേക്ഷിച്ച് മലബാറില്‍ സ്ഥിതി കുറേക്കൂടി രൂക്ഷമാണ്.

മലബാറില്‍ ഇത്തവണ എസ്എസ്എല്‍സി പാസായ 25 ശതമാനത്തോളം കുട്ടികള്‍ പ്ലസ് വണ്‍ പഠന പരിധിക്കു പുറത്താവുമെന്നാണ് റിപോര്‍ട്ടുകള്‍. മലബാറില്‍ 223,788 പേര്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായി പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്.

20 ശതനമാനം സീറ്റ് വര്‍ധിപ്പിച്ച് മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്ത പരിഹാരിക്കാനുള്ള സര്‍ക്കാര്‍ നീക്കവും വേണ്ടത്ര ഫലം കാണില്ലെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്ലസ്‌വണ്‍ പഠനത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ പരിധിക്ക് പുറത്താവുന്നത് മലപ്പുറം ജില്ലയിലായിരിക്കും. ജില്ലയില്‍ 75,257 കുട്ടികളാണ് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത്. 50,340 സീറ്റുകള്‍ മാത്രമുള്ള ഇവിടെ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചാലും 11,000ല്‍ അധികം കുട്ടികള്‍ക്ക് അവസരം ലഭിക്കില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മലപ്പുറത്ത് 10,645 സീറ്റാണ് വര്‍ധിപ്പിച്ചത്. നിലവിലെ കണക്ക് അനുസരിച്ച് ജില്ലയില്‍ 11,648 സീറ്റുകളുടെ കുറവുണ്ടാവും.

മലബാറിലെ ഏഴു ജില്ലകളിലാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചു നല്‍കിയത്. ബാക്കിയിടങ്ങളില്‍ 10 ശതമാനം സീറ്റുകളും വര്‍ധിപ്പിച്ചു നല്‍കിയിരുന്നു.

പാലക്കാട് ജില്ലയില്‍ 5,653 സീറ്റാണ് അധികം കിട്ടിയത്. ഉവിടെ 4598 കുട്ടികള്‍ക്ക് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കില്ല. 6894 അധിക സീറ്റുകള്‍ ലഭിച്ച കോഴിക്കോടിന് 3,064 സീറ്റും 1,771 അധിക സീറ്റ് ലഭിച്ച വയനാടിന് 1,041സീറ്റും കുറവുണ്ടാവും. 5453 അധിക സീറ്റ് ലഭിച്ച കണ്ണൂര്‍ ജില്ലയില്‍ 1,261 കുട്ടികള്‍ക്ക് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കില്ല.2855 സീറ്റ് അധികമായി ലഭിച്ച കാസര്‍കോടിന് 2154 സീറ്റ് കുറവുണ്ടാവും.

അതേസമയം, അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫസ്റ്റ് അലോട്ട്‌മെന്റ് റിസള്‍ട്ട് എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്‌കൂളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം.

ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ക്ക് ഫീസടച്ച് സ്ഥിര പ്രവേശനം നേടാം. മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താല്‍ക്കാലികക്കാര്‍ക്ക് വേണ്ടിവന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകളില്‍ ചിലത് റദ്ദാക്കാം.

എന്നാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അതേസമയം ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിക്കുന്ന മറ്റൊരു സമയത്തെത്തി പ്രവേശനം നേടാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it