Sub Lead

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി; വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തി

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി; വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തി
X

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ മലപ്പുറത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 15 വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്ഥിരം ബാച്ച് അനുവദിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമില്ല. വിഷയം പഠിക്കാന്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും മലപ്പുറം റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടറും ഉള്‍പ്പെട്ട രണ്ടംഗ സമിതിയെ നിയോഗിച്ചു. ആവശ്യമെങ്കില്‍ അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടംഗ സമിതി ജൂലൈ അഞ്ചിനകം സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കണം. ഇതിനുശേഷം തുടര്‍നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ഉറപ്പാക്കും. ക്ലാസ് നഷ്ടമാകുന്നവര്‍ക്ക് ബ്രിജ് കോഴ്‌സ് നല്‍കി വിടവ് നികത്തും. മലപ്പുറം ജില്ലയില്‍ ഐടിഐ കോഴ്‌സുകളിലും അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലും സീറ്റുകളില്‍ ഇനിയും ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് മറ്റു കോഴ്‌സുകളിലും പ്രവേശനം നേടാമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്ത് 7478, പാലക്കാട് 1757, കാസര്‍കോട് 252 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ സീറ്റുകള്‍ കുറവുള്ളതെന്ന് മന്ത്രി പറഞ്ഞു. ബാക്കി ജില്ലകളില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. സപ്ലിമെന്റററി അലോട്ട്‌മെന്റിനു ശേഷം വീണ്ടും അപേക്ഷ ക്ഷണിക്കും. പുതുതായി നിയോഗിക്കുന്ന സമിതിയുടെ റിപോര്‍ട്ട് പ്രകാരമാകും അധിക ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it