Sub Lead

ബലാക്കോട്ട് ആക്രമണത്തിന് ശേഷം ആദ്യമായി പാക് വ്യോമപാതയിലൂടെ പറന്ന് മോദി

ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഫ്രാന്‍സിലേക്കുള്ള യാത്രയ്ക്കാണ് വ്യാഴാഴ്ച പ്രധാനമന്ത്രി പാക് വ്യോമപാത ഉപയോഗിച്ചത്.

ബലാക്കോട്ട് ആക്രമണത്തിന് ശേഷം   ആദ്യമായി പാക് വ്യോമപാതയിലൂടെ പറന്ന് മോദി
X

ന്യൂഡല്‍ഹി: ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ആദ്യമായി പാക് വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഫ്രാന്‍സിലേക്കുള്ള യാത്രയ്ക്കാണ് വ്യാഴാഴ്ച പ്രധാനമന്ത്രി പാക് വ്യോമപാത ഉപയോഗിച്ചത്. ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലക്കോട്ടിലുള്ള ജെയ്‌ഷെ മുഹമ്മദ് ക്യാംപ് ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പാക് വ്യോമപാതയിലൂടെ സഞ്ചരിക്കുന്നത്.

ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വെച്ച് ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായാണ് വ്യോമസേന ബലാക്കോട്ടിലെ സായുധ ക്യാംപുകള്‍ ആക്രമിച്ചത്.

പാരിസ് സന്ദര്‍ശനത്തിനായി പുറപ്പെട്ട പ്രധാനമന്ത്രി യുഎഇ, ബഹ്‌റെയ്ന്‍ സന്ദര്‍ശനത്തിന് ശേഷമാണ് തിരിച്ചെത്തുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുയുമായി ഭീകരവിരുദ്ധ നീക്കങ്ങള്‍, പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും.

വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ പാരീസിലെ ചാള്‍സ് ഡി ഗൗല്ലെ വിമാനത്താവളത്തിലിറങ്ങുന്ന മോദി 6.15ന് മക്രോണുമായി കൂടിക്കാഴ്ച നടത്തും. ഇതിനു മുന്നോടിയായി മറ്റ് ചര്‍ച്ചകളിലും പങ്കെടുക്കും. രാത്രി എട്ട് മണിയോടെ മാധ്യമങ്ങളെ കണ്ട് സംയുക്ത പ്രസ്താവന നടത്തും. ചാറ്റിയൂ ഡി ചാന്റിലിയിലാണ് ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ മോദിക്കായി അത്താഴവിരുന്ന് ഒരുക്കിയിട്ടുള്ളത്. പാരിസില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള 19ാം നൂറ്റാണ്ടില്‍ നിര്‍മിച്ചിട്ടുള്ളതാണിത്. വെള്ളിയാഴ്ച മോദി ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും. ദശകങ്ങള്‍ക്ക് മുമ്പ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് മരിച്ചവര്‍ക്കായുള്ള സ്മാരകവും ഉദ്ഘാടനം ചെയ്യും. ശേഷം മോദി ബഹ്‌റെയ്‌നും യുഎഇയും സന്ദര്‍ശിക്കും.

ബാലക്കോട്ട് ആക്രമണത്തെതുടര്‍ന്ന് ഫെബ്രുവരി 26ന് അടച്ചിട്ട വ്യോമപാത 2019 ജൂണ്‍ 16നാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കായി പാകിസ്താന്‍ തുറന്നുനല്‍കിയത്. അതിര്‍ത്തിയിലെ വ്യോമസേനാ താവളങ്ങളിലെ വിമാനങ്ങള്‍ ഇന്ത്യ പിന്‍വലിച്ചാല്‍ മാത്രമേ വ്യോമാതിര്‍ത്തി തുറന്നു നല്‍കൂ എന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചത്. പാക് വ്യോമപാത അടച്ചിട്ടതോടെ ഇന്ത്യന്‍ വ്യോമ ഗതാഗത രംഗത്ത് 550 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. എയര്‍ ഇന്ത്യയ്ക്കാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. 491 കോടി രൂപ കമ്പനിക്ക് നഷ്ടമായിരുന്നു.

Next Story

RELATED STORIES

Share it