Sub Lead

ഭര്‍ത്താവിനെതിരായ ഭാര്യയുടെ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി; വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്നത് തടയണം

2017ല്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് ഭര്‍ത്താവ് തന്നെ ബലാല്‍സംഗം ചെയ്‌തെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തിരുന്നു.

ഭര്‍ത്താവിനെതിരായ ഭാര്യയുടെ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി; വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്നത് തടയണം
X

കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ നിയമത്തെ ചിലര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി. പോക്‌സോ നിയമപ്രകാരമുള്ള കേസുകള്‍ വരുമ്പോള്‍ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് നോക്കാന്‍ നെല്ലും പതിരും കോടതികള്‍ വേര്‍തിരിക്കണമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞു. വ്യാജകേസുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സിആര്‍പിസിയിലെ 482ാം വകുപ്പും ഭാരതീയ ന്യായ സംഹിതയിലെ 528ാം വകുപ്പും പ്രകാരം കേസ് റദ്ദാക്കണം.

'' കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയണമെന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന നിയമം കുറ്റവാളികളെ കഠിനമായി ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, ഇപ്പോള്‍ ചിലര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ശത്രുക്കള്‍ക്കെതിരേ ഈ നിയമം ഉപയോഗിക്കുന്നു. അതിനാല്‍ കേസിലെ വസ്തുതകള്‍ കോടതികള്‍ സൂക്ഷ്മമായി പരിശോധിക്കണം. കേസില്‍ ദുരുഹമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ ജാഗ്രത പാലിക്കണം. വ്യാജ കേസാണെന്നു തോന്നിയാല്‍ റദ്ദാക്കാം.''- വിധി പറയുന്നു.

2017ല്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് ഭര്‍ത്താവ് തന്നെ ബലാല്‍സംഗം ചെയ്‌തെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തിരുന്നു. അക്കാലത്ത് തനിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ലെന്നും യുവതി പോലിസിനെ അറിയിച്ചു. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്നും വിചാരണ നടത്തി ശിക്ഷിക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്.

വിവാഹത്തിന് മുമ്പ് ഭാര്യയുമായി ഒരുതരത്തിലുള്ള ശാരീരികബന്ധവും ഉണ്ടായിരുന്നില്ലെന്ന് ഭര്‍ത്താവ് വാദിച്ചു. നേരത്തെ ജീവനാംശം തേടി യുവതി പോലിസില്‍ പരാതി നല്‍കിയിരുന്നു. ആ പരാതിയില്‍ ലൈംഗികപീഡനത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. വിവാഹബന്ധം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് കേസെന്നും ഭര്‍ത്താവ് വാദിച്ചു. 2015ല്‍ പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതി പറയുന്നതെങ്കിലും കേസ് കൊടുക്കുന്നത് 2020ലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. പോക്‌സോ നിയമത്തിന്റെ ദുരുപയോഗമാണ് നടന്നിരിക്കുന്നതെന്ന് വാദം കേട്ട് കോടതി പറഞ്ഞു. തുടര്‍ന്ന് കേസ് റദ്ദാക്കി ഉത്തരവിട്ടു.

Next Story

RELATED STORIES

Share it