Sub Lead

അല്ലാമ ഇഖ്ബാലിന്റെ ചുവര്‍ചിത്രത്തില്‍ മഷിയൊഴിച്ച് ഹിന്ദുത്വര്‍ (വീഡിയോ)

അല്ലാമ ഇഖ്ബാലിന്റെ ചുവര്‍ചിത്രത്തില്‍ മഷിയൊഴിച്ച് ഹിന്ദുത്വര്‍ (വീഡിയോ)
X

ജയ്പൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം നല്‍കിയ കവിയും ഇസ്‌ലാമിക ദാര്‍ശനികനുമായ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ചുവര്‍ ചിത്രത്തില്‍ മഷിയൊഴിച്ച് ഹിന്ദുത്വര്‍. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി രാജസ്ഥാനിലെ ജയ്പൂരില്‍ തയ്യാറാക്കിയ ചുവര്‍ചിത്രത്തിലാണ് ഹിന്ദുത്വരുടെ അതിക്രമം. ഇന്ത്യയെ വിഭജിക്കാന്‍ കാരണം അദ്ദേഹമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

കുട്ടികള്‍ക്കായി 1904 ആഗസ്റ്റ് 16ന് അല്ലാമ മുഹമ്മദ് ഇഖ്ബാല്‍ പ്രസിദ്ധീകരിച്ച ഉര്‍ദു ഭാഷയിലെ ദേശാഭിമാന കാവ്യമായ ''സാരെ ജഹാന്‍ സെ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ'' ഏറെ പ്രശസ്തമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരേ സ്വാതന്ത്ര്യസമര സേനാനികള്‍ പാടി നടന്നിരുന്ന ഇത് ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ അവസാനചടങ്ങിലും ഉപയോഗിക്കുന്നു. സൈനികരും കേന്ദ്ര പോലിസ് സേനയും ഈ കാവ്യം പാടിയാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ അവസാനിപ്പിക്കുക.

എന്നാല്‍, ഇഖ്ബാലിന്റെ കവിതകള്‍ക്കെതിരേ ഹിന്ദുത്വര്‍ രംഗത്തുണ്ട്. ഇഖ്ബാലിന്റെ മറ്റൊരു കവിത പഠിപ്പിച്ച ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ ഒരു സ്‌കൂള്‍ അധ്യാപകനെ 2019ല്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിശ്വഹിന്ദു പരിഷത്തുകാരുടെ പരാതിയിലായിരുന്നു നടപടി. 2022 ഏപ്രിലില്‍ യുപിയിലെ ബറൈലിയിലെ ഒരു പ്രിന്‍സിപ്പലിനെയും അധ്യാപകനെയും ഇതേ കവിത പഠിപ്പിച്ചതിന് സസ്‌പെന്‍ഡ് ചെയ്തു.

ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളിലെ മഹാരഥനായ കവിയും ദാര്‍ശനികനും മുസ്‌ലിം മത, രാഷ്ട്രീയ മേഖലകളെ അഗാധമായി സ്വാധീനിച്ച പരിഷ്‌കര്‍ത്താവുമാണ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. അഭിഭാഷകന്‍, വാഗ്മി എന്നീ നിലകളിലും പ്രസിദ്ധനാണ്. ശരിയായ പേര് മുഹമ്മദ് ഇഖ്ബാല്‍. തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും സാഹിത്യ സേവനങ്ങളെ പുരസ്‌കരിച്ച് സര്‍ ബഹുമതിയും നേടി. ശൈഖ് എന്ന നാമവും പേരിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. അങ്ങനെ അല്ലാമാ ഡോ. സര്‍ ശൈഖ് മുഹമ്മദ് ഇഖ്ബാല്‍ എന്ന് അറിയപ്പെട്ടു.

1919 സെപ്തംബറില്‍ ഖിലാഫത് കോണ്‍ഫറന്‍സില്‍ പങ്കുകൊണ്ട് ഖിലാഫത് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലും ഇഖ്ബാല്‍ കൃതികളുടെ വിവര്‍ത്തനവും പഠനങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്. മഹാകവി ജി ശങ്കരക്കുറുപ്പ്, വക്കം അബ്ദുല്‍ ഖാദിര്‍, ടി ഉബൈദ്, കെ ദാമോദരന്‍, ഒ ആബു, എ എന്‍ പി ഉമ്മര്‍കുട്ടി, മുഹമ്മദ് നിലമ്പൂര്‍, അബ്ദുസ്സമദ് സമദാനി തുടങ്ങിയ ഒട്ടേറെ പേര്‍ മലയാളത്തില്‍ ഇഖ്ബാലിനെ കുറിച്ചെഴുതുകയും അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തു.

Next Story

RELATED STORIES

Share it