Sub Lead

മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം: പാലാ ബിഷപ്പിനെതിരേ പോലിസ് കേസെടുത്തു

പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശ പ്രകാരം കുറുവിലങ്ങാട് പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം: പാലാ ബിഷപ്പിനെതിരേ പോലിസ് കേസെടുത്തു
X

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമാര്‍ശത്തിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ പോലിസ് കേസെടുത്തു. പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശ പ്രകാരം കുറുവിലങ്ങാട് പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് മൗലവി, അഡ്വ. കെ എന്‍ പ്രശാന്ത്, അഡ്വ. സി പി അജ്മല്‍ എന്നിവര്‍ മുഖേന CMP 2684/2021 നമ്പറില്‍ നല്‍കിയ ഹരജിയിലാണ് കുറവിലങ്ങാട് പോലിസിനോട് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

സപ്തംബര്‍ 24നാണ് ഇതുസംബന്ധിച്ച് അബ്ദുല്‍ അസീസ് മൗലവി കേസെടുക്കണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍, പോലിസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് എസ്പിക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

സപ്തംബര്‍ 8നാണ് കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുസ്‌ലിം വിഭാഗത്തിനെതിരേ വിദ്വേഷപ്രസംഗം നടത്തിയത്. കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവെച്ച് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളതെന്നുമായിരുന്നു ബിഷപ്പിന്റെ വിവാദ പരാമര്‍ശം.

മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും. ലോകത്തില്‍ നീതിയും സമാധാനവും ഇസ്‌ലാം മതവും സ്ഥാപിക്കാന്‍ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത്. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ടെന്നും ബിഷപ്പ് അവകാശപ്പെട്ടിരുന്നു.

മതസ്പര്‍ധ വളര്‍ത്തുന്നത് അടക്കമുള്ള 153 എ, 295 എ, 505 (ii), 505 (iii) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it