Sub Lead

യുപിയില്‍ രാത്രി 10നും രാവിലെ ആറിനുമിടയില്‍ ഉച്ചഭാഷിണി ഉപയോഗത്തിനു വിലക്ക്

അതിരാവിലെ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അലഹബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സംഗീത ശ്രീവാസ്തവ ആവശ്യപ്പെട്ടിരുന്നു.

യുപിയില്‍ രാത്രി 10നും രാവിലെ ആറിനുമിടയില്‍ ഉച്ചഭാഷിണി ഉപയോഗത്തിനു വിലക്ക്
X

അലഹബാദ്: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ രാത്രി 10നും രാവിലെ ആറിനുമിടയില്‍ ഉച്ചഭാഷിണി ഉപയോഗത്തിനു പോലിസ് വിലക്കേര്‍പ്പെടുത്തി. അലഹബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നല്‍കിയ പരാതിയിലാണ് പ്രയാഗ് രാജ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജില്ലാ മജിസ്‌ട്രേറ്റിന് ഉത്തരവ് നല്‍കിയത്. അതിരാവിലെ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അലഹബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സംഗീത ശ്രീവാസ്തവ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണികളും പൊതുയോഗ സംവിധാനങ്ങളും ഉപയോഗിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്തു.

പ്രയാഗ്രാജ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന നാല് ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്കും സീനിയര്‍ പോലിസ് സൂപ്രണ്ടുമാര്‍ക്കും അയച്ച കത്തില്‍ ഐജി കെ പി സിങ് സുപ്രിംകോടതിയുടെയും അലഹബാദ് ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. രാത്രി 10നു ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ്, പോലിസ് മേധാവികള്‍ എന്നിവര്‍ക്കു നല്‍കിയ കത്തിലെ നിര്‍ദേശം. പരിസ്ഥിതി നിയമങ്ങള്‍ക്കും കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്കും അനുസൃതമായാണ് നടപടിയെന്നാണ് വിശദീകരണം.

നേരത്തേ ഉച്ചഭാഷിണികളിലൂടെ പ്രഭാത നമസ്‌കാരത്തിനുള്ള ബാങ്ക് വിളിക്കുന്നതിനെതിരേ അലഹബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സംഗീത ശ്രീവാസ്തവ രംഗത്തെത്തിയിരുന്നു. ഉച്ചഭാഷിണിയിലൂടെ അതിരാവിലെ ബാങ്ക് വിളിക്കുന്നതിനാല്‍ എല്ലാ ദിവസവും അതിരാവിലെ എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിതയാകുന്നുവെന്നും ഇത് ദിവസം മുഴുവന്‍ തലവേദനയ്ക്കു കാരണമാവുകയും ജോലിയെ ബാധിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പ്രഫ. സംഗീത ശ്രീവാസ്തവ മാര്‍ച്ച് മൂന്നിന് ജില്ലാ മജിസ്‌ട്രേറ്റ് ഭാനു ചന്ദ്ര ഗോസ്വാമിക്ക് പരാതി നല്‍കിയത്. ആരാധനയ്ക്കായി ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ലെന്ന്

2020 ജനുവരിയില്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതും ഇവര്‍ ഉദ്ധരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയില്‍ ബാങ്കുവിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ച ഭരണപരമായ ഉത്തരവിനെയും ചോദ്യം ചെയ്തിരുന്നു. 'വോയ്‌സ് ആംപ്ലിഫയറുകളിലൂടെയോ ഡ്രമ്മിലൂടെയോ പ്രാര്‍ത്ഥന നടത്തണമെന്ന് ഒരു മതവും നിര്‍ദ്ദേശിക്കുന്നില്ല. അത്തരമൊരു സമ്പ്രദായമുണ്ടെങ്കില്‍, അത് മറ്റുള്ളവരുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

കഴിഞ്ഞ ദിവസം ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് സമാനരീതിയിലുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. രാത്രി 10നും രാവിലെ ആറിനുമിടയില്‍ ഉച്ചഭാഷിണി വിലക്കുന്നത് സുബ്ഹി ബാങ്കിനെ ബാധിക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ, ബാങ്ക് വിളിയെ ബാധിക്കില്ലെന്നു പറഞ്ഞ് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

Prayagraj Police Bans Use of Loudspeakers from 10 pm to 6 am


Next Story

RELATED STORIES

Share it