Sub Lead

അനാരോഗ്യം; ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് പ്രിയങ്ക, ഭിന്നതയെന്ന് ബിജെപി

അനാരോഗ്യം; ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് പ്രിയങ്ക, ഭിന്നതയെന്ന് ബിജെപി
X

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിക്കാനിരിക്കെ അനാരോഗ്യം കാരണം പങ്കെടുക്കാനാവില്ലെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചു. അസുഖം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അതിനാല്‍ പാര്‍ട്ടിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ ചേരില്ലെന്നും പ്രിയങ്ക ഗാന്ധി തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. ന്യായ് യാത്രയ്ക്കും സഹോദരന്‍ രാഹുല്‍ ഗാന്ധിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ആശംസകള്‍ അയച്ച അവര്‍, അസുഖം മാറിയാലുടന്‍ ചേരുമെന്നും വ്യക്തമാക്കി. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര വെള്ളിയാഴ്ച വൈകീട്ടാണ് ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുന്നത്. യാത്ര ബീഹാറില്‍ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിച്ചതിന് ശേഷം ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ വച്ച് പ്രിയങ്ക ഗാന്ധി വാദ്ര സഹോദരനോടൊപ്പം ചേരുമെന്നായിരുന്നു അറിയിച്ചിരുന്നത്. യുപിയില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ളത് പ്രിയങ്കയ്ക്കാണ്.

'ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശില്‍ എത്തുന്നതിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അസുഖം കാരണം ഇന്ന് തന്നെ എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. സുഖമായാല്‍ ഉടന്‍ ഞാന്‍ യാത്രയില്‍ ചേരും. ചന്ദൗലി ബനാറസില്‍ എത്തിച്ചേരുന്ന യാത്രയ്ക്കായി ഉല്‍സാഹത്തോടെ തയ്യാറെടുക്കുന്ന എന്റെ പ്രിയ സഹോദരനും ഉത്തര്‍പ്രദേശില്‍ നിന്നുള്ള എന്റെ സഹപ്രവര്‍ത്തകര്‍ക്കും എല്ലാ യാത്രക്കാര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നുവെന്നാണ് പ്രിയങ്ക ഹിന്ദിയില്‍ പോസ്റ്റ് ചെയ്തത്. മണിപ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള ഭാരത് ജോഡോ ന്യായ് യാത്ര മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്നു. ബീഹാറിലൂടെയാണ് യാത്ര ഇപ്പോള്‍ കടന്നുപോകുന്നത്. വ്യാഴാഴ്ച ബിഹാറിലെ ഔറംഗബാദില്‍ നടന്ന മെഗാ റാലിയില്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസാരിച്ചു.

അതേസമയം, രാഹുലുമായുള്ള ഭിന്നതയാണ് പ്രിയങ്ക ജാഥയില്‍ ചേരാതിരിക്കാന്‍ കാരണമെന്ന് ബിജെപി ആരോപിച്ചു. 'എല്ലാവരും അവരുടെ ആരോഗ്യം ശ്രദ്ധിക്കണം. ജോഡോ യാത്ര 2.0 തുടങ്ങുമ്പോഴും പ്രിയങ്ക വാദ്രയെ അവിടെ കണ്ടിരുന്നില്ല. ഇന്ന് രാഹുലിന്റെ യാത്ര ഉത്തര്‍പ്രദേശില്‍ എത്തുമ്പോള്‍ പ്രിയങ്ക അവിടെ ഉണ്ടാകില്ല. പാര്‍ട്ടി നേതൃത്വത്തിനു വേണ്ടി സഹോദരീ സഹോദരന്‍മാര്‍ തമ്മിലുള്ള ഭിന്നതയെ കുറിച്ച് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രസ്താവിച്ചു.

മണിപ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള ഭാരത് ജോഡോ ന്യായ് യാത്ര മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നയിക്കുന്നത്. ബീഹാറിലൂടെയാണ് യാത്ര ഇപ്പോള്‍ കടന്നുപോകുന്നത്. വ്യാഴാഴ്ച ബിഹാറിലെ ഔറംഗബാദില്‍ നടന്ന മെഗാ റാലിയില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസാരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന പ്രധാന ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിലാണ് വെള്ളിയാഴ്ച വൈകീട്ട് യാത്രയെത്തുന്നത്. ഫെബ്രുവരി 16 മുതല്‍ 21 വരെയും പിന്നീട് ഫെബ്രുവരി 24 മുതല്‍ 25 വരെയും സംസ്ഥാനത്തുടനീളം സഞ്ചരിക്കും.

Next Story

RELATED STORIES

Share it