Sub Lead

യുകെ തിരഞ്ഞെടുപ്പിലും ഫലസ്തീന്‍ തരംഗം; അട്ടിമറി ജയവുമായി സ്ഥാനാര്‍ഥികള്‍

യുകെ തിരഞ്ഞെടുപ്പിലും ഫലസ്തീന്‍ തരംഗം; അട്ടിമറി ജയവുമായി സ്ഥാനാര്‍ഥികള്‍
X

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിനെ സ്ഥാനഭ്രഷ്ടനാക്കിയ യുകെ തിരഞ്ഞെടുപ്പിലും ഫലസ്തീന്‍ തരംഗം. ഗസ വംശഹത്യയില്‍ ഫലസ്തീനികള്‍ക്ക് അനുകൂലമായി രംഗത്തെത്തിയ സ്ഥാനാര്‍ഥികള്‍ അട്ടിമറി ജയം നേടി. ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിച്ച സ്വതന്ത്രസ്ഥാനാര്‍ഥികള്‍ ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെയാണ് ജയിച്ചുകയറിയത്. ലെസ്റ്റര്‍ സൗത്തില്‍ ഷൗക്കത്ത് ആദം, ബര്‍മിങ്ഹാം പെറി ബറിലെ അയ്യൂബ് ഖാന്‍, ബ്ലാക്‌ബേണിലെ അദ്‌നാന്‍ ഹുസയ്ന്‍, ഡ്യൂസ്ബറി ആന്റ് ബാറ്റ്‌ലിയിലെ ഇഖ്ബാല്‍ മുഹമ്മദ് എന്നിവരുടെ ജയം ഫലസ്തീനിലെ പൊരുതുന്ന ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യം കൂടിയായി. ഗസ വംശഹത്യ പ്രചാരണത്തിന് ഉപയോഗിച്ച ലേബര്‍ പാര്‍ട്ടി മുന്‍ നേതാവ് ജെറമി കോര്‍ബിനും സ്വതന്ത്രനായി മല്‍സരിച്ച് ജയിച്ചവരുടെ കൂട്ടത്തിലുണ്ട്.


ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ലെസ്റ്റര്‍ സൗത്തില്‍ ഷാഡോ കാബിനറ്റ് ഓഫിസ് മിനിസ്റ്റര്‍ ജോനാഥന്‍ ആഷ്‌വര്‍തിനെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷൗക്കത്ത് ആദം 979 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്. 2011 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജോനാഥന്‍ ആഷ്‌വര്‍തിന് 33 ശതമാനം വോട്ടാണ് ലഭിച്ചത്. ഷൗക്കത്തിന് ലഭിച്ചത് 35 ശതമാനം വോട്ടുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 35.3 ശതമാനം വോട്ട് കുറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ടുവിഹിതത്തിലും വന്‍ ഇടിവുണ്ടായി. പാര്‍ട്ടി അധികാരത്തിലെത്തിയിട്ടും ഇവിടെ 10.3 ശതമാനം വോട്ടാണ് കുറഞ്ഞത്. ആകെ പോള്‍ ചെയ്തതില്‍ 12 ശതമാനം വോട്ടാണ് കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി ഗാരി ഹിക്ടന് ലഭിച്ചത്. 2021ലെ സെന്‍സസ് പ്രകാരം 30 ശതമാനം മുസ്‌ലിം വോട്ടുള്ള മണ്ഡലമാണിത്.


പടിഞ്ഞാറന്‍ യോര്‍ക് ഷെയറിലെ ഡ്യൂസ്ബറി ആന്റ് ബാറ്റ്‌ലി മണ്ഡലത്തിലും ഫലസ്തീന്‍ അനുകൂലിക്കാണ് വിജയം. ലേബര്‍ പാര്‍ട്ടിയുടെ ഹെതര്‍ ഇഖ്ബാലിനെ സ്വതന്ത്രനായി മല്‍സരിച്ച ഇഖ്ബാല്‍ ഹുസയ്ന്‍ മുഹമ്മദ് 8,707 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തറപറ്റിച്ചത്. ഇഖ്ബാല്‍ ഹുസയ്‌ന് 41.1 ശതമാനം വോട്ടും ലേബര്‍ പാര്‍ട്ടിക്ക് 22.9 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഇന്ത്യയില്‍ വേരുകളുള്ള ഇഖ്ബാല്‍ ഹുസയ്‌ന്റെ മാതാപിതാക്കള്‍ 1960കളിലാണ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്. ലേബര്‍ പാര്‍ട്ടി അംഗമായിരുന്ന ഇദ്ദേഹം ഗസ ആക്രമണത്തില്‍ കെയ്ര്‍ സ്റ്റാര്‍മറുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിവച്ചത്. മണ്ഡലത്തില്‍ 40 ശതമാനമാണ് മുസ്‌ലിം വോട്ട്.

ബെര്‍മിങ്ഹാം പെറി ബാറിലും ഫലസ്തീന്‍ അനുകൂലിയാ സ്വതന്ത്രസ്ഥാനാര്‍ഥിയാണ് അട്ടിമറി ജയം നേടിയത്. 2001 മുതല്‍ മണ്ഡലത്തിലെ ജനപ്രതിനിധിയായ ഖാലിദ് മഹ്മൂദിനെ സ്വതന്ത്രസ്ഥാനാര്‍ഥിയ അയ്യൂബ് ഖാന്‍ വെറും 507 വോട്ടിനാണ് തോല്‍പ്പിച്ചത്. ഇവിടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

69 വര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെ കൈവശമുള്ള ബ്രിട്ടന്റെ വടക്കുപടിഞ്ഞാറന്‍ നഗരമായ ബ്ലാക്‌ബേണില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കെയ്റ്റ് ഹോളന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി അദ്‌നാന്‍ ഹുസയ്‌നോട് അടിയറവ് പറഞ്ഞത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 132 വോട്ടിനാണ് അദ്‌നാന്റെ വിജയം. ഹോളന് 10,386 വോട്ട് ലഭിച്ചപ്പോള്‍ അദ്‌നാന് 10,518 വോട്ടുകളാണ് കിട്ടിയത്. 2019ലെ തെരഞ്ഞെടുപ്പില്‍ 64.9 ശതമാനം വോട്ട് ഹോളണാണ് ഇത്തവണ തോറ്റത്. ഗസ വിഷയത്തില്‍ ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെ 35 ശതമാനം വരുന്ന മുസ്‌ലിം വോട്ടുകള്‍ നഷ്ടപ്പെട്ടതാണ് തോല്‍വിക്ക് കാരണമായത്.


കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോഡ് നോര്‍ത്തില്‍ ബ്രിട്ടീഷ്-ഫലസ്തീനിയന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ലിയാന്‍ മുഹമ്മദ് ലേബര്‍ പാര്‍ട്ടിയിലെ ഉന്നതന്‍ വെസ് സ്ട്രീറ്റിങ്ങിനെ വെള്ളംകുടിപ്പിച്ചാണ് കീഴടങ്ങിയത്. 23കാരിയായ ലിയാന്‍ മുഹമ്മദ് വെറും 528 വോട്ടുകള്‍ക്കാണ് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി കൂടിയായ സ്ട്രീറ്റിങ്ങിനോട് തോറ്റത്. ലിയാന് 15,119 വോട്ടു ലഭിച്ചപ്പോള്‍ സ്ട്രീറ്റിങ് 15,647 വോട്ട് ലഭിച്ചു. 2019ല്‍ അയ്യായിരത്തിനു മുകളില്‍ ഭൂരിപക്ഷം ലഭിച്ച സ്ട്രീറ്റിങ് ഇത്തവണ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ലേബര്‍ പാര്‍ട്ടിയിലെ വലതുപക്ഷ നേതാക്കളില്‍ പ്രമുഖനായ സ്ട്രീറ്റിങ്

മണ്ഡലത്തില്‍ ഇസ്രായേല്‍ അനുകൂല റാലി വരെ സംഘടിപ്പിച്ചിരുന്നു. ലോകമൊന്നാകെ, ഗസയില്‍ വെടിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇദ്ദേഹം അതിനെതിരായാണ് നിലകൊണ്ടത്. ഫലസ്തീന്‍ അഭയാര്‍ഥിയുടെ കൊച്ചുമകളാണ് ലിയാന്‍ മുഹമ്മദ് എന്നത് കൂടി കൂട്ടിവായിക്കുമ്പോഴാണ് മല്‍സരത്തിന്റെ കാഠിന്യം ബോധ്യപ്പെടുക. ബര്‍മിങ്ഹാം ലേഡിവുഡ് മണ്ഡലത്തില്‍ ഷാഡോ ജസ്റ്റിസ് സെക്രട്ടറി ഷബാനാ മഹ്മൂദ് സ്വതന്ത്ര സ്ഥാനാര്‍ഥി അഹ്മദ് യാഖൂബില്‍നിന്ന് കനത്ത വെല്ലുവിളിയാണ് നേരിട്ടത്. ഷബാനയുടെ ഭൂരിപക്ഷം 32000ത്തില്‍ നിന്ന് 3421 ആക്കി കുറച്ചു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തൂത്തൂവാരി യുകെയില്‍ അധികാരം പിടിച്ച ലേബര്‍ പാര്‍ട്ടിക്ക് മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ കനത്ത തിരിച്ചടിയാണുണ്ടായത്. അഞ്ചു സീറ്റുകളാണ് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത്. ഇതില്‍ നാലിടത്തും ജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. ഒരു സീറ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി ജയിച്ചുകയറി. ഗസ വംശഹത്യയുടെ ആദ്യഘട്ടത്തില്‍ ഇസ്രായേല്‍ അനുകൂല സമീപനം സ്വീകരിച്ച കെയ്ര്‍ സ്റ്റാര്‍മറുടെ നിലപാട് ജനവിധിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെയും കുട്ടികളെയും കൊന്നുതള്ളിയും ഗസയില്‍ വെള്ളവും വെളിച്ചവും വിഛേദിക്കുകയും ചെയ്തപ്പോള്‍ സ്വയംപ്രതിരോധമെന്ന ഇസ്രായേല്‍ വാദത്തെയാണ് കെയ്ര്‍ സ്റ്റാര്‍മര്‍ പിന്തുച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു. എന്നാല്‍, ഫെബ്രുവരിയില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടി പ്രമേയം പാസാക്കുകകയും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം മാത്രമാണ് പരിഹാരമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it