Sub Lead

പ്രഫ. ഹാനി ബാബുവിന്റെ ജീവന്‍ അപകടത്തില്‍; ജയില്‍ അധികൃതര്‍ ചികില്‍സ നിഷേധിക്കുന്നുവെന്ന് കുടുംബം

പ്രഫ. ഹാനി ബാബുവിന്റെ ജീവന്‍ അപകടത്തില്‍; ജയില്‍ അധികൃതര്‍ ചികില്‍സ നിഷേധിക്കുന്നുവെന്ന് കുടുംബം
X

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്ത് തലോജ ജയിലില്‍ കഴിയുന്ന ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ പ്രഫ. ഹാനി ബാബുവിന്റെ ജീവന്‍ അപകടത്തിലായിട്ടും ജയില്‍ അധികൃതര്‍ ചികില്‍സ നിഷേധിക്കുന്നതായി കുടുംബം. കാഴ്ച നഷ്ടപ്പെടുമെന്ന ഭീഷണിയിലാണെന്നും തലച്ചോറിനെ ബാധിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ അപകടപ്പെടുമെന്ന് തിരിച്ചറിഞ്ഞിട്ടും ഇതുവരെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ഭാര്യ ജെന്നി റൊവേനയും സഹോദരങ്ങളായ എം ടി ഹരീഷ്, എംടി അന്‍സാരി എന്നിവരും അറിയിച്ചു. വേദന കരാണം ഉറങ്ങാനോ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിയുന്നില്ല. ജയിലിലെ രൂക്ഷമായ ജലക്ഷാമം കാരണം കണ്ണ് കഴുകാന്‍ പോലും ശുദ്ധമായ വെള്ളം ലഭിക്കുന്നില്ല.

ഇക്കഴിഞ്ഞ മെയ് മൂന്നിനാണ് ഹാനി ബാബുവിന്റെ ഇടത് കണ്ണില്‍ വേദനയും വീക്കവും അനുഭവപ്പെട്ടു തുടങ്ങിയത്. തുടര്‍ന്ന് കഠിനമായ വേദനയുണ്ടായി. കണ്ണിന്റെ അണുബാധയെ ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍ ജയിലിലില്ലെന്ന് ജയില്‍ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചതിനാല്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കാണിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ എസ്‌കോര്‍ട്ട് ഓഫിസറെ ലഭ്യമല്ലെന്നു പറഞ്ഞ് നിരസിച്ചു. മെയ് 6 ന് ഇദ്ദേഹത്തിന്റെ അഭിഭാഷകര്‍ തലോജ ജയിലിലേക്ക് ഇ മെയില്‍ വഴി പരാതി അയച്ച ശേഷം പിറ്റേന്ന് വാഷിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇവിടെ ഒരു നേത്രരോഗവിദഗ്ദ്ധന്‍ പരിശോധിക്കുകയും ചില ആന്റി-ബാക്ടീരിയ മരുന്നുകള്‍ നിര്‍ദേശിക്കുകയും രണ്ട് ദിവസത്തിനുള്ളില്‍ തുടര്‍ ചികില്‍സയ്ക്കു വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷവും വീണ്ടും ആരോഗ്യസ്ഥിതി വഷളായിട്ടും എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥരില്ലെന്നു പറഞ്ഞ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചില്ലെന്നും കുടുംബം ആരോപിച്ചു.

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹാനി ബാബുവിന്റെ അഭിഭാഷക പയോഷി റോയ് ജയിലിലേക്ക് നിരന്തരം ബന്ധപ്പെടുകയും സൂപ്രണ്ടുമായി സംസാരിക്കുകയും ചെയ്തതിനാല്‍ രാത്രി എട്ടരയോടെ, അടുത്ത ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു. ഒരു ദിവസത്തെ കാലതാമസം പോലും ഭാഗികമായോ പൂര്‍ണമായോ കാഴ്ച നഷ്ടപ്പെടുകയും തലച്ചോറിനെ ബാധിക്കുകയാണെങ്കില്‍ ഹാനി ബാബുവിന്റെ ജീവന്‍ അപകടപ്പെടുത്തുമെന്നും തിരിച്ചറിഞ്ഞിട്ടും ഇതുവരെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഇപ്പോള്‍ അഭിഭാഷകര്‍ വിളിച്ചിട്ട് ജയില്‍ അധികൃതരില്‍നിന്നു മറിപടി ലഭ്യമാവുന്നില്ലെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. 2020 ജൂലൈയില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് കഴിഞ്ഞ ഒമ്പത് മാസമായി പ്രഫ. ഹാനി ബാബുവിനെ ജയിലിലടച്ചിരിക്കുകയാണ്.

Prof. Hani Babu's life in danger; Family says prison authorities deny treatment


Next Story

RELATED STORIES

Share it