Sub Lead

പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരേ പ്രതിഷേധം; അറസ്റ്റ് ചെയ്ത എസ്‌ഐഒ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി

പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരേ പ്രതിഷേധം;  അറസ്റ്റ് ചെയ്ത എസ്‌ഐഒ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി
X

കോഴിക്കോട്: കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളിലെ പ്രതിഷേധത്തിനിടെ അറസ്റ്റിലായ എസ്‌ഐഒ, ജിഐഒ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി. പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരെ എസ്‌ഐഒ, ജിഐഒ കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ബഹുജന മാര്‍ച്ചിനിടെ ആയിരുന്നു അറസ്റ്റ്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. പ്രൊവിഡന്‍സിന്റെ എയ്ഡഡ് പദവി റദ്ദാക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടു.

എസ്‌ഐഒ സംസ്ഥാന സെക്രട്ടറിമാരായ സഈദ് കടമേരി, കെ പി തഷ്രീഫ്, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. റഹ്മാന്‍ ഇരിക്കൂര്‍, അസ്‌ലഹ് കക്കോടി, കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി ഷഫാഖ് കക്കോടി എന്നിവരടക്കം 16 പ്രവര്‍ത്തകരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ രണ്ട് വനിതകളുമുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പോലിസ് മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ പോലും അടിച്ചമര്‍ത്തുന്ന കേരള പോലിസിന്റെ നയത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നു.

പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്ണിന് ചേര്‍ന്ന വിദ്യാര്‍ഥിനിക്കാണ് ഹിജാബ് ധരിക്കാന്‍ അനുമതി നിഷേധിച്ചത്. യൂനിഫോമില്‍ ശിരോവസ്ത്രം ഉള്‍പ്പെടുന്നില്ലെന്നായിരുന്നു അധികൃതരുടെ വാദം. തുടര്‍ന്ന് പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് ടിസി വാങ്ങിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പെണ്‍കുട്ടിയുടെ രക്ഷിതാവ് പരാതി നല്‍കിയിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കനത്ത പ്രതിഷേധമാണ് നടക്കുന്നത്.

Next Story

RELATED STORIES

Share it