Sub Lead

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രതിഷേധം; സര്‍ക്കാര്‍ ഉന്നതതല കമ്മീഷനെ നിയോഗിച്ചു

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രതിഷേധം; സര്‍ക്കാര്‍ ഉന്നതതല കമ്മീഷനെ നിയോഗിച്ചു
X

കോട്ടയം: കെ ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ രണ്ടംഗ ഉന്നതതല കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ഐഎംജി ഡയറക്ടറുമായ കെ ജയകുമാര്‍, ന്യുവാല്‍സ് മുന്‍ വൈസ് ചാന്‍സലറും മുന്‍ നിയമസഭാ സെക്രട്ടറിയുമായ ഡോ. എന്‍ കെ ജയകുമാര്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.

കമ്മീഷന്‍ രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ഥി സമരം നടക്കുന്ന കോട്ടയം തെക്കുംതല കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ജനുവരി എട്ട് വരെ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഡോ.പി കെ ജയശ്രീ ഉത്തരവിട്ടിരിക്കുകയാണ്. അനിഷ്ടസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ക്രമസമാധാനപാലനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും കാട്ടി സബ് കലക്ടര്‍ നല്‍കിയ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ നടപടി.

ഹോസ്റ്റലുകള്‍ ഒഴിയണമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഉത്തരവിന്‍മേല്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ അഞ്ച് മുതലാണ് വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ജാതിവിവേചനത്തിനെതിരേ സമരം തുടങ്ങിയത്. എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനം നിഷേധിക്കുന്ന സാഹചര്യമുണ്ടായെന്നാണ് ആരോപണം. സ്ഥാപനത്തിലെ വനിതാ ജിവനക്കാരെക്കൊണ്ട് ഡയറക്ടറുടെ വീട്ടുജോലികള്‍ ചെയ്യിക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it