Sub Lead

ജുമുഅ സമയത്ത് പിഎസ് സിയുടെ അറബിക് അധ്യാപക പരീക്ഷ; പ്രതിഷേധം ശക്തമാവുന്നു

ജുമുഅ സമയത്ത് പിഎസ് സിയുടെ അറബിക് അധ്യാപക പരീക്ഷ; പ്രതിഷേധം ശക്തമാവുന്നു
X

കോഴിക്കോട്: വെള്ളിയാഴ്ച ജുമുഅ സമയത്ത് അറബിക് അധ്യാപക പരീക്ഷ നടത്താനുള്ള പിഎസ് സി തീരുമാനത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ഹയര്‍സെക്കന്‍ഡറി അറബിക് അധ്യാപക തസ്തികകളിലേക്കുള്ള പരീക്ഷയാണ് ജൂണ്‍ 23ന് വെള്ളിയാഴ്ച രാവിലെ 11.15 മുതല്‍ ഉച്ചയ്ക്ക് 1.45 വരെ സമയം നിശ്ചയിച്ച് പിഎസ് സി പരീക്ഷാ ടൈംടേബിള്‍ പുറത്തിറക്കിയത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന്റെ സമയം തന്നെ പരീക്ഷയ്ക്ക് തിരഞ്ഞെടുത്തത് പരീക്ഷാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമന്നുറപ്പാണ്. പ്രത്യേകിച്ച് അറബിക് അധ്യാപക പരീക്ഷയായതിനാല്‍ ബഹുഭൂരിഭാഗവും മുസ് ലിംകളായിരിക്കും പരീക്ഷാര്‍ത്ഥികളെന്നതും പി എസ് സി അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മാത്രമല്ല, പതിവില്‍ നിന്നു വ്യത്യസ്തമായി രാവിലെ 10ല്‍ നിന്നു മാറി 11.15നാണ് പരീക്ഷ തുടങ്ങുന്നത്. ഇതുകാരണം, പരീക്ഷയെഴുതുന്നവര്‍ക്ക് ജുമുഅ നമസ്‌കരിക്കാനാവില്ല. രണ്ടര മണിക്കൂര്‍ നീളുന്ന പരീക്ഷ രാവിലെ 10നു തുടങ്ങിയാല്‍ തന്നെ ജുമുഅ സമയത്ത് തീരുമെന്നിരിക്കെ സമയമാറ്റത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. നേരത്തേ, സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും സര്‍വകലാശാല വിദ്യാര്‍ഥികളുടെയും പരീക്ഷാ സമയം ജുമുഅ നേരത്താക്കിയതിനെതിരേ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനാല്‍ സമയം മാറ്റിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന വാദവും ഉയരുന്നുണ്ട്. വെള്ളിയാഴ്ച ദിവസം നടക്കുന്ന പരീക്ഷകളുടെ കാര്യത്തില്‍ ജുമുഅ സമയം കൂടി പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ജുമുഅക്ക് തടസ്സമല്ലാത്ത വിധം സമയക്രമം മാറ്റി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.


Next Story

RELATED STORIES

Share it