Sub Lead

പരിക്കേറ്റ കൃഷ്ണ വിഗ്രഹം ആശുപത്രിയില്‍ ചികില്‍സക്കെത്തിച്ച് പൂജാരി

ആഗ്രയിലെ ജില്ലാ ആശുപത്രിയിലേക്കാണ് പരിക്കേറ്റ കൃഷ്ണ വിഗ്രഹവുമായി പൂജാരിയെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍ വിഗ്രഹത്തിന്റെ കൈയില്‍ ബാന്റേജിട്ടുകൊടുത്തു

പരിക്കേറ്റ കൃഷ്ണ വിഗ്രഹം ആശുപത്രിയില്‍ ചികില്‍സക്കെത്തിച്ച് പൂജാരി
X

ആഗ്ര: ശ്രീകൃഷ്ണ വിഗ്രഹത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികില്‍സിക്കാന്‍ ആശുപത്രിയിലെത്തിച്ച് ക്ഷേത്രപൂജാരി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ജില്ലാ ആശുപത്രിയിലേക്കാണ് പരിക്കേറ്റ കൃഷ്ണ വിഗ്രഹവുമായി പൂജാരിയെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍ വിഗ്രഹത്തിന്റെ കൈയില്‍ ബാന്റേജിട്ടുകൊടുത്തു. കഴിഞ്ഞ ദിവസം രാവിലെ കുളിപ്പിക്കുന്നതിനിടെയാണ് കൃഷ്ണ വിഗ്രഹത്തിന്റെ കൈയില്‍ പോറലേറ്റത്. രാവിലെ ഒമ്പത് മണിയോടെ ആശുപത്രിയിലെത്തിയ പൂജാരി ലേഖ് സിങ് വിഗ്രഹത്തിനെ ചികിത്സിക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാവിലെ പ്രാര്‍ത്ഥനയോടെ വിഗ്രഹത്തെ കുളിപ്പിക്കുമ്പോള്‍ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണാണ് പരിക്കേറ്റതെന്ന് പൂജാരി ലേഖ് സിങ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് താന്‍ നിരാശനായി. വിഗ്രഹവുമായി തനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. സങ്കടം സഹിക്കവയ്യാതെ ചികിത്സക്കായി ആശുപത്രിയിലേക്ക് പോയി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി അര്‍ജുന്‍ നഗറിലെ ഖേരി മോഡിലെ പത്വാരി ക്ഷേത്രത്തിലെ പൂജാരിയാണ് ഇദ്ദേഹം. തന്റെ അപേക്ഷ ആദ്യം ആശുപത്രി അധികൃതര്‍ മുഖവിലക്കെടുത്തില്ല. ഞാനാകെ തകര്‍ന്നു. ഒടുവില്‍ പൊട്ടിക്കരഞ്ഞപ്പോഴാണ് ചികിത്സ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വാര്‍ത്തയുമായി.വിഗ്രഹത്തെ ചികിത്സക്കണമെന്നാവശ്യപ്പെട്ട് പൂജാരി എത്തിയെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അശോക് കുമാര്‍ അഗര്‍വാള്‍ പിടിഐയോട് പറഞ്ഞു. പൂജാരിയുടെ വികാരം മനസ്സിലാക്കിയെന്നും രജിസ്റ്ററില്‍ രോഗിയുടെ പേര് ശ്രീകൃഷ്ണനെന്ന് രേഖപ്പെടുത്തിയാണ് ചികിത്സ നല്‍കിയതെന്നും ഡോക്ടര്‍ പറയുന്നു. കേള്‍ക്കുന്നവര്‍ക്ക് തമാശയായി തോന്നുമെങ്കിലും പൂജാരിക്ക് സംഭവം തമാശയായിരുന്നില്ല എന്നാണ് ഡോക്ടര്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it