Sub Lead

ഖുര്‍ആന്‍ കത്തിച്ച കേസിലെ പ്രതി വെടിയേറ്റു മരിച്ചു

ഖുര്‍ആന്‍ കത്തിച്ച കേസിലെ പ്രതി വെടിയേറ്റു മരിച്ചു
X

സ്‌റ്റോക്ക്‌ഹോം(സ്വീഡന്‍): വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച കേസിലെ പ്രതി വെടിയേറ്റുമരിച്ചു. സ്വീഡനിലെ സോഡര്‍താല്‍ജെ നഗരത്തില്‍ താമസിക്കുന്ന ഇറാഖി പൗരനായ സാല്‍വാന്‍ മോമികയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കേസില്‍ ഇന്ന് കോടതി വിധി വരാനിരിക്കെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്.ഫ്ളാറ്റില്‍ കയറിയ സംഘമാണ് കൊല നടത്തിയതെന്ന് പോലിസ് അറിയിച്ചു. ഇയാള്‍ ഇന്റര്‍നെറ്റില്‍ ലൈവ് വീഡിയോ ചെയ്യുന്ന സമയത്തായിരുന്നു ആക്രമണം. സംഭവത്തില്‍ അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു. സാല്‍വാന്‍ മോമിക കൊല്ലപ്പെട്ട സാഹചര്യത്തില്‍ കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവച്ചു.

2023 ജൂണില്‍ പെരുന്നാള്‍ ദിനത്തിലാണ് സ്‌റ്റോക്ക്‌ഹോം സെന്‍ട്രല്‍ മോസ്‌കിന് മുന്നില്‍വച്ച് ഇയാള്‍ ഖുര്‍ആന്‍ കത്തിച്ചത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും ഭാഗമായാണ് ഖുര്‍ആന്‍ കത്തിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ഇയാളുടെ നിലപാടിനെ സ്വീഡന്‍ സര്‍ക്കാര്‍ പിന്‍താങ്ങുകയും ചെയ്തു. എന്നാല്‍, ലോകമെമ്പാടും പ്രതിഷേധമുണ്ടായതോടെ സ്വീഡന്‍ സര്‍ക്കാര്‍ നിലപാട് മാറ്റി. ഇറാഖിലെ ബാഗ്ദാദിലെ സ്വീഡിഷ് എംബസി പ്രതിഷേധക്കാര്‍ നിരന്തരമായി ഉപരോധിച്ചു. ഇതോടെ സ്ഥാനപതി നഗരം വിടേണ്ടിയും വന്നു.

ചില സാഹചര്യങ്ങളില്‍ വിശുദ്ധഗ്രന്ഥങ്ങള്‍ കത്തിക്കുന്നത് കുറ്റകരമാക്കുന്ന നിയമം സ്വീഡന്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ഇയാളുടെ റെസിഡന്‍സി പെര്‍മിറ്റ് 2023 ഒക്ടോബറില്‍ സ്വീഡന്‍ പിന്‍വലിച്ചു. ഇതോടെ ഇയാളെ തിരികെ അയക്കണമെന്ന് ഇറാഖ് ആവശ്യപ്പെട്ടു. പക്ഷേ, ഇയാളെ തിരികെ അയക്കുന്നതിലെ നടപടികള്‍ സ്വീഡനിലെ കോടതി സ്‌റ്റേ ചെയ്തു. ഇതിന് ശേഷം പ്രതി നോര്‍വേയില്‍ അഭയം തേടാന്‍ ശ്രമിച്ചു. ഇയാളുടെ അപേക്ഷ തള്ളിയ നോര്‍വേ സര്‍ക്കാര്‍ സ്വീഡനിലേക്ക് തിരികെ അയച്ചു. തുടര്‍ന്ന് കേസ് നടക്കുന്നതിനാല്‍ ഇയാള്‍ക്ക് ഒരു വര്‍ഷം താമസിക്കാനുള്ള അനുമതി നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it