Sub Lead

പുഷ്പയിലെ ഫഹദ് ഫാസിലിന്റെ 'ശെഖാവത്ത്' ക്ഷത്രിയരെ അപമാനിക്കുന്നതെന്ന് രജപുത് നേതാവ്; നിര്‍മാതാക്കളെ കര്‍ണിസേന കൈകാര്യം ചെയ്യുമെന്നും ഭീഷണി

ജോധാ അക്ബര്‍ (2008), പദ്മാവതി തുടങ്ങിയ നിരവധി സിനിമകള്‍ക്കെതിരേ നേരത്തെ ഇവര്‍ പ്രതിഷേധിച്ചിരുന്നു.

പുഷ്പയിലെ ഫഹദ് ഫാസിലിന്റെ ശെഖാവത്ത് ക്ഷത്രിയരെ അപമാനിക്കുന്നതെന്ന് രജപുത് നേതാവ്; നിര്‍മാതാക്കളെ കര്‍ണിസേന കൈകാര്യം ചെയ്യുമെന്നും ഭീഷണി
X

ജയ്പൂര്‍: അല്ലു അര്‍ജുന്‍ നായകനായ പുഷ്പ-2 സിനിമയിലെ ഫഹദ് ഫാസിലിന്റെ എസ്പി ഭന്‍വര്‍ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന കഥാപാത്രം ക്ഷത്രിയ സമുദായത്തെ അപമാനിക്കുന്നതാണെന്ന് രജപുത് നേതാവ് രാജ് ഷെഖാവത്ത്. സിനിമയുടെ നിര്‍മാതാക്കളെ കൈകാര്യം ചെയ്യാന്‍ കര്‍ണി സേന തയ്യാറാണെന്നും രാജ് ഷെഖാവത്ത് സാമൂഹിക മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു.


'' പുഷ്പ-2ല്‍ ഷെഖാവത്ത് എന്ന ഒരു നെഗറ്റീവ് കഥാപാത്രമുണ്ട്. ഇത് ക്ഷത്രിയരെ അപമാനിക്കുന്നതാണ്. കര്‍ണി സൈനികര്‍ തയ്യാറാണ്. സിനിമയുടെ നിര്‍മാതാവിനെ ഉടന്‍ കൈകാര്യം ചെയ്യും.'' എക്‌സിലെ പോസ്റ്റ് പറയുന്നു. ''സിനിമ ക്ഷത്രിയരെ അപമാനിക്കുന്നതാണ്. ഷെഖാവത്ത് സമുദായത്തെ മോശമായി ചിത്രീകരിച്ചിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ സിനിമാ ഇന്‍ഡസ്ട്രി ക്ഷത്രിയരെ അപമാനിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ അത് വീണ്ടും ചെയ്തിരിക്കുന്നു.' തുടര്‍ച്ചയായി ഷെഖാവത്ത് എന്നുപയോഗിക്കുന്നത് പിന്‍വലിക്കണം. ഇല്ലെങ്കില്‍ വീടുകയറി തല്ലും'- പിന്നീട് വീഡിയോ സന്ദേശത്തില്‍ രാജ് ഷെഖാവത്ത് പറഞ്ഞു.


ജോധാ അക്ബര്‍ (2008), പദ്മാവതി തുടങ്ങിയ നിരവധി സിനിമകള്‍ക്കെതിരേ നേരത്തെ ഇവര്‍ പ്രതിഷേധിച്ചിരുന്നു. 40 കോടി ബജറ്റില്‍ നിര്‍മിച്ച ജോധാ അക്ബര്‍ ബോക്‌സ് ഓഫീസില്‍ 120 കോടി നേടിയിരുന്നു. 190 കോടി ചെലവില്‍ നിര്‍മിച്ച പദ്മാവതി 572 കോടിയും നേടി. പുഷ്പ 2 ഇതുവരെ 800 കോടി രൂപ കളക്ട് ചെയ്തുവെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നു.

ജാട്ട് വിഭാഗങ്ങള്‍ക്കെതിരേ ആക്രമണങ്ങള്‍ നടത്തുന്ന കര്‍ണിസേനയുടെ നേതാക്കളായ സുഖ്‌ദേവ് സിങ് ഗോഗമെഡിയെയും നവീന്‍ ശെഖാവത്തിനെയും അജീത് സിങ് എന്നയാളെയും 2023 ഡിസംബര്‍ അഞ്ചിന് ഒരു സംഘം വീട്ടിലിട്ട് വെടിവച്ചു കൊന്നിരുന്നു. എന്‍ ഐഎയാണ് ഈ കേസ് അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it