Sub Lead

രാമനവമി: ഹിന്ദുത്വര്‍ക്കൊപ്പം മുസ് ലിംകള്‍ക്ക് നേരെ കല്ലെറിഞ്ഞ് മധ്യപ്രദേശ് പോലിസ് (വീഡിയോ)

രാമനവമി: ഹിന്ദുത്വര്‍ക്കൊപ്പം മുസ് ലിംകള്‍ക്ക് നേരെ കല്ലെറിഞ്ഞ് മധ്യപ്രദേശ് പോലിസ് (വീഡിയോ)
X

ഭോപ്പാല്‍: നഗരത്തില്‍ രാമനവമി ഘോഷയാത്രയില്‍ ആയുധങ്ങളുമായെത്തി കലാപം സൃഷ്ടിച്ച ഹിന്ദുത്വരെ സഹായിച്ച് മധ്യപ്രദേശ് പോലിസ്. മുസ് ലിം പ്രദേശങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുമ്പോള്‍ ലാത്തി ചാര്‍ജ്ജ് നടത്തിയും കല്ലെറിഞ്ഞും ഹിന്ദുത്വരെ സഹായിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഹിന്ദുത്വര്‍ക്കൊപ്പം ചേര്‍ന്ന് മുസ് ലിംകള്‍ക്ക് നേരെ കല്ലെറിയുന്നത് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

മധ്യപ്രദേശിലെ ഖാര്‍ഗോണിലാണ് ബിജെപി ഭരണകൂടം മുസ് ലിംകളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നത്. മുസ് ലിം വീടുകള്‍ തകര്‍ത്തും മുസ് ലിം യുവാക്കളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തും മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍ വേട്ടയാടി. രാമനവമി ഘോഷയാത്രയുടെ ഭാഗമായി എത്തിയ നൂറുകണക്കിന് ഹിന്ദുത്വര്‍ മുസ് ലിം ഭൂരിപക്ഷ പ്രദേശത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും സമാനമായ ആക്രമണം അരങ്ങേറി.

ഹിന്ദുത്വ ആക്രമണത്തില്‍ ഇരകളാക്കപ്പെട്ട മുസ് ലിംകളെ പോലിസിനെ ഉപയോഗിച്ച് വേട്ടയാടുകയാണ് ബിജെപി സര്‍ക്കാര്‍. ഇന്ന് രാവിലെ അഞ്ച് ജെസിബികളുമായെത്തിയ അധികൃതര്‍ മുസ് ലിം വീടുകളും കച്ചവട സ്ഥാപനങ്ങളും തകര്‍ത്തു.

രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞവരുടെ വീടുകള്‍ തകര്‍ത്തെന്നാണ് ബിജെപി സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും മുസ് ലിം വീടുകള്‍ മാത്രം തിരഞ്ഞുപിടിച്ചാണ് തകര്‍ക്കുന്നത്. ആയുധങ്ങളുമായി ഹിന്ദുത്വര്‍ പള്ളികള്‍ക്കും മുസ് ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും പ്രകോപനം സൃഷ്ടിക്കുന്നതിന്റേയും സായുധരായ ഹിന്ദുത്വര്‍ കല്ലെറിയുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, മനപ്പൂര്‍വ്വം കലാപത്തിന് കോപ്പുകൂട്ടിയ ഹിന്ദുത്വര്‍ക്കെതിരേ നടപടിയെടുക്കാതെ ആക്രമണത്തിന് ഇരയായ മുസ് ലിംകളെ തന്നെ വേട്ടയാടുകയാണ് ബിജെപി സര്‍ക്കാര്‍.

സംഘര്‍ഷത്തെ തുടര്‍ന്ന് നഗരത്തിലെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തില്‍ വലിയ സമ്മേളനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

രാമനവമി ഘോഷയാത്ര തലാബ് ചൗക്ക് പ്രദേശത്ത് എത്തിയപ്പോള്‍ യാത്രയില്‍ പങ്കെടുത്ത ചിലര്‍ പ്രകോപന മുദ്രാവാക്യം വിളിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലിസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ജാഥ ഖാര്‍ഗോണ്‍ നഗരം ചുറ്റിക്കറങ്ങേണ്ടതായിരുന്നുവെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു.

ഘോഷയാത്രക്കിടെ ഉച്ചഭാഷിണിയില്‍ ഉറക്കെ പാട്ടുകള്‍ കേള്‍പ്പിച്ചിരുന്നു. വാഹനങ്ങള്‍ക്ക് തീയിടുന്നതും ചില ചെറുപ്പക്കാര്‍ കല്ലെറിയുന്നതും പോലിസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പോലിസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ് ചൗധരി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.

രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് 77 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

അക്രമത്തില്‍ ഖാര്‍ഗോണിന്റെ പോലിസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ് ചൗധരിക്ക് വെടിയേറ്റു, അദ്ദേഹത്തെ കൂടാതെ ആറ് പോലീസുകാര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്കേറ്റതായും അവര്‍ പറഞ്ഞു.

സംഭവത്തെ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പൊതുസ്വകാര്യ സ്വത്തുക്കള്‍ക്ക് വരുത്തിയ നാശനഷ്ടങ്ങള്‍ കലാപകാരികളില്‍ നിന്ന് ഈടാക്കുമെന്ന് പറഞ്ഞു.

കലാപകാരികളെ തിരിച്ചറിഞ്ഞിട്ടുണ്ട്, അവരെ വെറുതെ വിടില്ല. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മധ്യപ്രദേശില്‍ കലാപകാരികള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

'പൊതു സ്വകാര്യ സ്വത്ത് വീണ്ടെടുക്കല്‍ നിയമം ഞങ്ങള്‍ പാസാക്കി. ഈ നിയമത്തിന് കീഴില്‍ ഞങ്ങള്‍ ട്രിബ്യൂണല്‍ രൂപീകരിക്കുകയാണ്, നഷ്ടം വിലയിരുത്തിയ ശേഷം അത് കലാപകാരികളില്‍ നിന്നും വീണ്ടെടുക്കും,' ചൗഹാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബര്‍വാനി ജില്ലയിലെ സെന്ധ്വ പട്ടണത്തില്‍ രാമനവമി ഘോഷയാത്രയ്ക്കിടെയും സമാനമായ കല്ലേറുണ്ടായി, ഒരു പോലീസ് സ്‌റ്റേഷന്‍ ചുമതലക്കാരനും മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു.

ഖാര്‍ഗോണിലെ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 77 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംസ്ഥാനത്ത് സമാധാനം തകര്‍ക്കാന്‍ ആരെയുംസര്‍ക്കാര്‍ അനുവദിക്കില്ലെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഖാര്‍ഗോണ്‍ എസ്പി സിദ്ധാര്‍ത്ഥ് ചൗധരിയുടെ കാലില്‍ വെടിയേറ്റതായി മിശ്ര സ്ഥിരീകരിച്ചു. എസ്പിയെ കൂടാതെ മറ്റ് ആറ് പോലീസുകാര്‍ക്കും പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

ശിവം ശുക്ല എന്ന പൗരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്, എന്നാല്‍ മറ്റുള്ളവരുടെ നില സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.ബര്‍വാനിയിലെ സെന്‍ധ്വ നഗരത്തിലും സ്ഥിതി നിയന്ത്രണവിധേയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ എമര്‍ജന്‍സി ഒഴികെയുള്ള ഏത് അടിയന്തിര ജോലികള്‍ക്കും എസ്ഡിഎം ഓഫീസ്, തഹസില്‍ ഓഫീസ്, കോട്വാലി പോലീസ് സ്‌റ്റേഷന്‍ എന്നിവയില്‍ നിന്ന് അനുമതി തേടാമെന്ന് ഖര്‍ഗോണ്‍ ജില്ലാ ഭരണകൂടം ട്വീറ്റില്‍ അറിയിച്ചു.

തിങ്കളാഴ്ച നടത്താനിരുന്ന ഖാര്‍ഗോണ്‍ നഗരത്തിലെ കോളേജുകളിലെ എട്ടാം ക്ലാസിന്റെയും ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെയും പരീക്ഷകള്‍ അടുത്ത ഉത്തരവുകള്‍ വരെ മാറ്റിവച്ചതായി മറ്റൊരു ട്വീറ്റില്‍ പറയുന്നു.

കല്ലെറിഞ്ഞ വീടുകള്‍ തകര്‍ക്കുമെന്നും മിശ്ര പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്, ഇവിടെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ വേദനിച്ച ചിലരാണ് ഇപ്പോള്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.

'സംസ്ഥാനത്തും രാജ്യത്തും സമാധാനം തകര്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഈ (അസംബ്ലി വോട്ടെടുപ്പ്) ഫലങ്ങളില്‍ നിന്ന് പോലും, രാജ്യം എന്താണ് ആഗ്രഹിക്കുന്നതെന്ന് ഇത്തരക്കാര്‍ക്ക് മനസ്സിലായിട്ടില്ല, 'അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ ഏകപക്ഷീയമായ പ്രസ്താവന വന്നതിന് പിന്നാലെയാണ് മുസ് ലിം വീടുകള്‍ ലക്ഷ്യമാക്കി ജെസിബികള്‍ എത്തിയത്. പ്രദേശവാസികള്‍ തടയാന്‍ ശ്രമിച്ചെങ്കിലും വന്‍ പോലിസ് സന്നാഹത്തിന്റെ സാന്നിധ്യത്തില്‍ വീടുകളും കച്ചവടസ്ഥാപനങ്ങളും തകര്‍ത്തു.

Next Story

RELATED STORIES

Share it