Sub Lead

മുഖ്യമന്ത്രിയുടെ ഓഫിസ് കുറ്റവാളികളുടെ കേന്ദ്രമായി: രമേശ് ചെന്നിത്തല

സ്വര്‍ണകള്ളക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ ആരൊക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ബന്ധപ്പെട്ടത്. പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരൊക്കെയാണ് നടത്തിയത്. ഇക്കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫിസ് കുറ്റവാളികളുടെ കേന്ദ്രമായി: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: കുറ്റവാളികളുടെ കേന്ദ്രമായി സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫിസ് അധഃപതിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണത്തിലാകുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന് ഈ കേസില്‍ ബന്ധമുണ്ടെന്നും ഇതില്‍ വിശദീകരണം തരാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിപ്ലോമാറ്റിക് ചാനലുകളെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് കോടികളുടെ അഴിമതിയാണ് കേരളത്തിലുണ്ടായത്. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നെഗറ്റീവായിട്ടുള്ള പ്രതിയെന്ന് സംശയിക്കപ്പെടുന്ന സ്ത്രീക്ക് എങ്ങനെ സംസ്ഥാന ഐടി വകുപ്പിന് കീഴിലുള്ള പ്രധാനപ്പെട്ട സ്ഥാപനത്തില്‍ ജോലി ലഭിച്ചു. ആരാണ് ഇതിന്റെ പിന്നിലുള്ളത്, മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കും ഐടി സെക്രട്ടറിക്കും എന്താണ് ഇക്കാര്യത്തിലുള്ള പങ്ക് എന്നും അദ്ദേഹം ചോദിച്ചു.

ഐടി സെക്രട്ടറിക്ക് കേസിലെ മുഖ്യപ്രതിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്നലെ സ്വര്‍ണകള്ളക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ ആരൊക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ബന്ധപ്പെട്ടത്. പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരൊക്കെയാണ് നടത്തിയത്. ഇക്കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. കേസില്‍ ഇനിയും കൂടുതല്‍ ചുരുളുകള്‍ അഴിയേണ്ടിയിരിക്കുന്നു. കള്ളക്കടത്തിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവരണമെങ്കില്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it