Sub Lead

അസം- മിസോറാം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം, വെടിവയ്പ്പുണ്ടായെന്ന് റിപോര്‍ട്ട്; ഉടന്‍ പ്രശ്‌നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് അമിത് ഷാ (വീഡിയോ)

അസം- മിസോറാം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം, വെടിവയ്പ്പുണ്ടായെന്ന് റിപോര്‍ട്ട്; ഉടന്‍ പ്രശ്‌നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് അമിത് ഷാ (വീഡിയോ)
X

ദിസ്പൂര്‍: അതിര്‍ത്തി നിര്‍ണയത്തിന്റെ പേരില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന അസം- മിസോറാം അതിര്‍ത്തിയില്‍ വീണ്ടും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഷില്ലോങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിയതിന് രണ്ടുദിവസത്തിനുശേഷമാണ് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്. പ്രദേശത്ത് വെടിവയ്പ്പുണ്ടായതായും സര്‍ക്കാര്‍ വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അസമിലെ കാച്ചാര്‍ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിര്‍ത്തിപങ്കുവയ്ക്കുന്ന പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്.

അതിര്‍ത്തികടന്നുള്ള കൈയേറ്റം തടയാനെത്തിയ അസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുനേരേ മിസോറാം അക്രമണകാരികള്‍ കല്ലേറ് നടത്തിയതായി അസം പോലിസ് ആരോപിച്ചു. അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്ന് ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. അതിര്‍ത്തിയിലെ അക്രമം അവസാനിപ്പിക്കാമെന്ന് ഇരുവരും അമിത് ഷായോട് സമ്മതിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, സംഘര്‍ഷത്തിന് പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ട്വിറ്ററില്‍ ഏറ്റുമുട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പോസ്റ്റുകള്‍ ഇരുവരും ടാഗ് ചെയ്തു.

പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്ന് അമിത് ഷായെ ടാഗ് ചെയത് മിസോറാം മുഖ്യമന്ത്രി സോറാംതംഗ ട്വീറ്റ് ചെയ്തു. മിസോറാമിലേക്ക് വരികയായിരുന്ന നിരപരാധികളായ ദമ്പതികളെ കാച്ചാറില്‍ മോഷ്ടാക്കളും ഗുണ്ടകളും കൈയേറ്റം ചെയ്തതായി മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം അക്രമപ്രവര്‍ത്തനങ്ങളെ എങ്ങനെ ന്യായീകരിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു. ഇത് അവസാനിപ്പിക്കണമെന്നും പ്രശ്‌നത്തില്‍ അമിത് ഷാ ഇടപെടണമെന്നും സംഘര്‍ഷത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് മുഖ്യമന്ത്രി സോറാംതംഗ ആവശ്യപ്പെട്ടു. അതേസമയം, അതിര്‍ത്തിയില്‍ മിസോറാം അക്രമകാരികള്‍ നടത്തുന്ന അക്രമം തടയാന്‍ പോലിസ് നടപടിയെടുക്കുന്നില്ലെന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ട്വീറ്റില്‍ മറുപടി നല്‍കിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സോറാംതംഗ.

ജനങ്ങള്‍ അക്രമം തുടരുമ്പോഴും ഞങ്ങള്‍ സ്ഥാപിച്ച പോലിസ് പോസ്റ്റുകള്‍ എടുത്തുമാറ്റാനാണ് കോലാസിബ് എസ്പി ആവശ്യപ്പെടുന്നത്. അവരുടെ ആളുകളോട് സംസാരിക്കുകയോ അക്രമം തടയുകയോ ചെയ്യാതെയാണ് ഞങ്ങളോട് പിന്‍മാറാന്‍ എസ്പി ആവശ്യപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാരിന് എങ്ങനെ പ്രവര്‍ത്തിക്കാനാവും. എത്രയും വേഗം ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അസം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇടപെടുമെന്ന് മിസോറാം മുഖ്യമന്ത്രിയെ അറിയിച്ചതായി ഹിമന്ദ ബിശ്വ ശര്‍മ പിന്നീട് ട്വീറ്റ് ചെയ്തു. ഞാന്‍ മിസോറാം മുഖ്യമന്ത്രിയുമായി സംസാരിച്ചു.

സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലെ അക്രമം തടയാന്‍ ആവശ്യമെങ്കില്‍ ഐസ്‌വാള്‍ സന്ദര്‍ഷിക്കാനും വിഷയം ചര്‍ച്ച ചെയ്യാനും തയ്യാറാണെന്നും വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ സുരക്ഷയ്ക്കായി വൈറംഗെയില്‍നിന്ന് പിന്‍മാറാന്‍ അസം പോലിസിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു മിസോറാം മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിമാരുടെ ട്വിറ്റര്‍ യുദ്ധത്തിന് പിന്നാലെയാണ് അമിത് ഷാ ഇരുവരുമായും ബന്ധപ്പെട്ടത്. ഇരുസംസ്ഥാനങ്ങളും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്ത് വര്‍ഷങ്ങളായി അതിര്‍ത്തി തര്‍ക്കവും അതിന്റെ ഭാഗമായുള്ള സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നുണ്ട്. ജൂണിലാണ് അവസാന സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇരുസംസ്ഥാനങ്ങളിലെയും സുരക്ഷാസേനകള്‍ നുഴഞ്ഞുകയറ്റ ആരോപണം ഉന്നയിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it