Sub Lead

അഴിമതിയിൽ നമ്പർ വൺ റവന്യൂ വകുപ്പ്; കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സമാന്തര വില്ലേജ് ഓഫിസുകൾ

വസ്തു തരംമാറ്റം, പട്ടയം, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, കൈവശാവകാശം, ആധാരപ്പകർപ്പ് എന്നിവയാണ് ഏറ്റവുമധികം കോഴ മറിയുന്ന ഇടപാടുകൾ.

അഴിമതിയിൽ നമ്പർ വൺ റവന്യൂ വകുപ്പ്; കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സമാന്തര വില്ലേജ് ഓഫിസുകൾ
X

തിരുവനന്തപുരം: കൈക്കൂലി മാത്രമല്ല, ജനങ്ങളെ പലതവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണ്, മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് നിരന്തരം മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുന്ന മന്ത്രിയാണ് കെ രാജൻ. അദ്ദേഹം ഭരിക്കുന്ന റവന്യു വകുപ്പിലാണ് കേരളത്തിൽ ഏറ്റവുംകൂടുതൽ അഴിമതി നടക്കുന്നതെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2022 ൽ ഇതുവരെ മാത്രം 12 അറസ്റ്റുകളാണ് അഴിമതിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിൽ നടന്നത്.

തലമുറകളായി കൈവശമുള്ള ഭൂമിയാണ്. പട്ടയം നൽകാൻ ഹൈക്കോടതി ഉത്തരവുണ്ട്. നാലു വർഷം ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും തിരുവനന്തപുരം സ്വദേശി വർ​ഗീസെന്ന മധ്യവയസ്കന് തന്റെ ഭൂമിയിൻമേൽ അധികാരം ലഭിച്ചത് സമാന്തര വില്ലേജ് ഓഫിസ് വഴിയെന്ന വെളിപ്പെടുത്തൽ അഴിമതിയുടെ പുത്തൻരീതികളാണ് തുറന്നുകാട്ടുന്നത്.

രേഖകൾ കാണാതായെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് വിരമിച്ച ഉദ്യോഗസ്ഥൻ കാണാനെത്തിയത്. രണ്ടു ലക്ഷം നൽകിയാൽ ഒരു മാസത്തിനകം പട്ടയം കൈയിലെത്തുമെന്ന് ഉറപ്പ്. കാണാതായ രേഖകളെല്ലാം പൊങ്ങി. രണ്ടാഴ്ചയ്ക്കകം പട്ടയവും. റവന്യൂ വകുപ്പിൽ കൊടി കുത്തിവാഴുന്ന അഴിമതിയുടെ നേർസാക്ഷ്യമാണ് വർ​ഗീസിന്റെ അനുഭവം.

വിരമിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പലയിടത്തും സമാന്തര വില്ലേജ് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ബാലുശേരിയിലും നന്മണ്ടയിലും രണ്ടു കേന്ദ്രങ്ങൾ പോലിസ് കണ്ടെത്തി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്ത് ഓഫിസ് തുറന്ന് ഇടപാടുകൾ നടത്തുന്നവരും, രഹസ്യക്കാരുടെ ഗൂഗിൾ പേയിലൂടെ കോഴ വാങ്ങുന്നവരുമുണ്ട്.

വസ്തു തരംമാറ്റം, പട്ടയം, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, കൈവശാവകാശം, ആധാരപ്പകർപ്പ് എന്നിവയാണ് ഏറ്റവുമധികം കോഴ മറിയുന്ന ഇടപാടുകൾ. 2017ൽ വിജിലൻസ് തയ്യാറാക്കിയ വകുപ്പുകളുടെ അഴിമതി സൂചികയിൽ രണ്ടാമതായിരുന്ന റവന്യൂ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. തദ്ദേശ വകുപ്പായിരുന്നു 2017ൽ ഒന്നാമത്.

ഈ ജനുവരി മുതൽ ഇന്നലെ വരെ വിജിലൻസ് നടത്തിയ 28 ട്രാപ്പ് ഓപ്പറേഷനുകളിൽ 12 റവന്യു ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. ഇവർ ഒരു വർഷം സസ്പെൻഷനിലാവും. കേസും,. ക്രമക്കേട് കാട്ടുന്നവർക്കെതിരേ സർക്കാർ തലത്തിൽ നടപടികളുണ്ടാവും. എന്നിട്ടും അഴിമതിക്ക് കുറവില്ല. ഇടതുപക്ഷം ഭരിക്കുന്ന കാലത്തെല്ലാം റവന്യൂ വകുപ്പ് ഭരിക്കുന്നത് സിപിഐ ആണ്.

Next Story

RELATED STORIES

Share it