Sub Lead

മരണത്തില്‍ ദുരൂഹത; റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടപടി തുടങ്ങി

മരണത്തില്‍ ദുരൂഹത; റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടപടി തുടങ്ങി
X

കോഴിക്കോട്: മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് രണ്ടുമാസം മുമ്പ് ഖബറടക്കിയ വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം.

മൃതദേഹം ഖബറടക്കിയ പാവണ്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കോഴിക്കോട് തഹസില്‍ദാര്‍ പ്രേംലാലിന്റെ സാന്നിധ്യത്തില്‍ ഫോറന്‍സിക് മേധാവി ഡോ. ലിസ, എ.ഡി.എം ചെല്‍സാ സിനി, താമരശ്ശേരി ഡി.വൈ.എസ്.പി.ടി.കെ അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍. ഹൃദയം നുറുങ്ങുന്ന വേദനയില്‍ ബന്ധുക്കളും ജന്മനാടായ കാക്കൂരിലെ നാട്ടുകാരും ഖബര്‍സ്ഥാന്‍ പരിസരത്തുണ്ട്.

ഖബറിടത്തിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കോ നാട്ടുകാര്‍ക്കോ പ്രവേശനമില്ല. രാവിലെ 9.30 ഓടെയാണ് നടപടികള്‍ ആരംഭിച്ചത്. രാവിലെ 8 മണിയോടെ പോലിസുകാര്‍ സ്ഥലത്തെത്തി ക്യാമ്പ് ചെയ്തിരുന്നു.

ദുബൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ റിഫയെ ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് പാവണ്ടൂരില്‍ ഖബറടക്കിയത്. മാര്‍ച്ച് ഒന്നിന് രാത്രിയായിരുന്നു ദുബൈയിലെ ഫ്‌ലാറ്റില്‍ റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദുബൈയില്‍വെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. ഖബറടക്കാന്‍ തിടുക്കം കൂട്ടിയതും കുടുംബത്തിന് സംശയം ജനിപ്പിച്ചിരുന്നു. പോലിസില്‍ നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും എതിരെ തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് പിതാവ് റാഷിദ് അറിയിച്ചിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഭര്‍ത്താവ് മെഹ്നാസിന് എതിരെ തങ്ങളുടെ പക്കല്‍ തെളിവുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ട്. മെഹ്നാസ് പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. പൊലീസ് ഇവരെ ചോദ്യം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ മെഹ്നാസിനെതിരേ കാക്കൂര്‍ പോലിസ് കേസെടുത്തിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it