Sub Lead

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ
X

പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റയിലെ സിപിഎം പ്രവര്‍ത്തകന്‍ കെ ആര്‍ വിജയനെ വെട്ടിക്കൊന്ന കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. പാലക്കാട് മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി കെ മോഹന്‍ദാസാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 302 വകുപ്പ് പ്രകാരമുള്ള കൊലപാതകക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അഞ്ച് പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ നാലാം പ്രതിയെ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പടിഞ്ഞാമുറി പവന്‍ എന്ന സുജീഷ് (31) ആണ് ഒന്നാം പ്രതി. കാരപ്പൊറ്റ കൂടല്ലൂര്‍ ജനീഷ് (26), പടിഞ്ഞാമുറി കുന്നുംപുറം മിഥുന്‍ (27), കാരപ്പൊറ്റ അത്താണിപ്പറമ്പ് സുമേഷ് (29)എന്നിവരാണ് മറ്റുപ്രതികള്‍. നാലാം പ്രതി കാരപ്പൊറ്റ കുന്നുംപറും ചാരുഷി(25) നെയാണ് വിട്ടത്. 2015 മെയ് മൂന്നിന് വൈകിട്ട് അഞ്ചിന് വീടിനു സമീപത്തെ മരണവീട്ടിലേക്ക് പോവുകയായിരുന്ന വിജയനെ തടഞ്ഞുനിര്‍ത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വിജയന്റെ സഹോദരന്‍ കെ ആര്‍ മോഹനനാണ് സംഭവം നേരില്‍ക്കണ്ടത്. രണ്ടു ദിവസം മുമ്പ് പ്രദേശത്ത് ഉണ്ടായ സിപിഎം, ബിജെപി സംഘര്‍ഷത്തെ തുടര്‍ന്നുള്ള വിരോധമാണ് വിജയനെ കൊലപ്പെടുത്താന്‍ കാരണം.

സിപിഎം കാരപ്പൊറ്റ ബ്രാഞ്ചംഗവും ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ (സിഐടിയു) യൂനിറ്റ് സെക്രട്ടറിയുമായിരുന്ന വിജയന്‍. ഓട്ടോ ഓടിച്ചാണ് ഭാര്യയും രണ്ട് പെണ്‍മക്കളും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബം പോറ്റിയിരുന്നത്. വടക്കഞ്ചേരി സിഐ ആയിരുന്ന എസ് പി സുധീരനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പഷ്യെല്‍ പ്രോസിക്യൂട്ടര്‍ എം രാജേഷ്, ഷിജു കുര്യാക്കോസ്, എന്‍ ഡി രജീഷ് എന്നിവര്‍ കോടതിയില്‍ ഹാജരായി.

Next Story

RELATED STORIES

Share it