Sub Lead

ചൈനയ്ക്ക് താലിബാന്‍ എന്നത് പോലെയാണ് പിണറായിക്ക് കാന്തപുരം; അപകീര്‍ത്തി പരാമര്‍ശങ്ങളുമായി ആര്‍എസ്എസ് വാരിക

ചൈനയ്ക്ക് താലിബാന്‍ എന്നത് പോലെയാണ് പിണറായിക്ക് കാന്തപുരം; അപകീര്‍ത്തി പരാമര്‍ശങ്ങളുമായി ആര്‍എസ്എസ് വാരിക
X

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ഗ്രാന്റ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ക്കുമെതിരേ അപകീര്‍ത്തി പരാമര്‍ശങ്ങളുമായി ആര്‍എസ്എസ് മുഖപത്രമായ കേസരി വാരിക. കേസരിയുടെ 2022 മാര്‍ച്ച് 18ന് പുറത്തിറങ്ങിയ പതിപ്പില്‍ 'ചൈനയ്ക്കും മാതൃക വിജയന്‍ ഭരണം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് ചൈനയ്ക്ക് താലിബാന്‍ എന്നത് പോലെയാമ് പിണറായിക്ക് കാന്തപുരം എന്ന് അധിക്ഷേപിക്കുന്നത്. കോഴിക്കോട് മര്‍ക്കസ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ കെട്ടിട ഉദ്ഘാടനത്തിന് പിണറായിയും കാന്തപുരവും ഒരുമിച്ച് വേദി പങ്കിട്ടതാണ് ആര്‍എസ്എസ്സിനെ ചൊടിപ്പിച്ചിരിക്കുന്നത്.

പിണറായി വിജയന്‍ സമസ്ത സുന്നി വിഭാഗവുമായും എ പി സുന്നി വിഭാഗവുമായും അടുപ്പം പുലര്‍ത്തുന്നതിനെയും മോശമായ പദപ്രയോഗങ്ങളിലൂടെയാണ് ലേഖനം വിമര്‍ശിക്കുന്നത്. നവദമ്പതികളെ പോലെ പരസ്പരം കൈകോര്‍ത്ത് മുഖത്ത് ദാമ്പത്യത്തിന്റെ സ്വപ്‌നവുമായി മുഖ്യമന്ത്രി വിജയനും എ പി അബൂബക്കര്‍ മുസ്‌ല്യാരും കോഴിക്കോട്ട് മര്‍ക്കസ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ കെട്ടിടോദ്ഘാടനത്തിന് പടികയറുമ്പോള്‍ ഇടതുപുരോഗമനക്കാരുടെ മുഖം അല്‍പം മങ്ങിയെങ്കിലും ചൈനയിലെ ആജീവനാന്ത സര്‍വാധിപതി ഷി ജിങ്പിങ്ങിന്റെ മനസ്സ് കുളിര്‍ത്തുവെന്ന് ലേഖനം പറയുന്നു.


താലിബാനുമായി സഖ്യത്തിലായ ചൈനയ്ക്ക് പേരില്‍ താലിബാനില്ലെങ്കിലും വേഷത്തിലും മനസ്സിലും താലിബാനുള്ള സുന്നി യാഥാസ്ഥിതിക മതപണ്ഡിതന്‍മാരെ കൂട്ടുപിടിക്കുന്ന വിജയന്‍ സഖാവിന്റെ ചുവപ്പന്‍ വിപ്ലവത്തിന് അഭിവാദ്യമര്‍പ്പിക്കാതെ പറ്റില്ലല്ലോ- ലേഖനം പരിഹസിക്കുന്നു. 2021 ജൂലായ് 18ന് ബീജിങ്ങിന് അകലെയല്ലാത്ത തിയാന്‍ജിന്‍ എന്ന ചൈനീസ് തുറമുഖ നഗരത്തില്‍ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയും ദോഹയിലെ താലിബാന്‍ രാഷ്ട്രീയകാര്യ തലവന്‍ മുല്ല അബ്ദുല്‍ ഗനി ബരാദാറും വിശ്വസ്ത സുഹൃത്തുക്കളെ പോലെ ചര്‍ച്ച ചെയ്യുക മാത്രമല്ല, പരസ്പരം കൈകോര്‍ത്ത് മധുവിധുവിലേക്ക് കടക്കുകയും ചെയ്തു.

ചൈന, താലിബാന്‍ എന്ന ഹൂറിയുമായാണ് മധുവിധു ആഘോഷിക്കുന്നതെങ്കില്‍ കേരള മുഖ്യന്‍ വിജയന്‍ ഒരേ സമയം ഇത്തരം രണ്ട് ഹൂറികളുമായാണ് മധുവിധു ആഘോഷിക്കുന്നത്. ഒന്ന് സമസ്ത സുന്നിയും മറ്റേത് എ പി സുന്നിയും. ഈ രണ്ട് ഹൂറിമാരും പരസ്പരം പോരടിക്കുന്നവരാണ്. നേരത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോട് ചേര്‍ന്നതിന് കാന്തപുരം ഗ്രൂപ്പിനെ അരിവാള്‍ സുന്നിയെന്ന് വിളിച്ച് കളിയാക്കിയവരാണ് സമസ്ത എന്ന പുതിയ ഹൂറി. ലീഗ് നേതൃത്വവുമായി സൗന്ദര്യപിണക്കത്തിലായ സമസ്തക്കാര്‍ വിജയന്‍ സഖാവിനോട് പരസ്യമായി അടുപ്പം കാണിക്കാന്‍ തുടങ്ങിയിട്ട് അധികം നാളായില്ല.

പുതിയ ഹൂറി വന്നപ്പോഴും പഴയ ഹൂറിയുടെ കൈയും പിടിച്ച് സഖാവ് മധുവിധുവിന്റെ സ്മരണ പുതുക്കുന്ന കാഴ്ചയാണ് മര്‍ക്കസ് സ്‌കൂള്‍ ഉദ്ഘാടനത്തിന് കണ്ടത്. ചൈന ദീര്‍ഘകാലം ഗവേഷണം നടത്തിയാണ് താലിബാനുമായി അടുത്തത്. എന്നാല്‍, അതൊന്നുമില്ലാതെയാണ് വിജയന്‍ കീരിയും പാമ്പുമായ രണ്ട് സുന്നികളെയും ഇടതും വലതും നിര്‍ത്തിയത്- ലേഖനം വിമര്‍ശിക്കുന്നു.

Next Story

RELATED STORIES

Share it