Sub Lead

പോലിസിന്റെ അടികൊണ്ടവര്‍ മാത്രമോ ശബരിമല പ്രക്ഷോഭക്കാര്‍ ? ശശികലക്കെതിരെ പത്മ പിള്ള

ഇതോടെ ശബരിമല ആചാര സംരക്ഷണത്തില്‍ നിന്നും ആര്‍എസ്എസ്എസും ബിജെപിയും പിന്നോട്ടു പോകുന്നു എന്നാരോപിച്ച് റെഡി റ്റു വെയിറ്റ് കാംപയിനുകാരും ആര്‍എസ്എസിലെ ഒരു വിഭാഗവും തമ്മില്‍ നടക്കുന്ന പോര് കൂടുതല്‍ രൂക്ഷമായിട്ടുണ്ട്.

പോലിസിന്റെ അടികൊണ്ടവര്‍ മാത്രമോ ശബരിമല പ്രക്ഷോഭക്കാര്‍ ? ശശികലക്കെതിരെ പത്മ പിള്ള
X

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണത്തില്‍ റെഡി റ്റു വെയിറ്റ് കാംപയിനെ ശക്തമായി വിമര്‍ശിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ആചാര സംരക്ഷണ സമതി നേതാവുമായ കെ പി ശശികലയ്‌ക്കെതിരേ തുറന്ന പോരാട്ടവുമായി റെഡി റ്റു വെയിറ്റ് കാംപയിന് നേതൃത്വം നല്‍കിയ പത്മ പിള്ള. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ പി ശശികലയ്‌ക്കെതിരേ പദ്മപിള്ള വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഇതോടെ ശബരിമല ആചാര സംരക്ഷണത്തില്‍ നിന്നും ആര്‍എസ്എസ്എസും ബിജെപിയും പിന്നോട്ടു പോകുന്നു എന്നാരോപിച്ച് റെഡി റ്റു വെയിറ്റ് കാംപയിനുകാരും ആര്‍എസ്എസിലെ ഒരു വിഭാഗവും തമ്മില്‍ നടക്കുന്ന പോര് കൂടുതല്‍ രൂക്ഷമായിട്ടുണ്ട്.

കഴിഞ്ഞദിവസം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെപി ശശികല റെഡി റ്റു വെയിറ്റ് കാംപയിനെയും സംഘപരിവാറിനെതിരായ വിമര്‍ശനങ്ങളെയും തള്ളിപ്പറഞ്ഞത്. റെഡി റ്റു വെയിറ്റ് കാംപയിനുമായി ആചാര സംരക്ഷണ സമതിക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ശശികല ശബരിമല പ്രക്ഷോഭത്തില്‍ റെഡിറ്റു വെയിറ്റ് ഞങ്ങള്‍ക്കൊപ്പമല്ലെന്ന് തുറന്നടിക്കുകയും ചെയ്തു. ഇതോടെയാണ് ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മ പിള്ള രംഗത്തു വന്നത്. ശബരിമല പ്രക്ഷോഭത്തില്‍ റെഡിറ്റു വെയിറ്റ് പങ്കെടുത്തിട്ടില്ല എന്ന് പറയാനുള്ള ഒരധികാരവും കെപി ശശികലയ്ക്കില്ല. ഞാനുള്‍പ്പെടെയുള്ള അയ്യപ്പഭക്തരുടെ വികാരങ്ങളും ആകാംക്ഷയുമൊക്കെ പലരീതിയില്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രക്ഷോഭങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണവുമൊക്കെ നടത്തിയതെന്ന് പത്മ പിള്ള തുറന്നടിച്ചു.

എന്‍എസ്എസ്, എഎച്ച്പി മുതല്‍ തികച്ചും സംഘടനാസ്വഭാവമില്ലാതെ ആളുകള്‍ നടത്തിയ നാമജപഘോഷയാത്രകളെ തൃണവല്‍ക്കരിക്കാന്‍ ടീച്ചര്‍ക്ക് ആരാണ് അധികാരം കൊടുത്തത്? അതോ പോലിസുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ മാത്രമേ ടീച്ചര്‍ പ്രക്ഷോഭമായി കൂട്ടുന്നുള്ളോ? ശബരിമല യുവതിപ്രവേശനത്തിനു വേണ്ടി തങ്ങളാല്‍ ആവതു ചെയ്ത ചര്‍ച്ചകളിലൂടെയും കോടതി വ്യവഹാരത്തിലൂടെയും കര്‍മ്മ സമിതിക്കുള്‍പ്പെടെയുള്ള സാമ്പത്തിക സംഭാവനയായും ടീവിക്കു മുമ്പില്‍ നെഞ്ചുപൊട്ടിയിരുന്നു കരഞ്ഞു പ്രാര്‍ത്ഥിച്ച വകയിലും പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ അഭിപ്രായം പറയാന്‍ പോലും അര്‍ഹതയില്ലാത്ത വെറും നികൃഷ്ടരായിക്കാണുന്ന പ്രവണത നന്നല്ല- പത്മ പിള്ള തുറന്നടിച്ചു.

നേരത്തെ ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല മറിച്ച് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന് പദ്മ പിള്ള കുറ്റപ്പെടുത്തിയിരുന്നു. ശബരിമല ഒരു വോട്ട് ബാങ്ക് രാഷ്ട്രീയ നയം മാത്രമായിരുന്നു അവര്‍ക്കെന്നും ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ അവര്‍ക്ക് എങ്ങനെ പറ്റുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു എന്നുമാണ് കഴിഞ്ഞദിവസം പദ്മപിള്ള ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ഒരു വിഭാഗം ആര്‍എസ്എസ് അനുകൂലികളും ആചാര സംരക്ഷണ സമിതിയിലെ ഒരു വിഭാഗവും തമ്മില്‍ സാമൂഹികമാധ്യമങ്ങളില്‍ വലിയ പോര് തുടങ്ങി.

ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് ആയ ആര്‍ ഹരി അടക്കം ശബരിമല യുവതി പ്രവേശനത്തിന് അനുകൂലമായ നിലപാടാണെടുക്കുന്നതെന്നും ഇതിന് പിന്നിലെ ലക്ഷ്യങ്ങള്‍ വിശ്വാസികള്‍ക്ക് എതിരാണെന്നും ആരോപിച്ചായിരുന്നു ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇവര്‍ക്കെതിരെ മറുപടിയുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ തന്നെ രംഗത്തെത്തിയതോടെ ശബരിമല ആചാര സംരക്ഷണ സമിതിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

കെ പി ശശികലയ്ക്ക് മറുപടിയായുള്ള പദ്മ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്‌....


Next Story

RELATED STORIES

Share it