Sub Lead

ശബരിമല ഹര്‍ജികള്‍ ഇന്ന് ഒമ്പതംഗ ഭരണഘടനാ ബഞ്ചില്‍

പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട് ആരുടെയെല്ലാം വാദം കേള്‍ക്കണമെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

ശബരിമല ഹര്‍ജികള്‍ ഇന്ന് ഒമ്പതംഗ ഭരണഘടനാ ബഞ്ചില്‍
X

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങളില്‍ ഇന്ന് ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട് ആരുടെയെല്ലാം വാദം കേള്‍ക്കണമെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. മകരവിളക്ക് കാലത്താണ് ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത് എന്നതും ശ്രദ്ധേയം.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ വിശാല ബഞ്ചില്‍ ജസ്റ്റിസ് ആര്‍ ഭാനുമതി മാത്രമാണ് ഏക വനിതാംഗം. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വരറാവു, മോഹന്‍ എം ശാന്തനഗൗഡര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റംഗങ്ങള്‍. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച് ഭൂരിപക്ഷവിധി പുറപ്പെടുവിച്ച ബഞ്ചിലെ ഒരംഗങ്ങളും, എതിര്‍വിധി എഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയടക്കം പുതിയ ബഞ്ചിലില്ല.

അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമേ, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഢ്, റോഹിന്‍ടണ്‍ നരിമാന്‍, ഇന്ദുമല്‍ഹോത്ര എന്നിവരാണ് ശബരിമല യുവതീപ്രവേശനഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗഭരണഘടനാ ബഞ്ചിലുണ്ടായിരുന്നത്. ഒന്നിനെതിരെ നാല് എന്ന തരത്തില്‍ ഭൂരിപക്ഷം ന്യായാധിപരും ശബരിമലയില്‍ യുവതീപ്രവേശനമാകാമെന്നും ആരാധനയ്ക്ക് തുല്യാവകാശമുണ്ടെന്നും വിധിച്ചു. 2018 സെപ്റ്റംബര്‍ 28നായിരുന്നു ഈ ചരിത്രവിധി.

എന്നാല്‍ ഇതിനെതിരെ 56 പുനഃപരിശോധനാഹര്‍ജികളാണ് സുപ്രിംകോടതിയിലെത്തിയത്. തുടര്‍ന്ന്, പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുനഃപരിശോധനാഹര്‍ജികളെല്ലാം തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ തീരുമാനിച്ചു. ബന്ധപ്പെട്ടവരുടെ വാദം കേട്ട ചീഫ് ജസ്റ്റിസ് വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചു. പിന്നീട് എത്തിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, കേസ് വിശാലബഞ്ചിന്റെ പരിഗണനയ്ക്ക് വിടാനാണ് തീരുമാനിച്ചത്. ഇതിനിടെ മല കയറാന്‍ സുരക്ഷ തേടി എത്തിയ ബിന്ദു അമ്മിണിക്കും, രഹ്ന ഫാത്തിമയ്ക്കും സുരക്ഷ നല്‍കാനുള്ള ഉത്തരവ് നല്‍കാന്‍ കോടതി വിസമ്മതിക്കുകയും ചെയ്തു.

ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്ന പ്രധാന വിഷയങ്ങള്‍

ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ച് ഏഴ് വിഷയങ്ങളാണ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ആ വിഷയങ്ങള്‍ ഇവ ആണ്:

1. ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പുകളും തുല്യത സംബന്ധിച്ച വകുപ്പുകളും തമ്മിലുള്ള ബന്ധം.

2. മതസ്വാതന്ത്ര്യം സംബന്ധിച്ച 25 (1)വകുപ്പിലെ 'പൊതുക്രമം, ധാര്‍മികത, ആരോഗ്യം' എന്നിവ വിവക്ഷിക്കുന്നത് എന്താണ്?

3. 'ധാര്‍മികത', 'ഭരണഘടനാ ധാര്‍മികത' എന്നീ പ്രയോഗങ്ങള്‍ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഇത് മൊത്തത്തിലുള്ള ധാര്‍മികതയാണോ, അതല്ല മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമാണോ?

4. ആചാരങ്ങള്‍ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ?

5. മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പിലെ 25 (2) (ബി)യില്‍ പറയുന്ന 'ഹൈന്ദവ വിഭാഗങ്ങള്‍' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം എന്താണ്?

6. ഒരു മതത്തിന്റെ/ഒരു വിഭാഗത്തിന്റെ 'ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങള്‍ക്ക്' ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച 26ാം വകുപ്പിന്റെ സംരക്ഷണമുണ്ടോ?

7. മതപരമായ ആചാരങ്ങളെ ആ മതത്തിലോ വിഭാഗത്തിലോ പെടാത്ത വ്യക്തി പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത് എത്രത്തോളം അനുവദിക്കണം?

ഇതിന് പുറമെ 1965ലെ കേരള പൊതു ആരാധനാസ്ഥല (പ്രവേശനാനുമതി) ചട്ടങ്ങള്‍ ശബരിമല ക്ഷേത്രത്തിനു ബാധകമാണോ എന്ന വിഷയവും വിശാല ബെഞ്ചിന് പരിഗണിക്കാം എന്ന് അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശബരിമല യുവതീപ്രവേശനവുമായി നേരിട്ട് ബന്ധപ്പെടുന്ന ഈ വിഷയം വിശാല ബെഞ്ച് ഈ ഘട്ടത്തില്‍ പരിഗണിക്കുമോ എന്ന് വ്യക്തമല്ല. അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതിന് പുറമേയുള്ള കാര്യങ്ങളും പരിഗണനാ വിഷയത്തില്‍ ഉള്‍പ്പെടുത്താന്‍ ഒന്‍പതംഗ ബെഞ്ചിന് അധികാരമുണ്ട്.

Next Story

RELATED STORIES

Share it