Sub Lead

ഷെഹ്‌ലയ്ക്ക് പാമ്പുകടിയേറ്റ കെട്ടിടം പൊളിക്കും; ക്ലാസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കും

യുപി വിഭാഗത്തിന് അടുത്ത മാസം രണ്ടിന് ആരംഭിക്കും. ഇന്നു വൈകീട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് സുപ്രധാന തീരുമാനം.

ഷെഹ്‌ലയ്ക്ക് പാമ്പുകടിയേറ്റ കെട്ടിടം പൊളിക്കും; ക്ലാസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കും
X

സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍നിന്നും പാമ്പു കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ചൊവ്വാഴ്ച പുനഃരാരംഭിക്കും. യുപി വിഭാഗത്തിന് അടുത്ത മാസം രണ്ടിന് ആരംഭിക്കും. ഇന്നു വൈകീട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് സുപ്രധാന തീരുമാനം.

സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ചതിനെതുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ക്ലാസുകള്‍ നിര്‍ത്തിവച്ചിരുന്നു. യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിങ് നല്‍കാനും തീരുമാനമായി. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്ത വിദ്യാര്‍ഥികളോട് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും പ്രതികാരനടപടിയുണ്ടാകരുതെന്നും യോഗം നിര്‍ദേശിച്ചു.

വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റ ക്ലാസ്മുറിയടങ്ങുന്ന പഴയ കെട്ടിടത്തില്‍ ഇനി അധ്യയനം നടത്തില്ല. ഈ കെട്ടിടം ഉടന്‍ പൊളിച്ച്, പുതിയ കെട്ടിടം നിര്‍മിക്കും. വിദ്യാഭ്യാസമന്ത്രി അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് ഇവിടെ കെട്ടിടം നിര്‍മിക്കുന്നതിനായി നഗരസഭാ എന്‍ജിനീയറിങ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് തിങ്കളാഴ്ച ചീഫ് എന്‍ജിനീയര്‍ക്കും വിദ്യാഭ്യാസമന്ത്രിക്കും അയച്ചുകൊടുക്കും.

നിര്‍മാണത്തിനുള്ള ഭരണാനുമതി ലഭിച്ചാലുടന്‍ പഴയ കെട്ടിടം പൊളിക്കും. രണ്ട് നിലകളിലായി പത്ത് ക്ലാസ് മുറികളും 20 ശുചിമുറികളും അടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാവും നിര്‍മിക്കുക. ആറുമാസംകൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

നിലവില്‍ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന യുപി വിഭാഗം ക്ലാസുകള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്ക് മാറ്റും. വിദ്യാര്‍ഥിനിയുടെ മരണത്തിനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.നഗരസഭാ ചെയര്‍മാന്‍ ടി എല്‍ സാബു അധ്യക്ഷത വഹിച്ചു. ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ, ഡിഡിഇ ഇബ്രാഹിം തോണിക്കര, ബത്തേരി സി ഐ എംഡി സുനില്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, സ്‌കൂളിലെ അധ്യാപകര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it