Sub Lead

ഇസ്രായേല്‍-അറബ് സഹകരണം: വൈറ്റ് ഹൗസ് ഉപദേഷ്ടാവ് സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

ഇസ്രായേല്‍-അറബ് സഹകരണം: വൈറ്റ് ഹൗസ് ഉപദേഷ്ടാവ് സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
X

റിയാദ്: യുഎഇക്കു പിന്നാലെ മറ്റു അറബ് രാഷ്ട്രങ്ങളെ കൂടി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് ജെറാഡ് കുഷ്‌നര്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂട്ടിക്കാഴ്ച നടത്തി. ട്രംപിന്റെ മരുമകന്‍ കൂടിയായ ജെറാഡ് കുഷ്‌നറാണ് ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയതെന്ന് സൗദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. യുഎഇ-ഇസ്രായേല്‍ സഹകരണത്തിനു ശേഷം ഈ ലക്ഷ്യവുമായി വിവിധ അറബ് രാഷ്ട്രങ്ങള്‍ ജെറാഡ് കുഷ്‌നര്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സൗദി വ്യോമപാത തുറന്നുകൊടുത്തതോടെ, ചരിത്രത്തിലാദ്യമായി ഇസ്രായേല്‍ വിമാനം യുഎഇയില്‍ ഇറങ്ങിയിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറബ് രാഷ്ടങ്ങള്‍ ജെറാഡ് കുഷ്‌നര്‍ സന്ദര്‍ശിക്കുമെന്നാണു റിപോര്‍ട്ടുകള്‍. യുഎഇക്കു പിന്നാലെ മറ്റൊരു അറബ് രാഷ്ട്രം കൂടി ഇസ്രയേലുമായി മാസങ്ങള്‍ക്കുള്ളില്‍ ബന്ധം സ്ഥാപിക്കുമെന്ന് ജെറാഡ് കുഷ്‌നര്‍ രണ്ടാഴ്ച മുമ്പ് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, 22 അറബ് രാഷ്ട്രങ്ങള്‍ക്കും ഇസ്രായേലുമായി സാധാരണ ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇസ്രായേല്‍ സഹകരണത്തോട് ഫലസ്തീനും തുര്‍ക്കിയും ഇറാനും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മുന്‍ നിശ്ചയ പ്രകാരം വൈറ്റ് ഹൗസ് പ്രതിനിധി സംഘം കൂടിക്കാഴ്ച തുടരുകയാണ്. യുഎഇയുമായുള്ള ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് തുര്‍ക്കി പ്രഖ്യാപിച്ചിരുന്നു. യുഎഇ ഇസ് ലാമിക സമൂഹത്തെയും അറബ് രാജ്യങ്ങളെയും മേഖലയിലെ രാജ്യങ്ങളെയും ഫലസ്തീനെയും ഒറ്റിക്കൊടുത്തുവെന്നായിരുന്നു ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ നിലപാട്. ഇതിനിടെ, കഴിഞ്ഞ ദിവസം ബഹ്റയ്ന്‍ സന്ദര്‍ശിച്ച കുഷ്നര്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മാത്രമല്ല, യുഎഇ സൈനിക ഉദ്യോഗസ്ഥരെ അബൂദബി വ്യോമതാവളത്തിലെത്തിയും കൂടിക്കാഴ്ച നടത്തിയിരുന്നു. 1978ല്‍ ഈജിപ്തും 1994ല്‍ ജോര്‍ദാനുമാണ് ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച അറബ് രാഷ്ട്രങ്ങള്‍.


Saudi Crown Prince Meets With US Presidential Advisor Jared Kushner



Next Story

RELATED STORIES

Share it