Big stories

സൗദി കിരീടാവകാശിയുടെ പാക് സന്ദര്‍ശനം ഈ ആഴ്ച; ശതകോടി ഡോളര്‍ നിക്ഷേപിക്കും

ശനിയാഴ്ച ഉച്ചയോടെ പാകിസ്താനിലെത്തുന്ന കിരീടാവകാശി ഞായറാഴ്ച രാത്രിയോടെ തിരിച്ചു പോവുമെന്ന് പേരുവെളിപ്പെടുത്താത്ത പാക് വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇഎഫ്ഇ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

സൗദി കിരീടാവകാശിയുടെ പാക്  സന്ദര്‍ശനം ഈ ആഴ്ച;  ശതകോടി ഡോളര്‍ നിക്ഷേപിക്കും
X

ഇസ്ലാമാബാദ്: സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക സന്ദര്‍ശനം ഈ ആഴ്ചാവസാനമെന്ന് റിപോര്‍ട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സഖ്യരാജ്യമായ പാകിസ്താനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ശത കോടി ഡോളറിന്റെ നിക്ഷേപക്കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.

ശനിയാഴ്ച ഉച്ചയോടെ പാകിസ്താനിലെത്തുന്ന കിരീടാവകാശി ഞായറാഴ്ച രാത്രിയോടെ തിരിച്ചു പോവുമെന്ന് പേരുവെളിപ്പെടുത്താത്ത പാക് വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇഎഫ്ഇ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. ഇദ്ദേഹത്തോടൊപ്പം 630 അംഗ പ്രതിനിധി സംഘവും ബിന്‍ സല്‍മാനെ അനുഗമിക്കും. പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന ബിന്‍ സല്‍മാന്‍ 200 കോടി ഡോളറിന്റെ നിക്ഷേപക്കരാറില്‍ ഒപ്പുവയക്കും. എന്നാല്‍, ഏതൊക്കെ മേഖലകളില്‍ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, ഇന്ധനം, പുനര്‍നിര്‍മിക്കാവുന്ന ഊര്‍ജ്ജം, ഖനനം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും കരാറിലെത്തുമെന്ന് പ്രധാനമന്ത്രിയുടെ വാണിജ്യ നിക്ഷേപ ഉപദേശകന്‍ റസാഖ് ദാവൂദ് പറഞ്ഞു.

കിരീടവകാശിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായിട്ടാണ് ബിന്‍ സല്‍മാന്‍ പാകിസ്താനിലെത്തുന്നത്. ഇദ്ദേഹത്തിന്റ സന്ദര്‍ശനത്തിന് മുന്നോടിയായി സൗദിയില്‍ നിന്ന് അഞ്ച് ട്രക്കുകള്‍ ഇസ്ലാമാബാദിലെത്തി.

ഇതില്‍ നിറയെ സൗദി രാജകുമാരന്റെ സുഖസാമഗ്രികളാണ്. രാജകുമാരന്‍ ഉപയോഗിക്കുന്ന ഇരിപ്പിടങ്ങള്‍, ഫര്‍ണിച്ചറുകള്‍, വ്യായാമ സാമഗ്രികള്‍ എന്നിവയാണ് ട്രക്കുകളില്‍ എത്തിയത്. സൗദി എംബസി വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഡോണ്‍ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടത്.

അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി സൗദിയില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഇസ്ലാമാബാദില്‍ എത്തിക്കഴിഞ്ഞു. താമസസ്ഥലത്തെയും മറ്റും സുരക്ഷ പരിശോധിക്കുകയാണ് ഉദ്യോഗസ്ഥര്‍.

രാജകുമാരന്റെ താമസം ഇവിടെ രാജകുമാരന്റെ താമസം ഇവിടെ ഇസ്ലാമാബാദില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ആയിരിക്കും മുഹമ്മദ് ബിന്‍ സല്‍മാന്‍ താമസിക്കുക. തലസ്ഥാനത്തെ രണ്ട് പ്രധാന ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൂടെ എത്തുന്നവര്‍ ഇവിടെ താമസിക്കും. കൂടാതെ രണ്ടു ആഡംബര ഹോട്ടലുകള്‍ ഭാഗികമായും ബുക്ക് ചെയ്തുവെന്ന് ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലും അദ്ദേഹം വരുന്നുണ്ട്. ഈ മാസം 19, 20 തിയ്യതികളിലാണ് മുഹമ്മദ് രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിക്കുക. ഇന്ത്യയും സൗദിയും തമ്മില്‍ ഒട്ടേറെ നിക്ഷേപ കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് വിവരം. മലേഷ്യയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it