Sub Lead

നിര്‍ണായക നീക്കങ്ങളുമായി സേവ് ലക്ഷദ്വീപ് ഫോറം

ഓരോ ദ്വീപുകളുടെയും ചെയര്‍പേഴ്‌സണിനു കീഴില്‍ ഒരു ദ്വീപ് ലെവല്‍ സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിക്കും. സമിതിയില്‍ എല്ലാ പാര്‍ട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കും.

നിര്‍ണായക നീക്കങ്ങളുമായി സേവ് ലക്ഷദ്വീപ് ഫോറം
X

കൊച്ചി: പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹനടപടികള്‍ക്കെതിരേ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറം (എസ്എല്‍എഫ്) യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈകൊണ്ടു.

ഓരോ ദ്വീപുകളുടെയും ചെയര്‍പേഴ്‌സണിനു കീഴില്‍ ഒരു ദ്വീപ് ലെവല്‍ സേവ് ലക്ഷദ്വീപ് ഫോറം രൂപീകരിക്കും. സമിതിയില്‍ എല്ലാ പാര്‍ട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കും. അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ചെയര്‍പേഴ്‌സണ്‍മാര്‍ക്ക് പാര്‍ട്ടി യൂനിറ്റ് പ്രസിഡന്റുമാരോട് അഭ്യര്‍ത്ഥിക്കാം.

ഓരോ ദ്വീപിലും സാമൂഹിക, സാംസ്‌കാരിക, വിദഗ്ധരെയും ഉള്‍പ്പെടുത്തി ഒരു ഉപദേശക സമിതി രൂപീകരിക്കും. കൂടാതെ ഓരോ ദ്വീപിന്റെയും ഉപദേശക സമിതിയിലെ അംഗങ്ങളെ തീരുമാനിക്കാന്‍ കോര്‍ കമ്മിറ്റി തീരുമാനമെടുക്കാം.

കൂടാതെ, കേന്ദ്ര ഉപദേശക സമിതി രൂപീകരിക്കും. ലക്ഷദ്വീപില്‍ നിന്നുള്ളവരും പുറത്തുള്ള വിദഗ്ധരും ഉള്‍പ്പെട്ടതായിരിക്കും അത്. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളുമായി ഉപദേശക സമിതി വിപുലീകരിക്കും.

നിയമ സെല്‍ രൂപീകരിക്കാനും എസ്എല്‍എഫ് തീരുമാനിച്ചു. ലക്ഷദ്വീപിലെ അഭിഭാഷകരുമായും മെയിന്‍ ലാന്റില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകരുമായും ഏകോപിപ്പിച്ച് നിയമ സെല്‍ രൂപീകരിക്കാന്‍ ലക്ഷദ്വീപ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അജാസ് ഷബീറിനെ ചുമതലപ്പെടുത്തി. നിലവിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ നിയമപോരാട്ടങ്ങളും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നിയമ സെല്ലിലൂടെ ആയിരിക്കണം.

കൂടാതെ, അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് കൈ കോര്‍ക്കാനും എല്ലാ പാര്‍ട്ടികളും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ അഭിപ്രായങ്ങളോ സോഷ്യല്‍ മീഡിയയിലോ മറ്റേതെങ്കിലും മാധ്യമങ്ങളിലോ പോസ്റ്റുചെയ്യാതെ എല്ലാം സേവ് ലക്ഷദ്വീപ് ഫോറത്തിന് കീഴില്‍ പോസ്റ്റ് ചെയ്യാന്‍ തീരുമാനമെടുത്തു. ഇതിനായി കെ പി സലീമിന്റെ കീഴില്‍ സോഷ്യല്‍ മീഡിയ സെല്‍ രൂപീകരിക്കും.

കോര്‍ കമ്മിറ്റി എത്രയും വേഗം കവരത്തി സന്ദര്‍ശിക്കുകയും, അഡ്മിനിസ്‌ട്രേറ്ററുടെ അടുത്ത സന്ദര്‍ശന സമയത്ത് അഡ്മിനിസ്‌ട്രേറ്ററെ കാണുകയും ചെയ്യും.

ഈ മാസം ഏഴിന് എല്ലാ ദ്വീപുവാസികളും വീട്ടില്‍ 12 മണിക്കൂര്‍ ഉപവാസം ആചരിക്കും, ഹോട്ടല്‍ പാര്‍സല്‍ സേവനവും മെഡിക്കല്‍ ഷോപ്പുകളും ഒഴികെയുള്ള എല്ലാ കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടും. ഡോ. പി പി കോയ ജോയിന്റ് കണ്‍വീനര്‍, മുഹമ്മദ് ഫൈസല്‍ എംപി സ്ഥിരം ക്ഷണിതാവ്, ഡോ. മുഹമ്മദ് സാദിക് കോര്‍ഡിനേറ്റര്‍. കോയ കോമളം ജോയിന്റ് കോര്‍ഡിനേറ്റര്‍, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ കെ പി സലിം, അഡ്വ. ആറ്റബി, അലി അക്ബര്‍, അഡ്വ. ഇജാസ് ഷബീര്‍ പ്രസിഡന്റ് ലക്ഷദ്വീപ് ബാര്‍ അസോസിയേഷന്‍. അഡ്വ ഹംദുള്ള സയീദ് മുന്‍ എംപി സ്ഥിരം ക്ഷണിതാവ്, യുസികെ തങ്ങള്‍ ജോയിന്റ് കണ്‍വീനര്‍, കസ്മി കോയ കെഎന്‍ഡിപി അംഗം, നജ്മുദ്ദീന്‍ സി ടി ജോയിന്റ് കോര്‍ഡിനേറ്റര്‍ എന്നിവര്‍ ഫോണിലൂടെ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, ലക്ഷദ്വീപില്‍ പ്രതിഷേധം പടരുകയാണ്. ഇന്നലെ വൈകീട്ട് വൈകീട്ട് അഞ്ചിന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രതിനിധി വിജേന്ദ്ര സിംഗ് റാവത്ത് ഐഎഎസ് ജന പ്രതിനിധികളുടെയും കക്ഷി നേതാക്കളുടേയും നിസ്സകരണത്തിനും ചൂടന്‍ വാഗ്വാദങ്ങള്‍ക്കും ഇരയായി.

യോഗം തുടങ്ങുമ്പോള്‍ തന്നെ കല്‍പേനി പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ അഡ്മിനിസ്‌ട്രേഷന്റെ ജനദ്രോഹപരമായ നീക്കങ്ങള്‍ പിന്‍വലിക്കുകയും ദ്വീപുകാരേയും പ്രത്യേകിച്ച് കില്‍ത്താന്‍ ദ്വീപിനേയും മീഡിയയിലൂടെ അപമാനിച്ച് സംസാരിച്ച കലക്ടര്‍ ദ്വീപ് ജനതയോട് മാപ്പ് പറയാതെയും യാതൊരു വിധ ചര്‍ച്ചക്കും തങ്ങള്‍ ഒന്നടങ്കം തയ്യാറല്ലെന്നും തുടര്‍ന്ന് എല്ലാ കക്ഷികളും യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തു. കാര്യങ്ങള്‍ ഉള്‍കൊണ്ട കത്ത് കൈമാറി യോഗ ഹാളിനു പുറത്തേക്ക് മുദ്രാവാക്യങ്ങളോടെ നീങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും കലക്ടര്‍ അസ്‌കര്‍ അലിക്കും എതിരെ ഗോ ബാക്ക് വിളികളും ഉണ്ടായി.

ഇന്നലെ ആന്ത്രോത്ത്, ചേത്‌ലത് ദ്വീപുകളില്‍ ഉദ്യോഗസ്ഥരെ ബഹിഷ്‌കരിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ദ്വീപുകളില്‍ നിസ്സഹകരണം ഉണ്ടാകും എന്ന് കരുതുന്നു.

Next Story

RELATED STORIES

Share it