Sub Lead

കാര്‍ഷിക നിയമം: സുപ്രിംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കി

മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രിംകോടതി പരിശോധിക്കും.

കാര്‍ഷിക നിയമം: സുപ്രിംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കി
X

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചു. 85 കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സമിതി അംഗങ്ങള്‍ അറിയിച്ചു. മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രിംകോടതി പരിശോധിക്കും. നാലംഗ സമിതിയെയാണ് നേരത്തെ സുപ്രിംകോടതി നിയമിച്ചതെങ്കിലും ഇതില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മാന്‍ പിന്‍മാറുകയായിരുന്നു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വാദം കേട്ട് ചര്‍ച്ച ചെയ്യുന്നതു വരെ റിപോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്തില്ല. ഹോളി അവധിക്കാലം കഴിഞ്ഞ് സുപ്രിം കോടതി വീണ്ടും തുറക്കുന്ന ഏപ്രില്‍ 5ന് ശേഷം വാദം കേള്‍ക്കുമെന്നാണ് കരുതുന്നത്. ജനുവരി 12നാണ് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി സമിതിയെ നിയോഗിച്ചത്. രണ്ട് മാസത്തെ സമയമായിരുന്നു ഇവര്‍ക്ക് അനുവദിച്ചത്.

കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ ശ്രമിച്ചതായി സമിതി അംഗങ്ങള്‍ വ്യക്തമാക്കി. ഡോ. അശോക് ഗുലാട്ടി, ഡോ. പ്രമോദ് ജോഷി, അനില്‍ ഘാന്‍വാട്ട് എന്നിവരാണ് മൂന്നംഗ സമിതിയലെ അംഗങ്ങള്‍.

കാര്‍ഷിക നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നവംബര്‍ മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ തമ്പടിച്ച് സമരം ചെയ്യുകയാണ്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പ്രധാനമായും സമരത്തിന് നേതൃത്വം നല്‍കുന്നത്. നിയമങ്ങള്‍ കോര്‍പ്പറേറ്റ് അനുകൂലമാണെന്നും മാണ്ഡി സമ്പ്രദായത്തെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് കര്‍ഷകര്‍ വാദിക്കുന്നത്. നിയമങ്ങള്‍ കാര്‍ഷിക മേഖലയില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുമെന്നും ഒടുവില്‍ കര്‍ഷകരെ സഹായിക്കുമെന്നുമാണ് സര്‍ക്കാര്‍ ഭാഷ്യം.

Next Story

RELATED STORIES

Share it