Sub Lead

യുപി മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ ഭരണഘടനാ ലംഘനമെന്ന് സുപ്രിം കോടതി

യുപി മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ ഭരണഘടനാ ലംഘനമെന്ന് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ ചില ഭാഗങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രിം കോടതി. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് വാക്കാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് സാം ഹിഗ്ഗിന്‍ബോട്ടം അഗ്രികള്‍ച്ചര്‍, ടെക്‌നോളജി ആന്റ് സയന്‍സ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജേന്ദ്ര ബിഹാരി ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നല്‍കിയ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 307 (കൊലപാതകശ്രമം), 504 (സമാധാന ലംഘനം ലക്ഷ്യമിട്ടുള്ള മനഃപൂര്‍വ്വം അപമാനിക്കല്‍), 386 (അപകടം) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിനും കൂട്ടുപ്രതികള്‍ക്കുമെതിരേ ചുമത്തിയിരുന്നത്.

മതപരിവര്‍ത്തനം എന്ന് പറയുമ്പോള്‍ ഇവിടെ എന്ത് മതപരിവര്‍ത്തനമാണ് നടന്നതെന്ന് ബെഞ്ച് ചോദിച്ചു. അവര്‍ ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയതിനെയാണ് ചോദ്യംചെയ്യുന്നതെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദവെ മറുപടി നല്‍കി. എന്നാല്‍ ഇത് നിര്‍ബന്ധിതമാണോ അതോ സ്വാഭാവികമാണോയെന്നായിരുന്നു ബെഞ്ചിന്റെ ചോദ്യം. നിര്‍ബന്ധിത മതപരിവര്‍ത്തനിത്തിനാണ് കേസെടുത്തതെന്നും എഫ്‌ഐആര്‍ ഫയല്‍ ചെയ്തത് ഇരകളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമിക്കപ്പെട്ട വ്യക്തിക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ മാത്രമേ ഈ നിയമം പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ കഴിയൂ. മതപരിവര്‍ത്തനത്തെക്കുറിച്ച് അറിഞ്ഞ മൂന്നാമതൊരാള്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനുള്ള സാധുതയെയും കോടതി ചോദ്യം ചെയ്തു. നിയമം അത്തരമൊരു സാഹചര്യം നല്‍കുന്നില്ലെന്ന് സിദ്ധാര്‍ത്ഥ് ദവെ വാദിച്ചു. തുടര്‍ന്നാണ്,

അനാവശ്യമായ സ്വാധീനമോ തെറ്റായ ചിത്രീകരണമോ ബലപ്രയോഗമോ ഉള്‍പ്പെടുന്നില്ലെങ്കില്‍ മതപരിവര്‍ത്തനം തന്നെ കുറ്റകരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. അത്തരം സന്ദര്‍ഭങ്ങളില്‍, നിയമവിരുദ്ധമായ മതപരിവര്‍ത്തനം അവകാശപ്പെടാന്‍ ഇരയ്ക്ക് മാത്രമേ കഴിയൂ. എഫ്‌ഐആര്‍ പരിശോധിച്ചപ്പോള്‍ ഐപിസി 420ഉം വ്യാജരേഖ ചമക്കലും കൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് കോടതി ചോദിച്ചു. പള്ളിയില്‍ ഒരു ചടങ്ങ് നടന്നുവെന്നും 'അച്ഛന്‍' മതപരിവര്‍ത്തനം നടത്തുകയായിരുന്നുവെന്നും പറയുമ്പോള്‍ എന്താണ് അര്‍ഥമാക്കുന്നത്? പ്രലോഭനവും ബലപ്രയോഗവും സംബന്ധിച്ച് എന്തെങ്കിലും സാക്ഷി മൊഴികള്‍ ഉണ്ടോയെന്നും ബെഞ്ച് ചോദിച്ചു. 'ഏതെങ്കിലും കുറ്റകൃത്യം ചെയ്തതായി സൂചിപ്പിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. അത് ഏത് പള്ളിയാണെന്നോ, ഏത് വിഭാഗത്തിന്റേതാണെന്നോ പോലും അവര്‍ പറയുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്ന സ്ഥലത്ത് എവിടെയും ഇരകളെ കാണാനില്ലെന്നും അവരെ ഓടിച്ചെന്നത് അവകാശവാദം മാത്രമാണെന്നും മറ്റു പ്രതികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുക്ത ഗുപ്ത പറഞ്ഞു. പ്രതിയുടെ പേര് എഫ്‌ഐആറില്‍ പറയുന്നില്ല. ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവ്യക്തമാണ്. വളരെ വൈകിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഞ്ചു മാസത്തിനു ശേഷമാണ് ആദ്യത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഇത്രയും മാസം വൈകിയതിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും മറ്റ് ചില പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ റെബേക്ക ജോണ്‍ പറഞ്ഞു. വാദപ്രതിവാദങ്ങള്‍ക്കിടെയാണ്, യുപിയിലെ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ ചില ഭാഗങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ലംഘിക്കാനിടയുണ്ടെന്ന് ജസ്റ്റിസ് മിശ്ര നിരീക്ഷിച്ചത്. നിലവിലെ ഹരജികള്‍ ഭാഗികമായി പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയും എഫ്‌ഐആറുകളിലെ തുടര്‍നടപടികള്‍ അടുത്ത ഹിയറിങ് വരെ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു. 20 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ഫണ്ട് ഉള്‍പ്പെട്ട കൂട്ട മതപരിവര്‍ത്തന പരിപാടിയുടെ പ്രധാന ആസൂത്രകര്‍ ഡോ. രാജേന്ദ്ര ബിഹാരി ലാല്‍ മറ്റ് പ്രതികളുമാണെന്നാണ് ഉത്തര്‍പ്രദേശ് പോലിസ് നേരത്തേ കോടതിയെ അറിയിച്ചിരുന്നത്. ഫത്തേപൂരിലെ ഹരിഹര്‍ഗഞ്ചിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ ക്രിസ്തുമതം സ്വീകരിക്കാനായി 90 ഓളം ഹിന്ദുക്കള്‍ ഒത്തുകൂടിയെന്നും അവരെ അനാവശ്യ സ്വാധീനത്തിനും നിര്‍ബന്ധത്തിനും വഞ്ചനയിലൂടെയും പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തും ആകര്‍ഷിച്ചെന്നുമാണ് പോലിസ് ആരോപണം. യുപിയിലെ നിയമം അനുസരിച്ച് മതപരിവര്‍ത്തനത്തിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ആഗസ്ത് രണ്ടിന് വീണ്ടും വാദം കേള്‍ക്കും.

Next Story

RELATED STORIES

Share it