Sub Lead

ദക്ഷിണ കന്നഡയില്‍ ജനങ്ങളുടെ പ്രതികരണം പ്രതീക്ഷ നല്‍കുന്നു: എസ്ഡിപിഐ സ്ഥാനാര്‍ഥി

സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പാര്‍ട്ടിയുടെ പ്രചാരണം മികച്ച രീതിയില്‍ മുന്നോട്ടു പോവുന്നതായും വാര്‍ത്താ ഭാരതിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ദക്ഷിണ കന്നഡയില്‍ ജനങ്ങളുടെ പ്രതികരണം പ്രതീക്ഷ നല്‍കുന്നു: എസ്ഡിപിഐ സ്ഥാനാര്‍ഥി
X

മംഗളൂരു: ദക്ഷിണ കന്നഡയില്‍ യുവാക്കള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം പ്രതീക്ഷാ നിര്‍ഭരമെന്ന് മണ്ഡലത്തിലെ എസ്ഡപിഐ സ്ഥാനാര്‍ഥി ഇല്യാസ് മുഹമ്മദ് തുംബെ. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പാര്‍ട്ടിയുടെ പ്രചാരണം മികച്ച രീതിയില്‍ മുന്നോട്ടു പോവുന്നതായും വാര്‍ത്താ ഭാരതിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ബിജെപി കോട്ടയിലെ മല്‍സരം

കഴിഞ്ഞ 23 കൊല്ലമായി എസ്ഡിപിഐ ഇവിടെ മല്‍സര രംഗത്തില്ലായിരുന്നുവെന്ന് എസ്ഡിപിഐയുടെ മല്‍സരം ബിജെപിക്ക് സഹായകമാവില്ലേ എന്ന ചോദ്യത്തോട് പ്രതികരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മല്‍സര രംഗത്തില്ലാതിരുന്നിട്ടും ദക്ഷിണ കന്നഡയില്‍പ്പെട്ട എട്ടില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. മതേതര പാര്‍ട്ടിയുടെ മുഖം മൂടി മാത്രമുള്ള കോണ്‍ഗ്രസിന് ബിജെപിയെ നേരിടാനുള്ള കരുത്ത് ഇല്ലാത്തതാണ് ഇതിന് കാരണം. സംസ്ഥാനത്തെ മറ്റ് 27 മണ്ഡലങ്ങളിലും വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായി എസ്ഡിപിഐ മല്‍സര രംഗത്തില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലിംകളെ അവഗണിച്ചു

കോണ്‍ഗ്രസ് ഇത്തവണ ദക്ഷിണ കന്നഡയില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇവിടെ മുസ്‌ലിം സ്ഥാനാര്‍ഥിയെയോ അല്ലെങ്കില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെയോ നിര്‍ത്തിയിരുന്നെങ്കില്‍ എസ്ഡിപിഐ പിന്തുണക്കുമായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനകത്ത് ചര്‍ച്ച നടന്നിരുന്നു. എന്നാല്‍, അതിനൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെയാണ് ഞങ്ങള്‍ മല്‍സര രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസും ബിജെപിയും പരാജയം

ബിജെപിയുടെ നളിന്‍ കുമാര്‍ കാട്ടീലാണ് കഴിഞ്ഞ രണ്ടു തവണയും മണ്ഡലത്തില്‍ വിജയിച്ചത്. എന്നാല്‍, ജില്ലയ്ക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിഥുന്‍ റായ്. പാര്‍ട്ടി സമ്മേളനത്തിനിടെ സ്വന്തം പാര്‍ട്ടിക്കാരുമായി തന്നെ അടിപിടിയില്‍ ഏര്‍പ്പെട്ട ചരിത്രമുള്ളയാണ് അദ്ദേഹം. ഇതുവരെ ഏതെങ്കിലും സമരങ്ങളില്‍ പങ്കെടുത്തിട്ടില്ല. രാഷ്ട്രീയ പരിചയവുമില്ല. മിഥുന്‍ റായിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട്.

എസ്ഡിപിഐ യതാര്‍ത്ഥ ബദല്‍



ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായ വികാരം മണ്ഡലത്തില്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ ബദലായി എസ്ഡിപിഐ ഉയര്‍ന്നുവരും. 2014ല്‍ ദക്ഷിണ കന്നഡയില്‍ മല്‍സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥി 27,254 വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍, ഇത്തവണ ചിത്രം വ്യത്യസ്തമാണ്. എല്ലായിടത്തും എസ്ഡിപിഐയെക്കുറിച്ചാണ് സംസാരം. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്ഡിപിഐയില്‍ ചേരുകയും ഞങ്ങളുടെ കാംപയ്‌നില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നതായി ഇല്യാസ് മുഹമ്മദ് തുംബെ പറഞ്ഞു.

എസ്ഡിപിഐ ഒരു മുസ്ലിം പാര്‍ട്ടിയല്ല

എസ്ഡിപിഐ ഒരു മുസ്ലിം പാര്‍ട്ടിയല്ല. ദലിതുകളും ക്രിസ്ത്യാനികളും ഉള്‍പ്പടെയുള്ള ജനവിഭാഗങ്ങള്‍ പാര്‍ട്ടിയിലുണ്ട്. കോണ്‍ഗ്രസ് മുസ്ലിംകളെ വെറും വോട്ട് ബാങ്കായി മാത്രമാണ് പരിഗണിക്കുന്നത്. ദക്ഷിണ കന്നഡ, ബിദാര്‍, ഹാവേരി, റായ്ച്ചൂര്‍, ബിജാപൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഗണ്യമായ മുസ്ലിം സാന്നിധ്യമുണ്ടായിട്ടും 28 മണ്ഡലങ്ങളില്‍ ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് മുസ്ലിംകള്‍ക്ക് സീറ്റ് നല്‍കിയതെന്നും ഇല്യാസ് മുഹമ്മദ് തുംബെ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it