Sub Lead

മോദി സര്‍ക്കാരിന്റെ പാര്‍ലമെന്റിലെ ഏറ്റുപറച്ചില്‍ ഇഡി കേസുകളുടെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവന്നു:അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ്

മോദി സര്‍ക്കാരിന്റെ പാര്‍ലമെന്റിലെ ഏറ്റുപറച്ചില്‍ ഇഡി കേസുകളുടെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവന്നു:അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ്
X

ന്യൂഡല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത 193 കേസുകളില്‍ വെറും രണ്ട് കേസുകള്‍ മാത്രമാണ് ശിക്ഷയില്‍ കലാശിച്ചതെന്ന പാര്‍ലമെന്റിലെ സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍, മോദി ഭരണകാലത്ത് ഈ ഏജന്‍സിയെ ദുരുപയോഗം ചെയ്തതിന്റെ കൃത്യമായ തെളിവാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ്.

ഒരു ശതമാനം പോലും തികയാത്ത ഈ വിചിത്രമായ ശിക്ഷാ നിരക്ക് ഇഡിയുടെ യഥാര്‍ത്ഥ സ്ഥിതിയിലേക്ക് വിരല്‍ചൂണ്ടുന്നു. അത് ഒരു സ്വതന്ത്രമായ നിയമപാലന ഏജന്‍സിയെന്നതിനേക്കാള്‍ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്താനും ഭീഷണിപ്പെടുത്താനും കരിനിയമങ്ങളില്‍ കുടുക്കാനുമുളള ഒരു ആയുധമായി മാറിയിരിക്കുന്നു.നീതിയുടെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ട ഏജന്‍സിയായ ഇഡി, ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ ലക്ഷ്യമിടുന്നതിനായി പ്രയോഗിക്കപ്പെടുകയാണ്. 2019ന് ശേഷം കേസുകളിലുണ്ടായ വന്‍ വര്‍ധനവ് അന്വേഷണ ഏജന്‍സികളെ ജനങ്ങളുടെ താല്‍പ്പര്യത്തിനല്ല, മറിച്ച് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ താല്‍പ്പര്യത്തിനായി ഉപയോഗിക്കുന്നതിന്റെ തെളിവാണ്.

സുപ്രിംകോടതിയും ഇഡിയുടെ അപ്രാപ്തിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനുള്ളില്‍ ആകെ രജിസ്റ്റര്‍ ചെയ്ത 5,000ലധികം കേസുകളില്‍ വെറും 40 കേസുകളിലേ ശിക്ഷ നല്‍കാനായിട്ടുള്ളൂവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ കണക്ക് വ്യക്തമാക്കുന്നത്, അധികാരമോ രാഷ്ട്രീയ ഉദ്ദേശപ്രാപ്തിയോ കൊണ്ട് തീര്‍ത്തിരിയ്ക്കുന്ന കേസുകളുടെ എണ്ണം ഭൂരിപക്ഷമാണെന്നും അവ നീതിയ്ക്കുപകരം പ്രതിച്ഛായ കെടുത്താനുള്ള ഉപകരണങ്ങളായി ഉപയോഗിക്കപ്പെടുകയാണെന്നും ആണ്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് തന്നെ വ്യക്തമാക്കുന്നത് ഇഡി കേസുകളുടെ ഭൂരിഭാഗവും കെട്ടിച്ചമച്ചതാണെന്നും, അവയുടെ ലക്ഷ്യം നീതിയല്ല, മറിച്ച് ഒരു പാര്‍ട്ടിയുടെ രാഷ്ട്രീയ താല്‍പ്പര്യമാണ് എന്നുമാണ്.

ഈ രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി അറസ്റ്റ്. ഈ അറസ്റ്റിന് നിയമപരമായ അടിസ്ഥാനമൊന്നുമില്ല; മറിച്ച്, ബിജെപിയുടെ അധികാര ധിക്കാരത്തിനെതിരെ ശക്തമായി നിലകൊള്ളുന്നവരെ അടിച്ചമര്‍ത്താനുള്ള ഒരു നീക്കമാണിത്. സാമ്പത്തിക കുറ്റവാളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഇഡി, പകരം പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെയും പാര്‍ട്ടികളെയും പാര്‍ശ്വല്‍കൂത സമുദായങ്ങള്‍ക്കു വേണ്ടി നിലകൊളളുന്ന സംഘടനകളെയും വേട്ടയാടാനുള്ള ആയുധമായി ഉപയോഗിക്കപ്പെടുകയാണ്.

മോദി ഭരണകൂടം ഇഡിയെ സുതാര്യമില്ലാത്ത രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെ ഉപകരണമാക്കി മാറ്റിയിരിക്കുന്നു. ജനാധിപത്യത്തിലെ എതിര്‍ ശബ്ദങ്ങളെയും ജനാധിപത്യ മുന്നേറ്റങ്ങളെയും ഇല്ലാതാക്കാനും നേതാക്കളെ വ്യാജകേസുകള്‍ വഴി അടിച്ചമര്‍ത്താനും ഏജന്‍സി ഉപയോഗിക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന സുതാര്യത കാത്തുസൂക്ഷിക്കേണ്ട അന്വേഷണ ഏജന്‍സികള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ യന്ത്രം പോലെ പ്രവര്‍ത്തിക്കരുത്.

ഇഡി രജിസ്റ്റര്‍ ചെയ്ത എല്ലാ രാഷ്ട്രീയ ബന്ധമുളള കേസുകളും പുനപരിശോധിക്കണമെന്നും അതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ ആവശ്യപ്പെടുന്നു. തുടര്‍ന്നും അധികാര ദുരുപയോഗം തടയുന്നതിനായി ശക്തമായ ജുഡീഷ്യല്‍ മേല്‍നോട്ടം ഏര്‍പ്പെടുത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കു മുകളില്‍ നീതിക്ക് പ്രാധാന്യം നല്‍കുന്ന സംവിധാനം ഇന്ത്യന്‍ ജനത അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇഡി രജിസ്റ്റര്‍ ചെയ്തത് 193 കേസാണെന്നും ഇതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസില്‍ മാത്രമാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റിനെ അറിയിച്ചത്. ഇഡി കേസുകളുമായി ബന്ധപ്പെട്ട് എഎ റഹീം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ധനമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കിയത്.

2019-24 കാലയളവില്‍ ഇഡി കേസുകളില്‍ വന്‍ വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍ പറയുന്നത്. 2022-23 കാലയളവിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 32 കേസുകളാണ് അന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2016-17 കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും 2019-20 കാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മറ്റൊരു കേസിലും മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. സമീപ വര്‍ഷങ്ങളില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് എതിരായ ഇഡി കേസുകളില്‍ വര്‍ധന ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ മാനദണ്ഡമെന്താണ് എന്ന എംപിയുടെ ചോദ്യത്തിന് അത്തരം വിവരങ്ങള്‍ ലഭ്യമല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.

Next Story

RELATED STORIES

Share it