Sub Lead

സുബൈര്‍ വധം: സന്ദീപ് വാര്യരുടെ വെളപ്പെടുത്തല്‍ ഗുരുതരം; മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

സുബൈര്‍ വധക്കേസില്‍ ഒമ്പതു പേരെ മാത്രം പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പിറ്റേന്ന് നടന്ന കൊലപാതകത്തില്‍ 71 പേരെ പ്രതിചേര്‍ക്കുന്നതിലും കൊലപാതകത്തില്‍ യുഎപിഎ ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരളത്തിലെ ആഭ്യന്തരവകുപ്പും കേന്ദ്ര ആഭ്യന്തര വകുപ്പും സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്.

സുബൈര്‍ വധം: സന്ദീപ് വാര്യരുടെ വെളപ്പെടുത്തല്‍ ഗുരുതരം; മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

തിരുവനന്തപുരം: പാലക്കാട് സുബൈര്‍ വധക്കേസില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യരുടെ പ്രസ്താവനയിലൂടെ പുറത്തു വന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കൊലപാതകം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ബിജെപി നേതാക്കളെ ഒളിവില്‍ പാര്‍പ്പിച്ചു എന്നതടക്കമുള്ള വെളിപ്പെടുത്തല്‍ വളരെ ഗൗരവമുള്ളതാണ്. തുടരന്വേഷണം മൂന്നു പേരിലേക്ക് ചുരുക്കാനും ഗൂഢാലോചന ഇല്ല എന്ന നിലപാട് സ്വീകരിക്കാനുമാണ് സിപിഎമ്മും പോലീസും ബിജെപിയും ഐക്യപ്പെട്ടത്.

സുബൈര്‍ വധക്കേസില്‍ ഒമ്പതു പേരെ മാത്രം പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പിറ്റേന്ന് നടന്ന കൊലപാതകത്തില്‍ 71 പേരെ പ്രതിചേര്‍ക്കുന്നതിലും കൊലപാതകത്തില്‍ യുഎപിഎ ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരളത്തിലെ ആഭ്യന്തരവകുപ്പും കേന്ദ്ര ആഭ്യന്തര വകുപ്പും സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. ആലപ്പുഴയില്‍ ഷാന്‍ വധക്കേസിലും ഇത്തരം ഗൂഢാലോചനയും വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യവും ചര്‍ച്ചയായതായിരുന്നു.

കരുവന്നൂര്‍, എക്‌സാലോജിക്, സ്പ്രിംഗ്ലര്‍, ലാവലിന്‍, സ്വര്‍ണകടത്ത് തുടങ്ങിയ അഴിമതി കേസുകളില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ചില താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തി കൊണ്ടുള്ള ഒത്തുതീര്‍പ്പാണ് സിപിഎമ്മും ബിജെപിയും തമ്മില്‍ നടത്തിയിട്ടുള്ളത്. എഡിജിപി അജിത്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതും അതിന് ശേഷം ആക്ഷേപം ഉയര്‍ന്നിട്ടും അദ്ദേഹത്തിന് എതിരെ കടുത്ത നടപടികള്‍ ഉണ്ടാകാതിരുന്നതും ഇത്തരം ചില ധാരണയുടെ അടിസ്ഥാനത്തില്‍ തന്നെയാണ്.

മതനിരപേക്ഷ കേരളത്തെ സംഘപരിവാറിന്റെ കലാപ രാഷ്ട്രീയത്തിന് വിധേയമാക്കുന്നതിലും സൗഹൃദം തകര്‍ത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന് വളക്കൂറ് ഒരുക്കുന്നതിലും ഇത്തരം ഡീലുകള്‍ സഹായകരമാകുന്നുണ്ട്. സിപിഎം ഏറ്റെടുത്തിട്ടുള്ള ഹിന്ദുത്വ സാംസ്‌കാരികത മുഖമുദ്രയാക്കിക്കൊണ്ടുള്ള അതിന്റെ പ്രചാരണവും നിലപാടുകളും മുസ്‌ലിം ന്യൂനപക്ഷം ഉള്‍പ്പെടെയുള്ളവരെ മതനിരപേക്ഷതയുടെ അപരന്മാര്‍ ആക്കി ചിത്രീകരിച്ചുകൊണ്ടുള്ള സമീപനങ്ങളും ഇതിന്റെ തുടര്‍ച്ചയാണ്. അതിന്റെ സൈദ്ധാന്തിക തലമാണ് പി ജയരാജന്റെ പുസ്തകത്തിലൂടെ രൂപപ്പെടുത്തിയിട്ടുള്ളത്. ആര്‍എസ്എസുകാനെ പോലെ തന്നെ മുസ്‌ലിം വിരുദ്ധത നെഞ്ചിലേറ്റി വളരുന്ന പാര്‍ടി കേഡര്‍മാരെയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

സിപിഎം വളര്‍ത്തിയ ഇത്തരം സാംസ്‌കാരികവല്‍ക്കരണവും ന്യൂനപക്ഷ വിരുദ്ധതയും മൂലമാണ് ത്രിപുരയില്‍ പാര്‍ട്ടി ഓഫീസുകള്‍ ഉള്‍പ്പെടെ ബിജെപിക്ക് കൊടുക്കേണ്ടി വന്നത്.

ഇത്തരം വെളിപ്പെടുത്തലുകളെ ഗൗരവത്തോടെ കാണുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. എത്ര ഡീലുണ്ടെങ്കിലും ഫാഷിസത്തെ ജനാധിപത്യ ശക്തി കൊണ്ട് പ്രതിരോധിക്കാന്‍ പ്രാപ്തമായ കേരളീയ സംസ്‌കൃതിയുടെ പാരമ്പര്യത്തെ നാം കാത്തുസൂക്ഷിക്കേണ്ടതുമുണ്ടെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it