Sub Lead

റബ്ബര്‍ കര്‍ഷകരെ രക്ഷിക്കുക: കലക്ടറേറ്റുകളിലേക്ക് മാര്‍ച്ചും മധ്യമേഖലാ വാഹന ജാഥയും നടത്തും- അജ്മല്‍ ഇസ്മായീല്‍

റബ്ബര്‍ കര്‍ഷകരെ രക്ഷിക്കുക:  കലക്ടറേറ്റുകളിലേക്ക് മാര്‍ച്ചും മധ്യമേഖലാ വാഹന ജാഥയും നടത്തും- അജ്മല്‍ ഇസ്മായീല്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ലക്ഷത്തോളം ചെറുകിട റബ്ബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. ഇതിന്റെ ഭാഗമായി കലക്ടറേറ്റുകളിലേക്ക് മാര്‍ച്ചും മധ്യമേഖലാ വാഹന ജാഥയും നടത്തും.

റബ്ബറിന്റെ വിലയിടിവ് അഞ്ചേക്കര്‍ വരെയുള്ള ചെറുകിട റബ്ബര്‍ കര്‍ഷകരെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. വരവും ചെലവും ഏകദേശം തുല്യമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. പല കുടുംബങ്ങളും നിത്യ ചെലവിന് കടമെടുക്കേണ്ട അവസ്ഥയിലായിരിക്കുന്നു. റബ്ബറിന് 250 രൂപയായി തറ വില നിശ്ചയിക്കുമെന്ന് പ്രകടനപത്രിയില്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ കര്‍ഷക ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്. കര്‍ഷകരുടെ നട്ടെല്ലൊടിച്ച് റബ്ബറിന് വില താഴുമ്പോഴും ടയര്‍ ഉള്‍പ്പെടെയുള്ള റബ്ബര്‍ ഉല്‍പ്പന്നങ്ങളുടെ വില അമിതമായി വര്‍ധിക്കുകയാണ്. കോര്‍പ്പറേറ്റ് മൂലധന കമ്പനികളുമായി നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണ് ഇപ്പോഴത്തെ വിലയിടിവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഏലം, കാപ്പി, കുരുമുളക് എന്നിവയുടെയും വില തകര്‍ന്നിരിക്കുകയാണ്. ഒരു വശത്ത് വിലയിടിവും മറുവശത്ത് പ്രകൃതി ക്ഷോഭങ്ങളും മൂലം കേരളത്തിലെ കര്‍ഷകര്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയിലാണ്. ഭൂരിഭാഗം കര്‍ഷകരും ബാങ്ക് വായ്പയുള്‍പ്പെടെ കടമെടുത്താണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. പലരും ജപ്തി ഭീഷണിയിലാണ്. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അജ്മല്‍ ഇസ്മായീല്‍ പ്രസ്താവിച്ചു.

Next Story

RELATED STORIES

Share it