Sub Lead

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം ഉറപ്പാക്കി എസ്ഡിപിഐ സന്നദ്ധസേന; തമിഴ്‌നാട്ടില്‍ മാത്രം ഇതുവരെ സംസ്‌ക്കരിച്ചത് 32 മൃതദേഹങ്ങള്‍

ഏപ്രില്‍ 4ന് തപാല്‍ വകുപ്പില്‍നിന്നു വിരമിച്ച 64 കാരന്‍ കൊവിഡ് മൂലം മരിച്ചതോടെയാണ് എസ്ഡിപിഐ സംഘം സംസ്ഥാനത്ത് ആദ്യമായി സംസ്‌കാരച്ചടങ്ങുകള്‍ക്ക് തുടക്കമിടുന്നത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം ഉറപ്പാക്കി എസ്ഡിപിഐ സന്നദ്ധസേന; തമിഴ്‌നാട്ടില്‍ മാത്രം ഇതുവരെ സംസ്‌ക്കരിച്ചത് 32 മൃതദേഹങ്ങള്‍
X

ചെന്നൈ: കൊവിഡ് 19 വൈറസ് ബാധയേറ്റ് കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊളത്തൂരില്‍ നിന്നുള്ള 58 കാരിയായ വീട്ടമ്മ അന്ത്യശ്വാസം വലിച്ചത്. വൈറസ് ഭീതിമൂലം സ്വന്തം മകന്‍ പോലും ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മടിച്ച് നിന്നപ്പോള്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യിലെ ഒരു സംഘം സന്നദ്ധ പ്രവര്‍ത്തകരാണ് സധൈര്യം മുന്നോട്ട് വന്ന് അന്ത്യകര്‍മങ്ങള്‍ നടത്തിയത്.

ഇത് കൊളത്തൂരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ചെന്നൈയിലും തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിലുമായി കൊവിഡ് മൂലം മരിച്ച 32 പേരെയാണ് ഇതുവരെ എസ്ഡിപിഐ സന്നദ്ധ സേന അവരവരുടെ മതാചാര പ്രകാരം സംസ്‌കരിച്ചതെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എ കെ അബ്ദുള്‍ കരീം പറഞ്ഞു.

ഏപ്രില്‍ 4ന് തപാല്‍ വകുപ്പില്‍നിന്നു വിരമിച്ച 64 കാരന്‍ കൊവിഡ് മൂലം മരിച്ചതോടെയാണ് എസ്ഡിപിഐ സംഘം സംസ്ഥാനത്ത് ആദ്യമായി സംസ്‌കാരച്ചടങ്ങുകള്‍ക്ക് തുടക്കമിടുന്നത്. ഭാര്യ, വൃദ്ധയായ മാതാവ്, മകന്‍ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ ഈ സമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയായാരുന്നു. മുഴുവന്‍ പേര്‍ക്കും നെഗറ്റീവ് ആയിരുന്നെങ്കിലും സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരം 10 ദിവസത്തേക്ക് ആശുപത്രിക്ക് പുറത്ത് കടക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അതിനാല്‍ 64 വയസുകാരന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

തുടര്‍ന്നാണ് അത്തരം നിസ്സഹായ സാഹചര്യങ്ങളില്‍ പെടുന്നവരുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സംഘടനയുടെ നോര്‍ത്ത് ചെന്നൈ പ്രസിഡന്റ് മുഹമ്മദ് റഷീദ് ഒരു സന്നദ്ധ സേനയ്ക്ക് രൂപം നല്‍കുന്നത്. താമസിയാതെ, സംസ്‌കാര പ്രക്രിയയുടെ ഭാഗമാകാന്‍ മടിക്കുന്ന കുടുംബങ്ങളില്‍ നിന്ന് അവര്‍ക്ക് നിരന്തരം വിളികളെത്തിത്തുടങ്ങി. കൊവിഡ് മരിച്ചവരിലൂടെ പടരില്ലെന്ന് സര്‍ക്കാരും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സമൂഹം ഇപ്പോഴും ഭയപ്പാടിലാണ്. മരിച്ചയാള്‍ വിവിധ മതവിഭാഗത്തില്‍പ്പെട്ടവരാണെന്നും അവരുടെ വിശ്വാസമനുസരിച്ചാണ് സംസ്‌കരിച്ചതെന്നും മറ്റൊരു സന്നദ്ധപ്രവര്‍ത്തകനായ തന്‍വീര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it